Tue. Nov 24th, 2026

കാസർഗോട് നിന്ന് കർണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തടസ്സം അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കേന്ദ്രസർക്കാറിനാണ് നിർദേശം നൽകിയത്. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. രോഗികളുമായി പോകുന്ന വാഹനങ്ങൾ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതിർത്തി തുറക്കില്ലെന്ന കർണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്.

അതേസമയം കേരളത്തിന്റെ അതിർത്തി കർണാടക സർക്കാർ മണ്ണിട്ട് അടച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. തർക്കം പരിഹരിക്കാൻ കേന്ദ്രം നടപടി കൈക്കൊള്ളണമെന്ന ആവശ്യത്തെ തുടർന്നാണ് ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയത്.

വിഷയത്തിൽ ഇന്നലെ തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചതിനെ തുടർന്നാണ് ചർച്ച നടത്തിയത്. വിഷയത്തിൽ സമവായം വേണമെന്ന ആവശ്യം കേന്ദ്രം മുന്നോട്ടുവെച്ചെങ്കിലും കർണാടക വഴങ്ങാൻ തയ്യാറായില്ല. ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദേശം കർണാടക നിരാകരിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രം നേരിട്ട് പ്രശ്‌നത്തിൽ ഇടപെടണമെന്ന ആവശ്യം ചർച്ചയിൽ കേരളം മുന്നോട്ടുവെച്ചു.

ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ഹൈക്കോടതി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കാസർകോട്ട് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ ആറ് പേർ മരിച്ച സാഹചര്യത്തിൽ കൊവിഡ് രോഗബാധയില്ലാത്ത മറ്റു രോഗികളെയെങ്കിലും അതിർത്തി കടന്നുപോകാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് പ്രായോഗികമല്ലെന്ന നിലപാടാണ് കർണാടക കൈക്കൊണ്ടത്. അതിർത്തി അടച്ചതിനെ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നായിരുന്നു കർണാടകത്തിന്റെ വാദം.