Wed. Nov 25th, 2026

മതപ്രീണനം നടത്തുന്ന രാഷ്ട്രീയക്കാരുടെ ഒത്താശയോടെ കത്തോലിക്കാസഭയെന്ന മാഫിയാ സംഘം നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ, നിയമത്തിൻറെ വഴിയിലും പ്രത്യക്ഷ സമരമാർഗ്ഗത്തിലും സധൈര്യം ഒറ്റയ്ക്കുപോരാടിയ ബോസ്കോ ലൂയിസ് നേടിയ വിജയമാണ് ഇത്. കളമശ്ശേരിയിൽ ആൽബേർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി സ്ഥാപനം അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ ഉത്തരവായി. സ്പോർട്ട്സ് കോംപ്ലക്‌സ് എന്ന പേരിൽ ബിൽഡിങ് പെർമിറ്റ് ഇല്ലാതെയും ചട്ടങ്ങൾ ലംഘിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയും കെട്ടിടങ്ങൾ പണിതത് പൊളിക്കാൻ നേരത്തെ കളമശ്ശേരി മുനിസിപ്പാലിറ്റി താൽക്കാലിക നോട്ടീസ് നൽകിയിരുന്നു.

വരാപ്പുഴ ആർച്ച് ഡയോസിസിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനം നടത്തിയ നിരവധി അനധികൃത നിർമാണങ്ങൾക്ക് എതിരെ മുനിസിപ്പാലിറ്റി തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നു കാണിച്ച് കളമശ്ശേരി സ്വദേശി ബോസ്കോ ലൂയിസ് എന്ന പൊതുപ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ ഇരുകക്ഷികളെയും കേട്ട് തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ നേരത്തെ നൽകിയ താൽക്കാലിക ഉത്തരവ് അന്തിമമാക്കി സെക്രട്ടറി ഉത്തരവ് ഇറക്കിയത്.

ടൗൺ പ്ലാനിങ് നിയമങ്ങൾ ലംഘിച്ചാണ് കെട്ടിട നിർമ്മാണമെന്നു നേരത്തെ ടൗൺ പ്ലാനിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്ന കാര്യവും ഉത്തരവിൽ ചൂണ്ടി കാട്ടുന്നു. കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനും സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. മരട് നടന്ന പൊളിക്കലിന് ശേഷം ജില്ലയിലെ ഏറ്റവും വലിയ അനധികൃത നിർമ്മാണം പൊളിക്കാനുള്ള ഉത്തരവാണ് കളമശ്ശേരി മുനിസിപ്പാലിറ്റി എടുത്തത് എന്നത് ശ്രദ്ധേയമാണ്.

നിയമവിരുദ്ധമായാണ് വരാപ്പുഴ ആർച്ച് ഡയോസിസിന്റെ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കേസ് ഹൈക്കോടതിയിൽ നിലവിലുണ്ട് എന്നും ഉത്തരവിൽ പറയുന്നു.