സണ്ണിയും അവരും തമ്മിലുള്ള വ്യത്യാസം വെറും കാൽ വർഷം മാത്രമല്ലേ..? അവിടെ സണ്ണി സമ്പൂർണ്ണമായി വിമർശകനാവുന്നു; അവർ വസ്തുനിഷ്ടമായി വിമർശനം നടത്തുന്നു

✍️ മനോജ് സി. ആർ

സണ്ണി എം കപിക്കാടിന്റെ മറുപടി വായിച്ചു. അദ്ദേഹം ജനാധിപത്യത്തിനു ദോഷകരമാകും തുടർ ഭരണമെന്ന് ചിന്തിക്കുന്ന മനുഷ്യനാണ്. അദ്ദേഹത്തിനു ജനാധിപത്യത്തിലുള്ള ആകുലത മനസ്സിലാക്കിക്കൊണ്ട് തന്നെ ചില ചോദ്യങ്ങൾ വളരെ സൌമ്യമായി നമുക്ക് ചോദിക്കേണ്ടി വരുന്നു.

തുടർ ഭരണം എന്നത് സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ…അത് ജനങ്ങൾ തീരുമാനിക്കട്ടെ. എന്നാൽ തുടർ ഭരണം വേണ്ടെന്നും മറ്റ് ആൾക്കാർ വരട്ടെയെന്നും പറയുമ്പോൾ…….. പകരം ആരെന്ന ചോദ്യം ഉയരുന്നില്ലേ..? ഇന്നോളം പ്രതിപക്ഷത്തിന്റെ യാതൊരു കടമകളും ചെയ്യാതെ, ജന ജീവിതത്തിൽ ഇടപെടാതെ അരാഷ്ട്രീയവാദികളായി ജീവിച്ച ചിലരാണോ ഇടതുപക്ഷത്തിനെതിരെ വരേണ്ടത്..?

കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നേടിയ പുരോഗതി. ചിന്താപരമായ സോഷ്യലിസ്റ്റ് സമീപനങ്ങൾ.. ഇതിന്റെ തുടർച്ച കൂടി ആവശ്യമില്ലെന്നല്ലേ പ്രിയപ്പെട്ട സണ്ണി പറയുന്നത്..? പിണറായി വിജയൻ എന്ന ഒറ്റ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ട് അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ചില പിശകുകൾ ഉണ്ടെന്നാണു തോന്നുന്നത്…
പിണറായി വിജയന്റെ പോലീസ് വകുപ്പ് ആർ.എസ്.എസ് കൈകാര്യം ചെയ്തുവെന്ന ചിന്തയാണു വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ ഒരു കാര്യത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിയ്ക്കുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്. യാതൊരു സംശയവുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിണറായി വിജയനു ഒറ്റയ്ക്ക് നയിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്ന് തിരിച്ചറിയാൻ സണ്ണിയ്ക്ക് കഴിയുന്നില്ലേ..?

രാജ്യത്ത് സംഘപരിവാർ അത്രയും ശക്തമായിരിക്കുന്ന സമയത്ത്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾ ശക്തമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ…. അത് സംഘപരിവാർ വിരുദ്ധമാണ്… ആ കാലാവസ്ഥയിൽ… പിണറായി വിജയനു സംഘപരിവാർ അനുകൂലമായി നീങ്ങാൻ കഴിയില്ലെന്ന സാമാന്യ രാഷ്ട്രീയബോധമെങ്കിലും നമുക്ക് ഉണ്ടാവേണ്ടതില്ലേ..?
ഇന്ത്യയൊട്ടാകെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ് വരാൻ പോകുന്നത്. അവിടെ ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. വരും നാളുകളിൽ സംഘപരിവാർ രാഷ്ട്രീയം എന്തെന്ന് പറഞ്ഞുകൊണ്ടും എതിരെ പ്രവർത്തിച്ചുകൊണ്ടും മാത്രമേ കമ്മ്യൂണിസ്റ്റുകൾക്ക് മുന്നോട്ട് പോകാൻ കഴിയൂ… അവരുടെ അജണ്ട. സംഘപരിവാർ വിരുദ്ധത എന്നതിലേയ്ക്ക് എല്ലാ അർത്ഥത്തിലും ചെത്തി മുനകൂർപ്പിക്കപ്പെടുന്നുണ്ട്…

സംഘപരിവാറിനെ സഹായിക്കുന്ന പരിതസ്ഥിതികളോടും പടവെട്ടേണ്ടി വരും. അപ്പോൾ സ്വത്വരാഷ്ട്രീയത്തെയും ചോദ്യം ചെയ്യേണ്ടി വരും. സണ്ണിയെപ്പോലെ ചരിത്രബോധമുള്ള ഒരാൾക്ക് അതൊന്നും മനസ്സിലാകാതെ പോകില്ല. പക്ഷേ, അദ്ദേഹം അത് മനസ്സിലായില്ലെന്ന് നടിയ്ക്കുകയാണ്..!

