Tue. Mar 19th, 2024

മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും യുക്തിവാദിയും ആദർശധീരനുമായ രാഷ്ട്രീയനേതാവ്‌ സി.കേശവൻറെ യുക്തിവാദിയായ മകൻ, ഉജ്ജ്വല വാഗ്മി, ബുദ്ധികൂർമയുള്ള ഊർജസ്വലനായ പാർലമെന്റേറിയൻ, സരസനായ സാഹിത്യകാരൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള വ്യക്തിയാണ് കെ.ബാലകൃഷ്ണൻ (1924 – 1984).

മലയാള പത്രപ്രവർത്തനരംഗത്ത് പൊതുവേയും വാരികാശാഖയിൽ പ്രത്യേകിച്ചും പുതിയൊരു വഴിത്തിരിവായ ‘കൗമുദി’ വാരിക 1949 ൽ പ്രസിദ്ധീകരിച്ചു. സത്യം തുറന്നു പറഞ്ഞ് സ്വതന്ത്രരാകാൻ തന്റെ തലമുറയോട് ഈ പത്രാധിപർ ആവശ്യപ്പെട്ടു. അങ്ങനെ കാലം ആവശ്യപ്പെടുന്നത് ചെയ്യാനുള്ള വേദിയായി കൗമുദിയെ മാറ്റി. യഥാർത്ഥ പത്രധർമ്മം നിറവേറ്റാൻ അദ്ദേഹം തയ്യാറായി. കെ.ബാലകൃഷ്ണൻ എഴുതിയ മുഖപ്രസംഗങ്ങൾ കൗമുദിയുടെ മൂല്യവും അന്തസും ഉയർത്തി. കൗമുദിക്കുറിപ്പുകൾ എന്ന ശീർഷകത്തിൽ എഴുതിയ മുഖപ്രസംഗങ്ങൾ അന്ന് ചിന്തിക്കുന്നവരെയെല്ലാം വശീകരിച്ചു. പലതും രാഷ്ടീയവേദികളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചു.


ഗൗരവമേറിയ ഒരു സിനിമ ഇറങ്ങിയാൽ നാടകം ഉണ്ടായാൽ അതിനെക്കുറിച്ച് കെ.ബാലകൃഷ്ണൻ എന്തു പറയുന്നു, കൗമുദി എന്തു പറയുന്നു എന്ന് ആസ്വാദകൻ അന്വേഷിക്കുമായിരുന്നു. ആരേയും പ്രീതിപ്പെടുത്താതെ വെട്ടിത്തുറന്നുള്ള നിഷ്പക്ഷമായ അഭിപ്രായങ്ങൾക്ക് വലിയ അഗീകാരവും ആദരവുമാണ് ലഭിച്ചത്. എഴുതിത്തുടങ്ങുന്ന പുതിയ പ്രതിഭകളെ പത്രാധിപർ പ്രത്യേകം ശ്രദ്ധിക്കുകയും വലിയ പ്രോത്സാഹനം കൊടുക്കുകയും ചെയ്തു. കേസരിയും കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരിയും അഴീക്കൊടും ബഷീറും ദേവും തകഴിയും ലളിതാംബിക അന്തർജനവും എം.ടിയും ജീയും വയലാറും ഒ.എൻ.വി യും പട്ടത്തവിളയും കെ.പി അപ്പനും തുടങ്ങി മലയാളത്തിലെ എഴുത്തുകാരെല്ലാം കൗമുദിക്കുവേണ്ടി എഴുതി.

കൗമുദി തുടക്കം മുതൽ തന്നെ പുറത്തിറക്കിയ ഓണം വിശേഷാൽ പതിപ്പുകൾ വലിയ ശ്രദ്ധ നേടി. എഴുത്തുകാരോട് യാതൊരു വിവേചനവും ഈ പത്രാധിപർ കാട്ടിയില്ല. ചൂടപ്പംപോലെ വിറ്റഴിഞ്ഞ 1964 ലെ ഓണം വിശേഷാൽ പതിപ്പിന് രണ്ടാം പതിപ്പ് പോലും ഇറക്കേണ്ടി വന്നു. ആരേയും പ്രീതിപ്പെടുത്താതെ വെട്ടിത്തുറന്നുള്ള നിഷ്പക്ഷമായ അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾക്ക് വലിയ അഗീകാരവും ആദരവുമാണ് ലഭിച്ചത്.

