Thu. Mar 28th, 2024

സാമ്പത്തീക ബുദ്ധിമുട്ടിനെ തുടർന്ന് കൊട്ടാരക്കര ഇഞ്ചക്കാട് മഠത്തിൽകാവ് ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ ദേവിയുടെ ആഭരണം വാങ്ങി പണയം വെച്ച ശാന്തിക്കാരൻ ശ്രീകുമാർ എന്ന ഭുവനചന്ദ്രനെ മോഷണക്കേസിൽ പോലീസ് അറസ്റ്റു ചെയ്തു. അടൂര്‍ വടക്കടത്ത്കാവ് സ്വദേശി ഭുവനചന്ദ്രനാണ് (60) പൊലീസ് പിടിയിലായത്.

വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒരു പവനില്‍ കൂടുതല്‍ തൂക്കം വരുന്ന സ്വര്‍ണമണി മാല കവര്‍ന്നുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഏന്നാൽ ഇദ്ദേഹം ദേവിയോട് പെർമിഷൻവാങ്ങി പകരം ഒരു റോൾഡ് ഗോൾഡ് മാലയും വാങ്ങിക്കൊടുത്തിട്ടാണ് പണയം വെച്ച ഉരുപ്പടി കൊണ്ടുപോയത്. ദേവിക്ക് സത്യത്തിൽ അതിൽ ഒരു പരാതിയും ഇല്ലായിരുന്നു. കോവിഡ് ആയതിനാൽ കച്ചവടം നഷ്ടത്തിലാണെന്ന് ദേവിക്കും അറിവുള്ള കാര്യമാണ്.പണയസ്വർണ്ണം പിന്നീട് ദേവിക്ക് തിരിച്ചെടുത്തു കൊടുത്തുകൊള്ളാം എന്ന് പൂജാരി ക്ഷേത്ര ഭരണക്കാരോടും പോലീസിനോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.

അല്ലങ്കിൽ തന്നെ ദൈവങ്ങളിലെ ഫെമിനിസ്റ്റായ ഭദ്രകാളിക്ക് സ്വർണ്ണമാലയോട് അത്ര ഭ്രമമൊന്നും ഇല്ലെന്ന് ഏവർക്കും അറിയാവുന്നതാണ്. തലയോട്ടി മാലയും അണിഞ്ഞു നിൽക്കുന്ന കാളിദേവിക്ക് തത്കാലം കുറച്ച് ദിവസം റോൾഡ് ഗോൾഡ് ഇടുന്നതിൽ പരാതിയും ഇല്ലായിരുന്നു. അതും തൻറെ മേൽശാന്തിക്ക് അരത്യാവശ്യ ഘട്ടത്തിൽ പണയം വെക്കാനാകുമ്പോൾ പ്രത്യേകിച്ചും. പക്ഷെ വിശ്വാസികളും ക്ഷേത്ര ഭരണക്കാരുമാണ് ക്ഷമിക്കാതിരുന്നത്.
താൻ നായരായതുകൊണ്ടാണ് നായന്മാർ ഇങ്ങനെ ചെയ്തതെന്നും പൂജാരി ബ്രാഹ്മണൻ ആയിരുന്നെങ്കിൽ കേസ് ഒതുക്കി തീർക്കുമായിരുന്നു എന്നും ഭുവനചന്ദ്രൻ പറയുന്നു. അടൂർ, കിളിവയൽ, വടക്കടത്ത്കാവ്, ഭാനു വിലാസത്തിൽ പത്മനാഭപിള്ളയുടെ മകനാണ് 60 വയസുള്ള ശ്രീകുമാർ എന്ന ഭുവനചന്ദ്രൻ. 2020 ഡിസംബർ മാസം 12ന് രാത്രി ആയിരുന്നു ഇയാൾ ആഭരണം മോഷ്ടിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ക്ഷേത്രത്തില്‍ പുതിയ ഭരണ സമതി ചുമതലയേല്‍ക്കുന്നതിന് മുന്‍പായുള്ള ഓഡിറ്റില്‍ രേഖയിലുണ്ടായിരുന്ന മാലയുടെ രൂപവും വിഗ്രഹത്തിലുണ്ടായിരുന്ന മാലയും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കമ്മറ്റി അംഗങ്ങള്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊട്ടാരക്കര പോലീസ് ശാന്തിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിനെ തുടർന്നാണ് മോഷണ വിവരം പുറത്തു വന്നത്. ഏനാത്ത് മണിമുറ്റത്ത് നിധി ഫൈനാസിൽ 17000 രൂപക്ക് പണയം വച്ചിരുന്ന തൊണ്ടിമുതൽ പോലീസ് വീണ്ടെടുത്തു. കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913