Tue. Mar 19th, 2024

✍️ സി.ആർ.സുരേഷ്

കനത്ത ശബ്ദവും, മുറിപ്പാടുള്ള നെറ്റിയിലെ ഒരു ചെറുചലനംകൊണ്ടും അതിസങ്കീർണമായ കഥാപാത്രങ്ങളെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ക്രൗര്യവും സ്നേഹവും രേഖപ്പെടുത്തി മലയാള സിനിമയ്ക്കു ലഭിച്ച അത്യപൂർവമായ വരദാനമായിരുന്നു മുരളി. ആരോഗ്യ വകുപ്പിൽ എൽ.ഡി.ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച മുരളി പിന്നീട് യു.ഡി ക്ലർക്കായിരിക്കെയാണ് നാടകത്തിലൂടെ കലാരംഗത്തെത്തിയത്.

അഭിനയത്തിന്റെ കാര്യത്തിൽ താൻ ഒരു അഹങ്കാരിയെന്ന് മുരളി പറയുമായിരുന്നു. ഒരു കലാകാരന് സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരിക്കണം. അതുപോലെ പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവും. ആ തിരിച്ചറിവ് തന്നെയായിരുന്നു മുരളിയുടെ കരുത്ത്. സിനിമയുമായി ഒരു സംവിധായകൻ സമീപിക്കുമ്പോൾ കഥാപാത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും തുറന്ന് സംസാരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. കാരണം മറ്റൊന്നുമല്ല, മുരളി എന്ന നടനെ വേണം എന്ന് നിർബന്ധമുള്ള സിനിമകളിൽ അഭിനയിക്കാനേ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നുള്ളൂ. താൻ ചെലവാക്കുന്ന ഊർജവും സമയവും വെറുതെയാകരുതെന്ന് അദ്ദേഹത്തിന് വാശിയുണ്ടായിരുന്നു. എന്നാൽ സിനിമയെ കച്ചവടത്തിനപ്പുറം കലയായി കാണുന്ന ഒരു സംവിധായകനോടും മുരളി പ്രതിഫലത്തിന്റെ പേരിൽ തർക്കിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു അഭിനേതാവിന് ചെയ്യാൻ കഴിയുന്ന എല്ലാ വിട്ടുവീഴ്ചകൾക്കും അദ്ദേഹം തയ്യാറായിരുന്നു.
1979-ൽ ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’ യാണ് ആദ്യ സിനിമ. പിന്നീട് 1986-ൽ ജി.അരവിന്ദന്റെ ‘ചിദംബര’ത്തിൽ അഭിനയിച്ചെങ്കിലും അതേ വർഷം എം.ടി.,ഹരിഹരൻ ടീമിന്റെ മോഹൻലാൽ നായകനായ ‘പഞ്ചാഗ്നി’യാണ് വഴിത്തിരിവായതും പുറത്തുവന്നതുമായ ആദ്യ ചലച്ചിത്രം.

ലെനിൻ രാജേന്ദ്രന്റെ ‘മീനമാസത്തിലെ സൂര്യൻ’ കൂടുതൽ ശ്രദ്ധേയനാക്കി. സി.എൻ.ശ്രീ കണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ നാടകത്തിൽ രാവണന്റെ വേഷപകർച്ച അരങ്ങത്ത് തന്റെ അഭിനയപ്രതിഭയിലൂടെ അനശ്വരമാക്കി. നടൻ നരേന്ദ്രപ്രസാദ് ഒരുമിച്ച് തിരുവനന്തപുരത്ത് ‘നാട്യഗൃഹം’ എന്ന നാടകകളരി മുരളിയുടെകൂടി പരിശ്രമത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്.

2002-ൽ പ്രിയനന്ദനന്റെ ആദ്യ ചിത്രമായ ‘നെയ്ത്തുക്കാരൻ’ മുരളിയ്ക്ക് മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാർഡ് ലഭിച്ചു. കൂടാതെ, ആധാരം (1992), കാണാക്കിനാവ് (1996), താലോലം (1998) എന്നിവയ്ക്കും മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1986-ൽ ‘എന്ന് നാഥന്റെ നിമ്മി’ എന്ന സിനിമയുടെ കഥ രചിച്ചത് മുരളിയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാടകങ്ങൾ മലയാളി പ്രേക്ഷകന് സാധ്യമാക്കുന്ന നാടകങ്ങൾക്കും ഫെസ്റ്റിവലുകൾക്കും തുടക്കംകുറിച്ചത് മുരളി കേരള സംഗീത നാടക അക്കാഡമി ചെയർമാനായതോടെയാണ്.

നീയെത്ര ധന്യ, ലാൽസലാം, ധനം, കാരുണ്യം, പത്രം, ചമയം, അമരം, ചമ്പക്കുളം തച്ചൻ, വെങ്കലം, കമലദളം, ആകാശദൂത്, നാരായം, ഗർഷോം, കളിക്കളം, ചകോരം, കൗരവർ, പുലിജന്മം, കേളി, ദ ട്രൂത്ത്, റൺവേ, ഇൻസ്പെക്ടർ ബലറാം, വിഷ്ണുലോകം തുടങ്ങി തമിഴിലും തെലുങ്കിലുമായി നൂലിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനേതാവും ആശാൻ കവിതയും, അരങ്ങേറ്റം, വ്യാഴപ്പൊരുൾ, മുരളി മുതൽ മുരളി വരെ, മൃഗശാലാകഥ, അഭിനയത്തിന്റെ രസതന്ത്രം എന്നീ വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.