Mon. Nov 23rd, 2026

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യാന്തര മന്ത്രാലയം. ലൗ ജിഹാദില്‍ നിയമത്തില്‍ വ്യാഖ്യാനമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. ലൗ ജിഹാദെന്ന പേരില്‍ ഉണ്ടായ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ ബെന്നി ബെഹനാന്‍ എം പിയുടെ ചോദ്യത്തിനായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന കാര്യം രേഖാമൂലം സഭയെ അറിയിച്ചത്. കേരള ഹൈക്കോടതിയും കേരള സര്‍ക്കാരും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദ് എന്നതിന് നിയമത്തില്‍ വ്യക്തമായ വ്യാഖ്യാനമില്ല. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ സംബന്ധിച്ചുണ്ടായ രണ്ട് വിഷയങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇതല്ലാതെ ലൗ ജിഹാദ് നടന്നതായി എന്‍ ഐ എ അടക്കം അന്വേഷിച്ചിട്ടും കണ്ടെത്താനായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സിറോ മലബാര്‍ സഭയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വിവാദം വീണ്ടും സജീവമായത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്നായിരുന്നു കൊച്ചിയില്‍ നടന്ന സിനഡിലെ ആരോപണം. എന്നാൽകേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ സര്‍ക്കുലറിനെ പൂര്‍ണ്ണമായും തള്ളുന്ന മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ രേഖാമൂലം നൽകിയായത് .

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം ലോക്‌സഭയില്‍ മറുപടി നല്‍കി. സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തിലേക്ക് മതംമാറ്റുന്നുണ്ടെന്നും ജനുവരിയില്‍ അവസാനിച്ച സിറോ മലബാര്‍ മെത്രാന്മാരുടെ സിനഡില്‍ പത്രക്കുറിപ്പ് ഇറക്കിയത് വിവാദമായിരുന്നു. ലൗ ജിഹാദ് ആരോപണം ഡി.ജി.പി ലോക്‌നാഥ ബെഹ്‌റ പിറ്റേന്ന് തന്നെ തള്ളിക്കളഞ്ഞിരുന്നു.

https://newsgile.com/2020/02/04/no-case-of-love-jihad-in-kerala-centre-tells-parliament/