കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കി കേന്ദ്രം. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും, ഡോക്ടര്‍മാരോ, ആരോഗ്യ പ്രവര്‍ത്തകരോ ആക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമ പ്രകാരം ശിക്ഷ നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പണത്തിനായി തെറ്റായ അവകാശവാദം ഉയര്‍ത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ നല്‍കണം. തെറ്റായ മുന്നറിയപ്പുകളോ പരിഭ്രാന്തി പരത്തുകയോ ചെയ്താല്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കാം. നിയമ ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയത്.
ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തട്‌സപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാം. ഇതുവഴി ആര്‍ക്കെങ്കിലും മരണം സംഭവിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. നേരത്തെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു.

വേലിതന്നെ വിളവ് തിന്നുന്നു: ലോക്ക് ഡൗണ്‍ ലംഘിച്ച് രാമനവമി ആഘോഷത്തില്‍ പങ്കെടുത്ത് മന്ത്രിമാര്‍
കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാമനവമിയോടനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്ത് തെലങ്കാന മന്ത്രിമാര്‍. നിയമ-പരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍ റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍ എന്നിവരാണ് തലയില്‍ കുംഭമെടുത്ത് ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തില്‍ പങ്കെടുത്തത്.

സംസ്ഥാനത്താകെ ഇതുവരെ 127 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. തബ് ലീഗി ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. അതേസമയം ബംഗാളിലും രാമനവമിയോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ലംഘനം നടന്നു. ബംഗാളിലെ വിവിധ ക്ഷേത്രങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് തീര്‍ത്ഥാടകരുടെ തിരക്കാണ്. ജയ് ശ്രീരാം മുഴക്കിയാണ് ആളുകള്‍ ക്ഷേത്രങ്ങളിലേക്ക് വരുന്നത്. സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ഉണ്ട്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച.
അതേസമയം പോലീസെത്തി ആളുകളെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ഇന്ന് പൂജ നടക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. ഇതോടെ ഗേറ്റിന് പുറത്ത് തീര്‍ത്ഥാടകര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. അതേസമയം പോലീസുകാര്‍ക്കെതിരെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