കേരളത്തിൽ ഇടതുപക്ഷം തുടർ ഭരണം നേടിയാലും ഇല്ലെങ്കിലും പാർട്ടിയ്ക്ക് യാതൊന്നും സംഭവിക്കില്ല. തുടർ ഭരണം ലഭിച്ചില്ലെങ്കിൽ.. ഒരുപക്ഷേ, പാർട്ടി അതീവ ശക്തമായി മാറിയേക്കാം. എന്നാൽ കേരളം വളരെ പിന്നിലേയ്ക്ക് പോകും. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും കൈവരിച്ച നേട്ടങ്ങൾ തുടരേണ്ടതുണ്ട്… അത് നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി ചെയ്യാനുള്ള അവസരമാണിത്…

ഇത് നഷ്ടമായാൽ… തൊഴിലാളികളുടെ മക്കൾ… പാവപ്പെട്ടവന്റെ മക്കൾ… അവർ വീണ്ടും സ്വകാര്യ സ്കൂളുകളുടെയും ആശുപത്രികളുടെയും മുന്നിൽ ക്യൂ നിൽക്കേണ്ടി വരും… ഇപ്പോൾ സർക്കാർ സ്ഥാ‍പനങ്ങളിൽ അഭിമാനത്തോടെയും അന്തസ്സോടെയും നേടുന്ന കാര്യങ്ങൾ നമുക്ക് നഷ്ടമാകും…

നിങ്ങൾ തുടർ ഭരണമെന്ന് പറയുന്നവരുടെ മാനിഫെസ്റ്റോ എന്താണ്..? അവർ വന്നാൽ എന്ത് നേട്ടമാണു ലഭിക്കുക..? സണ്ണിയുടെ എഴുത്തിൽ ഒരു ആരോപണമുണ്ട്.. നാലേ മുക്കാൽ വർഷം സി.പി.എം വിരോധവും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാരിനൊപ്പവും നിൽക്കുന്നവരെന്ന്. പ്രിയപ്പെട്ട സണ്ണി, ഇതല്ലേ വേണ്ടത്..?

ഭരണത്തിൽ ഇരിക്കുന്നവരെ വിമർശിച്ചുകൊണ്ടും ക്രിയാത്മകമായി ഇടപെട്ടുകൊണ്ടും നിലനിൽക്കുന്ന തിരുത്തൽ ശക്തിയാവുക. സണ്ണിയും അവരും തമ്മിലുള്ള വ്യത്യാസം വെറും കാൽ വർഷം മാത്രമല്ലേ..? അവിടെ സണ്ണി സമ്പൂർണ്ണമായി വിമർശകനാവുന്നു. അവർ വസ്തുനിഷ്ടമായി വിമർശനം നടത്തുന്നു.

തുടർ ഭരണം എന്നത് വെറുതെ ആവശ്യപ്പെടുന്നതല്ലല്ലോ… പ്രവർത്തിച്ചിട്ടല്ലേ..? വർഗ്ഗീയതയ്ക്ക് എതിരെ സംസാരിച്ചുകൊണ്ടല്ലേ..? സംഘപരിവാറിനെ എല്ലാ അർത്ഥത്തിലും എതിരിട്ടുകൊണ്ടല്ലേ…

സണ്ണിയെപ്പോലെയുള്ള ചിന്തകർ എതിരു നിൽക്കരുത്.. കാരണം… ഇങ്ങനെ മാറി മാറി ഭരണം വരുന്നതുകൊണ്ടാണ് കോൺഗ്രസ് ഇത്രയും മോശമായത്… എന്തൊക്കെ ചെയ്താലും അഴിമതി നടത്തിയാലും വീണ്ടും ഭരിക്കാൻ കഴിയുമെന്ന ചിന്തയാണ് കോൺഗ്രസിനെ മോശമാക്കിയത്… പ്രതിപക്ഷത്ത് ഇരുന്നപ്പോൾ തികച്ചും നിഷ്ക്രിയമായി പോയത്.. അതിനാൽ അവർക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമാണ്…

ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ ജനം സ്വീകരിക്കില്ലെന്ന് അവർ തിരിച്ചറിയണം… അതിലൂടെ കോൺഗ്രസ് ശക്തമാകും..അവർ ജനങ്ങളുടെ ഒപ്പം കാവൽ ശക്തിയായി നിലനിൽക്കും…. അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തി നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർ അധികാരത്തിൽ വരികയും ചെയ്യും…

അതിനാൽ….. ഈ തുടർ ഭരണം… ഇടത് പക്ഷം അർഹിക്കുന്നതാണ്… അത് നിങ്ങളെപ്പോലെയുള്ള ചിന്തകർ തിരിച്ചറിയണം. കൂടെ നിൽക്കണം. അഭിവാദ്യങ്ങൾ..!

(രണ്ടു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന് സി.പി.എം , മൂന്നുതവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന് സി.പി.ഐ… ഈ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ കൂടി വേണം അഭിപ്രായം രൂപപ്പെടുത്താനെന്ന് വിനീതമായൊരു അഭ്യർത്ഥനകൂടിയുണ്ട്.)
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913