ഫെബ്രുവരി 22: വിദേശ രാജ്യത്ത് ജയിൽ ശിക്ഷ അനുഭവിച്ച ആദ്യ ഇന്ത്യൻ വനിത യുടെ ഓർമ്മ ദിനം

✍️ സുരേഷ് സി.ആർ

ഫെബ്രുവരി 22: കസ്തൂർബാ ഗാന്ധി (1869 – 1944) സ്മരണ ദിനം

പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും എം.കെ.ഗാന്ധിയുടെ പത്നിയുമായിരുന്നു കസ്തൂർബാ ഗാന്ധി. വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ ജനിച്ചു. കസ്തൂർബായുടെ ഏഴാം വയസ്സിൽത്തന്നെ ഉറപ്പിച്ചിരുന്ന ഗാന്ധിയുമായുള്ള വിവാഹം 1882-ൽ ഇരുവരുടേയും പതിമൂന്നാമത്തെ വയസ്സിലാണ്‌ നടന്നത്.

വിവാഹശേഷമാണ് കസ്തൂർബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവർ സഹിച്ചു. ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്. ഇവരുടെ സമരത്തെത്തുടർന്ന് ക്രിസ്തീയ രീതിയിലല്ലാത്ത എല്ലാ വിവാഹവും നിരോധിച്ച ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി വിധി തിരുത്തപ്പെട്ടു. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി.

1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് ഗാന്ധിജി ജയിലിലായപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജ്ജം പകർ‌ന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി. പുനെയിലെ ആഗാഘാൻ പാലസ്സിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്.

കസ്തൂർബാ ഗാന്ധിയുടെ ജന്മദിനമായ ഏപ്രിൽ 11-നാണ് രാഷ്ട്രം മാതൃ സുരക്ഷാ ദിനമായി ആചരിക്കുന്നത്. കസ്തൂർബയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അവരുടെ ജീവചരിത്രമാണ് ഗിരിരാജ് കിഷോർ രചിച്ച ‘കസ്തൂർബാ ഗാന്ധി’.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913