സുശാന്തിന്റെ മരണത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി റിയ

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി റിയ ചക്രബര്‍ത്തി. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ തനിക്കെതിരായി തെറ്റായ കാര്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് റിയ ചക്രബര്‍ത്തി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ താന്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ പിതാവ് പരാതി നല്‍കിയിരുന്നു. റിയ ചക്രബര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് പരാതി നല്‍കിയത്. ഈ കേസില്‍ ബീഹാര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിയ ചക്രബര്‍ത്തിയും കുടുംബാംഗങ്ങളും മറ്റ് ആറ് പേരുമാണ് കെ.കെ സിംഗ് നല്‍കിയ പരാതിയിലെ ആരോപണവിധേയര്‍.

വഞ്ചന, പണം തട്ടിപ്പ്, ആത്മഹത്യാ പ്രേരണ എന്നിവ ഉള്‍പ്പെടെ ഐ.പി.സി 341, 342, 380, 406, 420, 306 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിയ ചക്രബര്‍ത്തിക്കെതിരായ കേസില്‍ കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.