Monday, June 27, 2022

Latest Posts

മാർച്ച് 22: ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ പാവങ്ങളുടെ പടത്തലവൻ, എ.കെ. ഗോപാലൻ ഓർമ്മദിനം

✍️  സി. ആർ. സുരേഷ്

പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ലവകാരിയായിരുന്നു എ.കെ.ജി.എന്ന എ.കെ. ഗോപാലൻ (1902 – 1977). ജനങ്ങൾക്കൊപ്പം നിന്ന്‌ ജനങ്ങളിൽ നിന്ന്‌ പഠിച്ച്‌ അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.

സമരങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിച്ച അദ്ദേഹം അടിമകളെപ്പോലെ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് സ്വത്വബോധം നൽകിയ സമരങ്ങളിലെല്ലാം നേതൃത്വം വഹിച്ചു.

ചിറയ്ക്കൽ മാവിലായിയിൽ ജനനം. ഉത്പതിഷ്ണുവായ അച്ഛന്റെയും പൊതുപ്രവർത്തകനായ ജ്യേഷ്ഠന്റെയും സ്വാധീനത്തിൽ വളർന്ന അദ്ദേഹം ഏഴാം ക്ലാസ്സിനുശേഷം അധ്യാപകനായി. മികച്ച അധ്യാപകനായി നാട്ടിൽ അറിയപ്പെട്ട എ.കെ.ജി ഒഴിവുസമയങ്ങളിൽ പൊതുപ്രവർത്തനത്തിൽ മുഴുകി.

1930-ൽ ഉദ്യോഗം രാജി വച്ച്‌ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ജയിൽവാസം വരിച്ചുകൊണ്ട്‌ പൊതുജീവിതം ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടർന്ന്‌ കേരളമാകെ പര്യടനം നടത്തിയ പട്ടിണിജാഥ, തിരുവിതാംകൂറിലെ ഉത്തരവാദ ഭരണപ്രക്ഷോഭത്തെ സഹായിക്കാൻ പോയ മലബാർ ജാഥ, 1960-ൽ കാസർകോട്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തിയ കർഷകജാഥ എന്നിവയെല്ലാം മുഴുവൻ ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയവയും സംഭവബഹുലവുമായിരുന്നു.

ഗുരുവായൂർ ക്ഷേത്രപ്രവേശനസത്യാഗ്രഹം, പാലിയം സത്യാഗ്രഹം എന്നീ അയിത്തവിരുദ്ധ സമരങ്ങളിൽ എ.കെ.ജി നേതൃത്വപരമായ പങ്ക്‌ വഹിച്ചു. അമരാവതിയിലെ കുടിയിറക്കലിനെതിരെ എ.കെ.ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ ഐതിഹാസികസംഭവങ്ങിലൊന്നാണ്‌. ചുരുളി- കീരിത്തോട്ടിലേയും, കൊട്ടിയൂരിലേയും കുടിയിറക്കലിനെതിരായി എ.കെ.ജി നടത്തിയ സമരങ്ങളും പ്രസിദ്ധങ്ങളാണ്‌.

കോഴിക്കോട്‌ – ഫറോക്ക്‌ മേഖലയിൽ ആദ്യത്തെ തൊഴിലാളി യൂണിയനുകൾ കെട്ടിപ്പടുത്തതും, പണിമുടക്കുകൾ സംഘടിപ്പിച്ചതും കൃഷ്‌ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറിൽ ഉശിരൻ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്‌.

ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എ.കെ.ജിയാണ്. 1940 ലാണ് കോഫീബോർഡ് ഇന്ത്യൻ കോഫീ ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്. 1957 ന് ബംഗളൂരിലാണ് ആദ്യത്തെ സൊസൈറ്റി സ്ഥാപിച്ചത്, ഇതേ വർഷം ആദ്യത്തെ കോഫീ ഹൗസ് സ്ഥാപിക്കപ്പെട്ടത് ഡൽഹിയിലാണ്. ഇന്ത്യയൊട്ടാകെ 400 ഓളം കോഫീ ഹൗസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്, കേരളത്തിലാണ് ഇതിൽ ഏറ്റവും കൂടുതൽ എണ്ണം.
1947-ൽ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോഴും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട്‌ പ്രക്ഷോഭത്തെത്തുടർന്ന്‌ ഒക്‌ടോബർ 24-നാണ്‌ മോചിതനാകുന്നത്‌. മഹാഗുജറാത്ത്‌ പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌ അദ്ദേഹം അറസ്റ്റ്‌ വരിക്കുകയും പഞ്ചാബിലെ കർഷകർ ജലനികുതിക്കെതിരായി നടത്തിയ പ്രക്ഷോഭത്തെ സഹായിച്ചതിന്‌ പഞ്ചാബിൽ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ നാടു കടത്തുകയും ചെയ്‌തു.

1952 മുതൽ പാർലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി. പാർലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങൾക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന്‌ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത അദ്ദേഹത്തിന്റെ ഇടപ്പെടലുകൾ ജവഹർലാൽ നെഹ്റുവിനെപ്പോലുള്ളവർ ആദരവോടെയാണ് നോക്കികണ്ടത്.

1964-ൽ പാർടി പിളർന്നപ്പോൾ സി പി ഐ (എം)- നൊപ്പം ഉറച്ചു നിന്നു. ആദ്യ ഒമ്പതംഗ പോളിറ്റ് ബ്യൂറോയിൽ ഒരാളായി. 1975-ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥക്കെതിരായി എ.കെ.ജി നടത്തിയ ഉജ്ജ്വലസമരങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീരെ ക്ഷയിപ്പിച്ചു. ജനകീയപ്രവർത്തനങ്ങളിലും സമരങ്ങളിലും മുഴുകിയ അദ്ദേഹം അവസാനകാലത്ത് രണ്ടുമാസത്തോളം അബോധാവസ്ഥയിലായിരുന്നു.

ബാല്യം, വിദ്യാഭ്യാസം, പാർട്ടി പ്രവർത്തനം, അതിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ എന്നിവ വിവരിച്ചിരിക്കുന്ന ‘എന്റെ ജീവിതകഥ’ ആത്മകഥയാണ്. ഹരിജനം, ഞാൻ ഒരു പുതിയലോകം കണ്ടു, എന്റെ വിദേശപര്യടനത്തിലെ ചില ഏടുകൾ എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
ഉജ്ജ്വല സമരനായികയും മന്ത്രിയുമായിരുന്ന അന്തരിച്ച സുശീല ഗോപാലൻ ഭാര്യയായിരുന്നു.

BEST SELLERS
Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.