സിസ്റ്റർ അഭയ ഓർമയായിട്ട് ഇന്ന് 29 വർഷം

✍️  സി. ആർ. സുരേഷ്

1992-ൽ ബി.സി.എം. കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന ലോക്കൽ പൊലീസ് നിഗമനത്തിലത്തിയതോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയർമാൻ പി.സി. ചെറിയാൻ മടുക്കാനി പ്രസിഡന്റായും ജോമോൻ പുത്തൻപുരക്കൽ കൺവീനറായും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്.

അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. 1993 മാർച്ച് 29ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടത്തൊന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996 ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സി.ബി.ഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.

2008 നവംബർ 18ന് ഫാദർ തോമസ് എം കോട്ടൂർ ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവർ അറസ്റ്റിലായി. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയിൽ എടുത്ത സഞ്ജു പി. മാത്യു എന്നയാൾ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികളായ വൈദികരെയും സിസ്റ്ററിനെയും സിസ്റ്റർ അഭയ അരുതാത്ത നിലയിൽ കണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കണ്ടെത്തൽ. ഒന്നരമാസത്തോളം മൂന്ന് പ്രതികളും ജയിലിൽ കഴിഞ്ഞു. തുടർന്ന് 2009 ജനുവരി രണ്ടിന് മൂന്നുപേർക്കും ജാമ്യം ലഭിച്ചു.
2020 ഡിസംബർ 22-ന് തിരുവനന്തപുരം സിബിഐ കോടതി പ്രതികളായ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. 2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.

കൊല ചെയ്യപ്പെട്ട ദിവസം പുലര്‍ച്ചെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ പ്രതികളെ അസ്വാഭാവിക നിലയില്‍ കണ്ടെന്നും സംഭവം പുറംലോകമറിയുമെന്ന ഭയത്താല്‍ പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയെന്നുമാണ് സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രം. കുറ്റക്കാരെ കണ്ടെത്തിയ ശേഷവും പല അട്ടിമറികളും നടന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടുകയും സാക്ഷികള്‍ കൂറു മാറുകയുമെല്ലാം ചെയ്തു. ഒടുവിലാണ് കേസില്‍ 27 വര്‍ഷത്തിന് ശേഷം വിധി വന്നത്.
കോടതിയില്‍ സമര്‍പ്പിച്ച കുറഞ്ഞത് എട്ട് വസ്തുക്കളെങ്കിലും മനപൂര്‍വ്വം നശിപ്പിച്ചതായി സിബിഐ കണ്ടെത്തി. തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ കേസില്‍ നാലാം പ്രതിയായി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. 

സിസ്റ്റർ അഭയ ക്രൂരമായി കൊല ചെയ്യപ്പെട്ട് 28 വർഷം കഴിഞ്ഞ് പ്രതികളായ പുരോഹിതനെയും കന്യാസ്ത്രീയെയും കോടതി ശിക്ഷിച്ചിട്ടും വിശ്വാസികളോടുള്ള സാമാന്യ മര്യാദപോലും സഭാനേതൃത്വം പാലിച്ചില്ല. ജയിലിൽ കഴിയുന്ന കുറ്റവാളികളെ യേശുവിന്റെ സഹനത്തോട് ഉപമിക്കുകയായിരുന്നു ധ്യാനഗുരുക്കന്മാർ. സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ മരിക്കുന്നതുവരെ പോരാടിയിട്ടും നീതി ലഭിച്ചില്ല. സഭാനേതൃത്വവും ഇവരോട് യാതൊരു ദയയോ കരുണയോ കാട്ടിയില്ല. വിധിവന്നശേഷവും ശിക്ഷാപ്രതികളെ പുറത്താക്കാതെ സംരക്ഷിക്കുകയാണ് കത്തോലിക്കാ സഭ. സഭാനേതൃത്വം ഇരയോടൊപ്പമല്ല, വേട്ടക്കാരനോടൊപ്പമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുമ്പോൾ ഇതിനെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധ ദിനം കൂടിയാണ് സിസ്റ്റർ അഭയയുടെ ഓർമ്മദിനം.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913