Tue. Mar 19th, 2024

✍️ സുരേഷ്. സി.ആർ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ പ്രവ­ർ­ത്തനം കൊണ്ടും പാണ്ഡിത്യം കൊണ്ടും സവി­ശേഷ സ്ഥാനമുള്ള നേതാവായിരുന്നു എൻ ഇ ബാലറാം (1919 – 1994) ഇന്ത്യയുടെ വ്യത്യസ്തമാർന്ന സംസ്കാരങ്ങളും വിശ്വാസങ്ങളുമെല്ലാം നമ്മുടെ സമൂഹത്തിൽ രൂപപ്പെട്ടതും വികസിച്ചതുമെല്ലാം പഠന വിഷയമാക്കിക്കൊണ്ട് ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറ നാനാത്വത്തിൽ ഏകത്വമാണെന്ന് ശാസ്ത്രീയമായി അവതരിപ്പിക്കുകയും ഇന്ത്യക്ക് അഗാധമായ ഭൗതിക പാരമ്പര്യം കൂടി കൈമുതലായുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്നു. അദ്ദേഹം.

കണ്ണൂർ ജില്ലയിലെ​പിണറായിയിൽ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്കൃതവും വേദാന്തവും സ്വായത്തമാക്കി. വാഗ്ഭടാനന്ദന്റെ ശിഷ്യ ആയിരുന്ന മുത്തശ്ശി ശ്രീദേവി ആയിരുന്നു ഗുരു. സംസ്കൃതം കൂടുതൽ പഠിക്കാനായി കൽക്കട്ടയിലെ ശ്രീകൃഷ്ണാശ്രമത്തിൽ ചേർന്നു. നാട്ടിൽ തിരിച്ചെത്തി പേരാവൂർ യു.പി. സ്കൂളിലെ അധ്യാപകനായി.

1934-ൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും ചേർന്നു. 1939-ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കു മാറിയ പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. കർഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരത്തിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

1957 ലെ പൊതു തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും ഒന്നാം കേരള നിയമസഭയിലെത്തി.1960-ലും 1970-ലും നിയമസഭയിൽ എത്തി. അച്യുതമേനോൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു.

1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ യിൽ ഉറച്ചു നിന്നു. 1972 മുതൽ 1984 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. 1985-94 വരെ രാജ്യസഭാംഗമായിരുന്നു. സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഇന്ത്യയുടെ പിറവി, ധനശാസ്ത്ര ശില്പികൾ, മൂന്ന് ഇന്റർ നാഷണലുകളുടെ ചരിത്രം, ഇടതുപക്ഷ കമ്മ്യൂണിസം, ആധുനിക മുതലാളിത്തം, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം, ഭാരതീയ സാംസ്കാരിക പാരമ്പര്യം, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.