Fri. Nov 13th, 2026

✍️ സുരേഷ്. സി ആർ

മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾക്കു പുതിയ മാനവും തേജസ്സും പകർന്ന അഭിനയ പ്രതിഭയായിരുന്നു ചേർത്തല സ്വദേശിയായ രാജൻ.പി.ദേവ് (1954 – 2009). നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ രാജൻ.പി.ദേവിന്റെ ആദ്യ ചിത്രം 1981-ൽ ബോബൻ കുഞ്ചാക്കോയുടെ ‘സഞ്ചാരി’ യാണ്. എസ്.എൽ പുരം സദാനന്ദൻ രചനയും സംവിധാനവും ചെയ്ത ‘കാട്ടുകുതിര’ എന്ന നാടകത്തിൽ കൊച്ചുവാവയെ അനശ്വരമാക്കിയത് കലാജീവിതത്തിൽ വഴിതിരിവായി.

തമ്പി കണ്ണന്താനത്തിന്റെ മോഹൻലാൽ ചിത്രമായ ‘ഇന്ദ്രജാല’ത്തിലെ കാർലോസ് എന്ന പ്രതിനായക വേഷം ചലച്ചിത്രലോകത്ത് ശ്രദ്ധേയനാക്കി. പ്രതിനായക വേഷങ്ങൾക്കൊപ്പം തന്നെ സ്വാഭാവിക – ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലും തിളങ്ങി. കഥാപാത്രങ്ങൾക്കനുസരിച്ചുള്ള അദേഹത്തിന്റെ വേറിട്ട സംഭാഷണശൈലി പ്രത്യേകത നിറഞ്ഞതാണ്.

1984 ലും ’86 ലും മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അനിയൻബാവ ചേട്ടൻബാവ, സ്ഫടികം, അഴകിയ രാവണൻ, രാക്ഷസരാജാവ്, തൊമ്മനും മക്കളും, പാണ്ടിപ്പട, ദ ടൈഗർ, ഛോട്ടാ മുംബൈ, വജ്രം, ഊമപ്പെണ്ണിന് ഉരിയാടപയ്യൻ തുടങ്ങി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

അച്ചാമകുട്ടിയുടെ അച്ചായൻ, അച്ചന്റെ കൊച്ചുമോൾക്ക് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യകാലത്ത് ഉദയാ സ്റ്റുഡിയോയിൽ ഫിലിം റപ്രസന്റേറ്റീവായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ചേർത്തലയിൽ ‘ജൂബിലി തിയേറ്റേഴ്സ്’ എന്ന നാടകട്രൂപ്പുണ്ട്.