സ്വതന്ത്ര ചിന്തകയായ ജാമിത ടീച്ചർക്കെതിരായ വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാളെ (സെപ്റ്റംബർ 7 ചൊവ്വാഴ്ച) കേരള യുക്തിവാദി സംഘത്തിൻറെ നേതൃത്വത്തതിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തും. ധർണ്ണയ്ക്കു ശേഷം വധഭീഷണിയുറെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതിനൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ധർണ്ണാസമരം നടക്കുകയെന്ന് കേരള യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാകമ്മറ്റി അറിയിച്ചു.
സ്വതന്ത്ര ചിന്തകയായ ജാമിത ടീച്ചറിനെതിരെ ഐ.എസ്.വധഭീഷണിയുണ്ടെന്ന വാർത്ത അത്യന്തം ഭയപ്പെടുത്തുന്നതാണ്. കേരള മണ്ണിൽ യാതൊരു തീവ്രവാദത്തെയും അനുവദിക്കില്ലെന്നു പ്രഖ്യാപിക്കാൻ മുഴുവൻ ജനാധിപത്യവാദികളും തയ്യാറാക്കണമെന്നും കേരളത്തിൽ മതതീവ്രവാദം അനുവദിക്കരുതെന്നും കേരള യുക്തിവാദിസംഘം ആവശ്യപ്പട്ടു.
കേരളത്തിലും മത തീവ്രവാദം വളർത്തുന്നതിന് ചില സംഘടനകളും മാദ്ധ്യമങ്ങളും ഉറ്റു ശ്രമിക്കുകയാണ് എന്നതിന്റെ തെളിവാണ് താലിബാനു ലഭിക്കുന്ന സ്വീകാര്യത. സംഘപരിവാർ ഫാസിസത്തെ നേരിടാൻ താലിബാനിസത്തിനു കഴിയുകയില്ല എന്നു സ്വയം തിരിച്ചറിയാൻ സാധിക്കാത്തതിനോളം കലാപങ്ങൾക്കു വഴിമരുന്നിടാനേ കഴിയു. മതത്തിൽ വിശ്വസിക്കാനും പ്രചരിപിക്കാനുമുളള അവകാശം പൊതു സമാധാനത്തിനും ധാർമ്മികതയ്ക്കും വിധേയമാണ്. തന്റേതു മാത്രമാണ് ശരിയായമതമെന്ന തരത്തിലുള്ള മിഷനറി പ്രവർത്തനങ്ങളാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മതം സ്വകാര്യ പ്രശ്നമാകാതെ പൊതു ഇടങ്ങൾ കൈയ്യടക്കാൻ ശ്രമിക്കുന്നത് ഫാസിസത്തിലേക്കു തന്നെയാണ് നയിക്കുക. ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും വിധേയമല്ലാത്ത ഒരു മത പ്രചാരണവും അനുവദിച്ചു കൂട.
താലിബാൻ ഒരു രാഷ്ട്രത്തെ ഇല്ലാതാക്കുകയും സ്വന്തം ജനങ്ങൾക്കെതിരെ പടനയിക്കുകയും ചെയ്യുന്നതു കണ്ടിട്ടും മതാധിഷ്ഠിത രാഷ്ട്രീയത്തിന് മുദ്രാവാക്യം വിളിക്കുന്നതിനെ അംഗീകരിക്കാനാവില്ല. സംഘ പരിവാര തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന ഇത്തരം നടപടികളെ തള്ളിക്കളഞ്ഞേ മതിയാവൂ എന്ന് കേരളാ യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എൻ. അനിൽകുമാർ, ജനറൽ സെക്രറ്ററി അഡ്വ രാജഗോപാൽ വാകത്താനം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇസ്ലാമിസ്റ്റുകളുടെ കടുത്ത വിമർശകരായ കേരളത്തിലെ യുക്തിവാദികളെ വധിക്കാൻ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പോലീസിന് നേരത്തെ രഹസ്യ വിവരം നൽകിയിരുന്നു. യുക്തിവാദികൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ഇവരുടെ സുരക്ഷ വർധിപ്പിക്കണമെന്നുമാണ് കേന്ദ്ര ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ്.
ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ജാമിത ടീച്ചർ ഇന്ത്യയിൽ ആദ്യമായി വെളളിയാഴ്ചയിലെ ജുമാ നമസ്കാരത്തിന് നേതൃത്വം നൽകിയ വനിതയാണ്. ഇത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. പിന്നീട് ജാമിത ടീച്ചർ ഇസ്ലാം മതം ഉപേക്ഷിക്കുകയും യുക്തിവാദത്തിലേക്ക് തിരിയുകയുമായിരുന്നു. ഇതിനു പിന്നാലെ തീവ്രവാദികൾ ഭീഷണിയുമായി രംഗത്ത് എത്തിയിരുന്നു.ഭീകരമായ സൈബർ അറ്റാക്കാണ് ജാമിതടീച്ചർക്ക് നേരെ മതഭ്രാന്തന്മാർ നടത്തിക്കൊണ്ടിരിക്കുന്നത്.
ജാമിത ടീച്ചർക്ക് പുറമെ മത വിമർശകരായ ഇ എ ജബ്ബാർ, ജസ്ലാ മാടശ്ശേരി, ഡോ. ആരിഫ് ഹുസൈൻ എന്നിവരും ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിലുണ്ട്. ഈ ലിസ്റ്റിൽ ആദ്യത്തെ ആളാണ് ജാമിത ടീച്ചർ.


