Thu. Mar 28th, 2024

കൊവിഡ് മഹാമാരി രാജ്യത്താകമാനം വൻ മാറ്റങ്ങൾ സൃഷ്‌ടിച്ചിരിക്കെ യു.എസിൽ നിന്ന് രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) ആസ്ഥാനം ബെയ്‌ജിംഗിലേക്ക് മാറ്റുമോയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ശശിതരൂർ. രാജ്യാന്തര തലത്തിൽ നിലവിലെ വളർച്ചാനിരക്കിൽ ചൈന മുമ്പോട്ട് കുതിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂരിന്റെ ട്വീറ്റ്.‌

കഴിഞ്ഞ 75 വർഷമായി വാഷിംഗ്‌ടണിലാണ് ഐ.എം.എഫിന്റെ ആസ്ഥാനം. എന്നാൽ കൊവിഡിന് ശേഷമുളള കാലത്ത് ചൈനീസ്, യു.എസ് സമ്പദ്‌വ്യവസ്ഥകളുടെ വളർച്ച വിലയിരുത്തുമ്പോൾ ഐ.എം.എഫിന്റെ ആസ്ഥാനം മാറ്റേണ്ടി വരുമോയെന്നാണ് തരൂർ ചോദിക്കുന്നത്. ഐ.എം.എഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യേണ്ടത്. ഇക്കാര്യം ഓർമ്മപ്പെടുത്തിയാണ് തരൂരിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം.

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.3 ശതമാനം ചുരുങ്ങുമെന്നും ചൈന മാത്രമായിരിക്കും വളർച്ച രേഖപ്പെടുത്തുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്നുമാണ് ഐ.എം.എഫ് പറയുന്നത്. 2020ൽ ചൈന 1.9% വളർച്ച രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. അടുത്ത വർഷം 8.4 ശതമാനം ആയിരിക്കും ചൈനയുടെ വളർച്ച. ഇതേ കാലയളവിൽ അമേരിക്കയുടെ വളർച്ച 3.1ശതമാനം മാത്രമായിരിക്കുമെന്നും മറ്റൊരു ട്വീറ്റിൽ തരൂർ പറയുന്നു.

അതേസമയം, പ്രതിശീർഷ ജി.ഡി.പിയുടെ കാര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിനെക്കാൾ താഴെയാകുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. എന്നാൽ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8 ശതമാനം വളർച്ചാ നിരക്കിലേക്ക് കുതിച്ചുയരാൻ സാദ്ധ്യതയുണ്ട്. അങ്ങനെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയുടെ സ്ഥാനം ഇന്ത്യ വീണ്ടെടുക്കുകയും ചൈനയുടെ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുകയും ചെയ്യുമെന്നുമാണ് വിലയിരുത്തൽ. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1945ലാണ് ഐ‌.എം‌.എഫും ലോകബാങ്കും സ്ഥാപിക്കപ്പെട്ടത്.