Mon. Nov 23rd, 2026

കൊവിഡിനെ നിയന്ത്രിക്കാൻ മുൻകരുതലായി ബിവറേജസ് കോർപ്പറേഷൻ ഡിപ്പോകൾ അടച്ചുപൂട്ടിയഅടച്ചുപൂട്ടിയതിനാൽ ദാഹനീർ കിട്ടാതായ കുടിയന്മാരെ അവസാനം കോടതിയും ഉപേക്ഷിച്ചതോടെ കുടിയന്മാരുടെ ആത്മഹത്യ തടയാനായി വീടുകളിൽ വ്യാജവാറ്റ് നടത്തി സ്വയംപര്യാപ്തതയിൽ എത്താൻ ശ്രമിച്ച രണ്ടു ദേശസ്നേഹികൾ അകത്തായി. കോട്ടയം വേളൂരിലാണ് സംഭവം. വേളൂർ വാരുകാലത്തറ സാബു (55), കാരിയിൽ സലിൻ (62) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ഇവരിൽനിന്നും മൂന്നു ലിറ്റർ കോടയും 300 മില്ലിലിറ്റർ ചാരായവും പിടിച്ചെടുത്തു. എക്സൈസ് എത്തുമ്പോൾ ഇവർ ചാരായം വാറ്റിക്കൊണ്ടിരിക്കയായിരുന്നു. രാത്രിയിലായിരുന്നു ചാരായം വാറ്റിയത്. കഴിഞ്ഞദിവസങ്ങളിൽ സാബുവിന്റെ വീട്ടിൽ പതിവില്ലാതെ ആളുകൾ വരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ചീട്ടുകളി കേന്ദ്രവും ഇവിടെ തുടങ്ങിയിരുന്നു. സാബു ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.

ഇന്നലെ രാത്രി വാറ്റാൻ തുടങ്ങിയതോടെ ചാരായത്തിന്റെ രൂക്ഷഗന്ധം അവിടെയാകെ പരന്നു. ഇതോടെ അയൽവാസികളിൽ ആരോ വീട്ടിലെത്തി രഹസ്യ നിരീക്ഷണം നടത്തി. ഇതോടെയാണ് ഇവിടെ ചാരായം വാറ്റുന്നുണ്ടെന്ന് മനസിലായത്. ഉടൻ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. എക്സൈസ് ഇന്റലിജൻസ് ആൻ‌‌ഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ എൻ.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാബുവിനെയും സലിനെയും കസ്റ്റഡിയിലെടുത്തു. കോട മറിച്ചുകളഞ്ഞശേഷം ചാരായവും പിടിച്ചെടുത്തു. കഴിഞ്ഞ നാലു ദിവസമായി ഇവിടെ ചാരായം വാറ്റിയിരുന്നതായി സാബു എക്സൈസിനോട് സമ്മതിച്ചു.

കടകൾ അടഞ്ഞുകിടന്നതിനാൽ ഇതിനാവശ്യമായ ശർക്കര ഒരു വ്യാപാരിയുടെ വീട്ടിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതി സലിൻ എക്സൈസിനോട് പറ‌ഞ്ഞു. ഈ വ്യാപാരിക്കെതിരെയും കേസ് എടുത്തേക്കുമെന്ന് അറിയുന്നു. മദ്യം കിട്ടാതായതോടെ കുമരകം, അയ്മനം, വേളൂർ, കുമ്മനം ഭാഗങ്ങളിൽ ചാരായം വാറ്റ് ഏറിയിട്ടുണ്ടെന്ന് എക്സൈസിന് അറിവ് ലഭിച്ചിട്ടുണ്ട്. പത്തു ലിറ്ററിന്റെ പ്രഷർ കുക്കറാണ് ഇതിനായി പലരും ഉപയോഗിക്കുന്നത്.കൂടാതെ അത്യാധുനിക വാറ്റുപകരണങ്ങൾ മുതൽ സാധാരണ രീതിയിൽ വാറ്റാനുള്ള ട്യൂബും മറ്റ് അനുബന്ധ സാധനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ഇവരും ഓൺലൈനായിട്ടാണ് വാങ്ങിയതെന്നും അറിവായിട്ടുണ്ട്. ഈ പ്രദേശങ്ങൾ ഇപ്പൊൾ എക്സൈസ് നിരീക്ഷണ വലയത്തിലാക്കിയിരിക്കുകയാണ് വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.