പത്തനംതിട്ടയിലെ മത്തായിയുടെ മരണം: നീതി ലഭിക്കുംവരെ സംസ്‌കാരം നടത്തില്ലെന്ന് ഭാര്യ

വനംവകുപ്പിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് മരിച്ച മത്തായിയുടെ സഹോദരന്‍ വില്‍സണ്‍. നീതി ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സഹോദരന്‍ പറഞ്ഞു.കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുംവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ മക്കളുമായി ആത്മഹത്യ ചെയ്യുമെന്നും മത്തായിയുടെ ഭാര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വെള്ളംകുടിച്ച് മരിച്ചു എന്നാണ് പറയുന്നത്. വെള്ളത്തില്‍ വീണാല്‍ വായിലും മൂക്കിലും വെള്ളം കേറും. എന്നാല്‍ വെള്ളത്തില്‍ എടുത്ത് ഇട്ടാലും അത് ഉണ്ടാകും. ഫോറസ്റ്റുകാര്‍ കസ്റ്റഡിയില്‍ എടുത്ത ഒരു വ്യക്തി എങ്ങനെ കിണറ്റില്‍ പോകും. അവര്‍ക്കാണ് അതില്‍ ഉത്തരവാദിത്വമെന്നും സഹോദരന്‍ പറഞ്ഞു.

വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മത്തായി മുങ്ങി മരിച്ചതാണെന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കള്‍ക്ക് നല്‍കാതിരുന്ന ഈ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവന്നുവെന്ന് അവര്‍ ചോദിക്കുന്നു. ഇത് കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ മാത്രമാണ്. ഇതിനായി പുതിയ കഥകള്‍ ബന്ധപ്പെട്ടവര്‍ ഉണ്ടാക്കി പുറത്തുവിടുകയാണെന്നും മത്തായിയുടെ സഹോദരന്‍ ആരോപിച്ചു.