സുശാന്ത് സിങ് രജ്പുത്തിന്റെ മരണം: 15 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തു

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. സംശയകരമായ 15 കോടിയുടെ ഇടപാടുകളെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്ര തുക കൈമാറിയെന്നതില്‍ ബിഹാര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തത്.

സുശാന്തും നടി റിയ ചക്രവര്‍ത്തിയും അവരുടെ സഹോദരനും ചേര്‍ന്ന് തുടങ്ങിയ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താന്‍ ബിഹാര്‍ പോലീസ് ബാങ്കുകളില്‍ അടക്കം പരിശോധന നടത്തിയിരുന്നു. സുശാന്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് റിയ ചക്രവര്‍ത്തി അനധികൃത ഇടപാടുകള്‍ നടത്തിയെന്നും അദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നും സുശാന്തിന്റെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഈ ഇടപാടുകള്‍ നിയമാനുസൃതം ആയിരുന്നോ എന്ന് അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.