Fri. Mar 29th, 2024

✍️ സുരേഷ്. സി ആർ

”ദാരിദ്ര്യദുഃഖ ദുർഭൂതപ്പിശാചിനെ
പാടേ വിപാടനം ചെയ്യുവാനായ്…
ഞെട്ടിയുണർന്നെഴുന്നേല്ക്കൂ യുവാക്കളേ
പട്ടിണിയത്രേ പരമദുഃഖം”–  പുതുശ്ശേരി 

മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും കവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു ഡോ. പുതുശ്ശേരി രാമചന്ദ്രൻ (1928 – 2020). കേരളത്തെ മലയാളികളുടെ മാതൃഭൂമിയായി രൂപപ്പെടുത്താൻ പരിശ്രമിച്ച ധിഷണാശാലികളുടെ നിരയിലെ അവസാന കണ്ണിയായിരുന്നു.

താമരനൂലിൽ കാരിരുമ്പിനെ അലിയിച്ചുചേർത്ത് മനുഷ്യനുവേണ്ടി പണിതെടുത്ത അക്ഷരായുധവും സാമൂഹികാരോഗ്യത്തിനായി കുറുക്കിയെടുത്ത അക്ഷരൗഷധവുമായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. തനിക്കുവേണ്ടിയല്ല, പാവപ്പെട്ടവനുവേണ്ടി, മനുഷ്യസമത്വത്തിനുവേണ്ടി, മനുഷ്യരിൽ ഭൂരിപക്ഷത്തെ അടിമകളാക്കാതിരിക്കാൻ വേണ്ടി, ആപത്കരമായ വിപ്ലവപ്രവർത്തനങ്ങളുടെ അഗ്നിയിൽച്ചാടാനുള്ള കരുത്തും ആത്മാർഥതയും മാനവസ്നേഹമായി വളർന്ന ദേശീയതാബോധവും അദ്ദേഹത്തിലെ സഹജസിദ്ധിയായ കവിത്വത്തെ ശക്തിയും ലാവണ്യവുമുള്ളതാക്കി.



കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ വേരുപിടിപ്പിക്കാൻ സംഘടന മാത്രം പോരാ, സർഗ്ഗാത്മകതയും വേണമെന്ന് തെളിയിച്ച കാമ്പിശ്ശേരി കരുണാകരൻ, പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി എന്നിവരോടൊപ്പം രാഷ്ട്രീയത്തെ സർഗ്ഗാത്മകവും ധൈഷണികവുമാക്കി മാറ്റിയ അസാധാരണ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു പുതുശ്ശേരി.

മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് ജനനം.1942 ആഗസ്റ്റ് 9-ന് ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയ അദ്ദേഹം തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗമായും, മാവേലിക്കര താലൂക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂണ്‍ 1 മുതൽ സെപ്റ്റംബർ വരെ സ്‌കൂളിൽ നിന്നു പുറത്താക്കി. അതേ സ്‌ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തി.

1948-ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജിവച്ച് വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗംമായി. 1950 ഡിസംബറിൽ എസ്.എൻ. കോളേജിലെ സമരത്തിൽ മുൻപന്തിയിൽ നിന്ന അദ്ദേഹത്തിന് അറസ്റ്റ്, ജയിൽ മർദ്ദനം, തടവു ശിക്ഷ എന്നിവ നേരിടേണ്ടി വന്നു. തുടർന്ന് എസ്.എൻ.കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു.

1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റു പാർട്ടിയുടെ വള്ളികുന്നം ശൂരനാട് സെക്രട്ടറി, പാർട്ടിയിൽനിന്നും അവധിയെടുത്താണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കാൻ ചേർന്നത്. യൂനിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വം, കോളേജ് മാഗസിൻ എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു.


1953-56-ൽ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും ബി.എ. (ഓണേഴ്‌സ്) ഒന്നാം റാങ്കോടെ ജയിച്ചു. വിദ്യാർത്ഥിയായിരിക്കെ തന്നെ സസ്പെൻറ് ചെയ്ത അതേകോളേജിൽ അധ്യാപകനായി മധുരപ്രതികാരം.1957-ൽ കൊല്ലം എസ്.എൻ. കോളേജിലും പിന്നീട് ശിവഗിരി എസ്.എൻ.കോളേജിലും 1969-ൽ കേരള സർവകലാശാല മലയാള വിഭാഗത്തിലും അധ്യാപകനായി.

ആദ്യത്തെ അഖിലേന്ത്യാ ദ്രാവിഡ ഭാഷാശാസ്ത്ര സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി (1971), ലോക മലയാള സമ്മേളനത്തിന്റെ ജനറൽ സെക്രട്ടറി (1977), കേരള യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

മോസ്‌കോ സർവകലാശാല, ലെനിൻ ഗ്രാഡ് യൂണിവേഴ്‌സിറ്റി, ടെക്‌സാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. തിരുവനന്തപുരത്ത് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്‌സ് അസോസിയേഷൻ (ഡിഎൽഎ) സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.


1943-ൽ ‘ഭാരത തൊഴിലാളി’ എന്ന കൈയെഴുത്തു മാസികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങൾ. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളിൽനിന്ന് നിരവധി കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എഴുത്തച്ഛൻ പുരസ്‌കാരം, 2005-ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 2009-ൽ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും ലഭിച്ചു. വള്ളത്തോൾ പുരസ്‌കാരം, മഹാകവി പി അവാർഡ്, ഉള്ളൂർ അവാർഡ്, കണ്ണശ്ശ സ്മാരക അവാർഡ്, കുമാരനാശാൻ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.