Wed. Apr 24th, 2024

✍️ സി.ആർ. സുരേഷ്

ബിജെപിയിലെ ജനകീയ മുഖമായിരുന്നെങ്കിലും സംഘപരിവാറിന്റെ തീവ്രഹിന്ദുരാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ച നേതാവും ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സുഷ്‌മ സ്വരാജ്‌.

വനിതാസംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിൽ രാഷ്‌ട്രീയനിലപാടുകൾക്ക്‌ അതീതമായി പ്രവർത്തിച്ചതും വിദേശകാര്യമന്ത്രിയായിരിക്കെ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ മനുഷ്യത്വപരമായി ഇടപെട്ടതും ശ്രദ്ധേയമാണ്.

ഹരിയാനയിൽ അംബാലയിൽ ജനനം. അച്‌ഛൻ ഹർദേവ്‌ ശർമ ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്നു. സംസ്‌കൃതത്തിലും രാഷ്‌ട്രതന്ത്രത്തിലും നിയമത്തിലും ബിരുദംനേടി. 1973 മുതൽ സുപ്രീംകോടതി അഭിഭാഷകയായി. 1970മുതൽ എബിവിപിയിലൂടെയാണ്‌ രാഷ്‌ട്രീയ രംഗത്ത്‌ എത്തിയത്‌.

ജോർജ്‌ ഫെർണാണ്ടസിന്റെ നിയമപ്രതിരോധ സേനയിലൂടെയാണ്‌ പൊതുരംഗത്ത്‌ സജീവമായത്‌. അടിയന്തരാവസഥയ്‌ക്ക്‌ ശേഷം ജനസംഘവുമായി അടുത്തു. പിന്നീട്‌ ബിജെപിയിൽ ചേർന്നു. 27-ാം വയസിൽ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റായി.

1977ൽ ഹരിയാനയിൽ ദേവിലാൽ മന്ത്രിസഭയിൽ ഏറ്റവും പ്രായ കുറഞ്ഞ മന്ത്രിയെന്നനിലയിലാണ്‌ രാജ്യശ്രദ്ധയിലെത്തിയത്‌. വാജ്‌പേയി മന്ത്രിസഭയിൽ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

1990-ൽ രാജ്യസഭാംഗമായി.
1996-ൽ ദക്ഷിണ ഡൽഹിയിൽനിന്ന്‌ ലോക്‌സഭയിലെത്തി.
1998-ൽ ഡൽഹി മുഖ്യമന്ത്രിയായി.
1999-ൽ ബെല്ലാരിയിൽ കോൺഗ്രസ്‌ നേതാവ്‌ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചതോടെയാണ്‌ ബിജെപിയുടെ ദേശീയമുഖമായത്‌.

2014-ൽ ഒന്നാം മോഡി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായി. ഈ ഘട്ടത്തിൽ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ സംഘപരിവാറിന്റെ ഭാഗത്ത്‌ നിന്നും ക്രൂരമായ സൈബർ ആക്രമണങ്ങൾക്കും വിധേയയായിട്ടുണ്ട്.

ഐപിഎൽ വിവാദത്തിൽപ്പെട്ട ലളിത്‌ മോഡിക്ക്‌ വിദേശത്തേക്ക്‌ കടക്കാനായി അനധികൃതമായി സഹായം നൽകി എന്ന ആരോപണവും കർണാടകയിലെ ഖനിമാഫിയയായ റെഡ്ഡി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയതും വിവാദമായിരുന്നു.