മലയാളത്തിൽ ‘പത്രാധിപരോടു ചോദിക്കുക’ എന്ന പംക്തിക്ക് തുടക്കമിട്ടത് ബാലകൃഷ്ണനാണ്. ആ പംക്തിയിൽ നിറഞ്ഞു നിന്ന രാഷ്ട്രീയപ്രവർത്തകനും ചിന്തകനും ധിക്കാരിയും ഏകാകിയും യുക്തിവാദിയും കവിയുമൊക്കെയായ ബാലകൃഷ്ണൻ ഒരു കാലഘട്ടത്തിന്റെയാകെ ആരാധനാ വിഗ്രഹമായിരുന്നു.

1957ലെ ഇ.എം.എസ്. മന്ത്രിസഭയുടെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുംമുമ്പ് ‘കൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ചത് വൻ വിവാദമായിരുന്നു.


സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരെ വിദ്യാർത്ഥിയായിരുന്നപ്പോഴും പിന്നീടും ധീരവും സാഹസികവുമായ നിരവധി സമരങ്ങൾ അദ്ദേഹം നയിച്ചിട്ടുണ്ട്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരം മുതൽ ജീവിതത്തിലുടനീളം പല സമരങ്ങളിൽ പങ്കെടുത്ത് നിരവധിതവണ ജയിലിലായിട്ടുണ്ട്. 1954ൽ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് എം.എൽ.എ ആയി. 1971 ൽ ലോക് സഭാംഗമായി.

കൗമുദി കുടുംബത്തിൽ പിറന്നതിനാൽ കുട്ടിക്കാലം മുതൽ അച്ചടിയും പത്രങ്ങളും കണ്ടാണ് ബാലകൃഷ്ണൻ വളർന്നത്. മുത്തച്ഛൻ സി.വി കുഞ്ഞുരാമൻ, അച്ഛൻ സി.കേശവൻ അമ്മാവൻ കെ.സുകുമാരൻ എന്നിവരെല്ലാം പത്രം നടത്തിയവരായിരുന്നു.തലമുറയായി വലിയ പത്രാധിപന്മാരായിരുന്നു. അതിൽനിന്നെല്ലാം വ്യത്യസ്തമായി ചെറുപ്പമാണെങ്കിലും പക്വമായ അറിവും ഉന്നതമായ ഭാവനാശേഷിയും ദൃഢബോദ്ധ്യങ്ങളുമുണ്ടായിരുന്ന കെ ബാലകൃഷ്ണൻ എന്ന പത്രാധിപരുടെ ഭാവനയും കരവിരുതും ഓരോ പേജിലും ഉണ്ടായിരുന്നു. സ്വതന്ത്രവും ധീരവുമായ അഭിപ്രായങ്ങളിലൂടെ കൗമുദി പതുക്കെപ്പതുക്കെ മലയാളക്കരയിലെ വായനക്കാരെ രസിപ്പിച്ചും ചിന്തിപ്പിച്ചും പ്രകോപിപ്പിച്ചും കീഴടക്കി. ഒറ്റയാൾ പട്ടാളം പോലെ എഡിറ്റർ ആഴ്ചപ്പതിപ്പിൽ നിറഞ്ഞു നിന്നു.

1949-ൽ കേരളത്തിൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർടിയുടെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ചു.

പ്രധാന കൃതികൾ: കാലയളവ് ഒരു വർഷം, മധുവിധു പ്രേമം, നിറമില്ലാത്ത മാരിവില്ല്, വിടരാത്ത പൂമൊട്ട്, ധൂമരശ്മി, സഹ്യാദ്രിസാനുക്കളിൽ, നനഞ്ഞുപോയി, എങ്കിലും ജ്വാല (ആത്മകഥ).