Wed. Nov 25th, 2026

✍️ സുരേഷ്. സി ആർ

കവിത്വം തുളുമ്പുന്ന ഗാനങ്ങളാൽ മലയാള സിനിമയെ സമ്പന്നമാക്കിയ കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് യൂസുഫലി കേച്ചേരി (1934 – 2015). 1963ൽ ‘മൂടുപടം’ എന്ന ചിത്രത്തിന് വേണ്ടി ബാബുരാജ് സംഗീതം നല്‍കി ആലപിച്ച ‘മൈലാഞ്ചിത്തോപ്പിൽ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി’ എന്ന ഗാനത്തിലൂടയാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് കടന്നുവരുന്നത്. കദീജയിലെ ‘സുറുമയെഴുതിയ മിഴികളെ’, ഉദ്യോഗസ്ഥയിലെ ‘അനുഗാര ഗാനം പോലെ’ എന്നിവ അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് ചുവടുറപ്പിച്ചു. എന്നാൽ, 1971 ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘മരം’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവുദിച്ചത് മാനത്തോ’ എന്ന ഗാനമാണ് ചലച്ചിത്ര രംഗത്ത് സ്ഥാനം അരക്കെട്ടുറപ്പിച്ചത്.

തൃശൂർ ജില്ലയിലെ കേച്ചേരിയിൽ ജനിച്ചു.1954ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ ആദ്യ കവിത ‘കൃതാർത്ഥൻ ഞാൻ’ പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്‌കൃത പണ്ഡിതൻ കെ.പി. നാരായണ പിഷാരടിയുടെ കീഴിൽ സംസ്‌കൃതം പഠിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ സംസ്‌കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി (മഴ എന്ന സിനിമയിലെ “ഗേയം ഹരിനാമധേയം’) യൂസഫലിയാണ്. ഇതിന് 2000 ൽ ദേശീയ അവാർഡ് ലഭിച്ചു.

യൂസഫലിയുടെ ആദ്യത്തെ ഗ്രനഥം ‘സൈനബ’ യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും എഴുതിയിട്ടുണ്ട്. നീലത്താമര (1979), വനദേവത (1976), മരം (1971) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

സൈനബ, സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം), അഞ്ചു കന്യകകൾ, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെ മതേതര ദർശനം, പേരറിയാത്ത നൊമ്പരം എന്നിവയാണ് കൃതികൾ.

മൂടുപടം, ഈറ്റ, ശരപഞ്ചരം, പിൻനിലാവ്, ഇനിയെങ്കിലും, ഇതിലേ ഇനിയും വരൂ, ധ്വനി, പട്ടണപ്രവേശം, ഗസൽ, സർഗം, പരിണയം, ചിത്രശലഭം, ദാദാ സാഹിബ്, മഴ, കരുമാടിക്കുട്ടൻ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, ചൂണ്ട എന്നിവയാണ് ഗാനരചന നിർവഹിച്ച പ്രധാന സിനിമകൾ.

ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളെ, പതിനാലാം രാവുദിച്ചത്, ഓമലാളെ കണ്ടു ഞാൻ, അനുരാഗ ഗാനം പോലെ, അനുരാഗ ലോല ഗാത്രി, അക്കരയിക്കരെ നിന്നാലെങ്ങനെ, പേരറിയാത്തൊരു നൊമ്പരത്തെ, മാനസനിളയിൽ, വൈശാഖ സന്ധ്യേ, കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി, കൃഷ്ണകൃപാസാഗരം, വടക്ക് നിന്ന പാറിവന്ന വാനമ്പാടി, കണ്ണാടി ആദ്യമായെൻ, സംഗീതമേ അമര സല്ലാപമേ, ഇശൽതേൻകണം എന്നിവയാണ് യൂസുഫലി കേച്ചേരിയടെ ഹിറ്റ് ഗാനങ്ങൾ.

കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, ചങ്ങമ്പുഴ അവാർഡ്, വള്ളത്തോൾ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908