Fri. Apr 19th, 2024

ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കലാപം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധി. കലാപങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണ്. അക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണെന്നും സോണിയാ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബി ജെ പി നേതാക്കളുടെ പ്രകോപന പ്രസംഗമാണ് കലാപത്തിനിടയാക്കിയത്. ബി ജെ പി സൃഷ്ടിച്ച വെറുപ്പിന്റെ ഫലമാണ് വ്യാപക അക്രമത്തിന് ഇടയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ബി ജെ പി നേതാക്കളുടെ ഗൂഢാലോചന വ്യക്തമായിരുന്നു. ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാണ്. കേന്ദ്ര സര്‍ക്കാറും ഡല്‍ഹി സര്‍ക്കാറും നടപടിയെടുക്കുന്നില്ല.

ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്ത് ചെയ്യുകയായിരുന്നു?. തിരഞ്ഞെടുപ്പിന് ശേഷം കലാപത്തിന് സാധ്യതയുണ്ടെന്ന ഐ ബി റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല?. കലാപം പടരുമെന്ന് ഉറപ്പുണ്ടായിട്ടും എന്തുകൊണ്ട് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചില്ല? . എന്തുകൊണ്ട് സംഘര്‍ഷ മേഖലകളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചില്ലെന്നും സോണിയാ ഗാന്ധി ചോദിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി, കെ സി വേണുഗോപാല്‍, മനു അഭിഷേക് സിംഗ്വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

https://newsgile.com/2020/02/26/delhi-violence-sonia-demands-amit-shahs-resignation-where-is-the-home-minister-of-the-country/