Sat. Nov 21st, 2026

റോയി മാത്യു

ഈ പോലീസ് ആരൂടേതാണ്? ഈ സംസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണം ആർക്കാണ്? വല്ല പിടിപാടുമുള്ളവർ ഒന്ന് പറഞ്ഞ് മനസിലാക്കിത്തന്നാൽ കൊള്ളാം. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളന ത്തിൽ വെച്ച് മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെ ടിപി സെൻകുമാർ അപമാനിക്കുകയും കൂടെയുള്ളവർ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കടവിൽ റഷീദിനെതിരെ പൊലീസ് കേസ്.

മുൻ ഡിജിപി കൂടിയായ ടി.പി.സെൻകുമാറിൻറെ പരാതിയിലാണ് കള്ളക്കേസ്. സെൻകുമാറിനെതിരെ നിയമനടപടിയെടുക്കണമെന്ന് വാട്സാപ്പിൽ അഭിപ്രായം പറഞ്ഞ, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർ‍ഡിനേറ്റിംഗ് എഡിറ്റർ പി.ജി.സുരേഷ് കുമാറിനെയും പ്രതിചേർത്തിരിക്കുന്നു. നല്ല പോലീസ് സംസ്കാരം! മാതൃക പരമായ നടപടി! അഭിനന്ദനാർഹം തന്നെ!

പ്രസ് ക്ലബിൽ പത്രസമ്മേളനം നടക്കുമ്പോൾ അതിന്റെ പരിസരത്തു പോലും ഇല്ലാതിരുന്ന സുരേഷിനെതിരെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി കേരള പോലീസ് കേസുമെടുത്തു. ബെസ്റ്റ് പോലീസ് –

മുൻ ഡിജിപി ഏമാന്റെ പരാതിയിൽ കേസെടുത്ത കന്റോൺ മെൻറ് പോലീസിന് കീഴും കെഴക്കും തമ്മിൽ തിരിച്ചറിയാനും കഴിവില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. PJ സുരേഷ് കുമാറാണ് രണ്ടാം പ്രതി യെന്നാണ് Fl Rൽ ചേർത്തിരിക്കുന്നത്. അതിലുപരി പേരും വിലാസവും കൃത്യമല്ല. ഏഷ്യാനെറ്റ് ചാനൽ എന്നാണ് വിലാസം – ഏഷ്യാനെറ്റ് എന്ന പേരിൽ ത്തന്നെ മൂന്ന് നാല് കമ്പിനികളുണ്ട്. അതവിടെ നിൽക്കട്ടെ –

“പ്രതികൾ സംഘർഷമുണ്ടാക്കി ആവലാതിക്കാരനെ അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശ ത്തോടും കരുതലോടും കൂടി ഒന്നും രണ്ടും പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി…. ആവലാതിക്കാരനെ പ്രതികൾ ഗുഢാലോചന നടത്തി അപായ പ്പെടുത്താൻ ശ്രമിച്ചും പ്രതികള് കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് മേൽ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളത് – ”

ഇതാണ് Fl Rന്റെ ഉള്ളടക്കം. സെൻകുമാറിനെതിരെ നിയമ പരമായ നടപടികൾ സ്വീകരിക്കണമെന്ന് പറയുകയോ, എഴുതുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് അംഗീകരിച്ചു കൊടുക്കുന്ന നിയമ നീതി ന്യായ സംവിധാനമാണോ കേരളത്തിലേത് ? ഈ സംഭവത്തെ പിണറായി ഭക്തന്മാർ ന്യായീകരിച്ച് വഷളാക്കാതിരുന്നാ കൊള്ളാം –

കടവിൽ റഷീദ് പരാതി നൽകി നാലു ദിവസം വരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കേസെടുത്തത്. തൊട്ടുപിന്നാലെ എതിർപരാതിയുമായി സെൻകുമാർ രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പി ജി സുരേഷ്കുമാർ എഴുതിയ അഭിപ്രായം ഗൂഡാലോചനയാണെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി.

പ്രാഥമികമായി ഒരന്വേഷണവും നടത്താതെ കടവിൽ റഷീദിനെഒന്നാം പ്രതിയും, സുരേഷ്കുമാറിനെ രണ്ടാം പ്രതിയുമാക്കി പെട്ടെന്ന് തന്നെ പൊലീസ് കേസെടുത്തു.

സംഭവസമയത്ത് പ്രസ് ക്ലബ്ബിലില്ലാതിരുന്ന സുരേഷ് വാട്സാപ് ഗ്രൂപ്പിൽ സംഭവശേഷം അഭിപ്രായം പറഞ്ഞതിനാണ് ഗൂഢാലോചനവകുപ്പ് ചുമത്തിയത്. പരാതിയുടെ മെരിറ്റ് നോക്കാതെ, പരിശോധനകളൊന്നും കൂടാതെയാണ് കേസെടുത്തത്. കടവിൽ റഷീദിന്റെ പരാതിയിൽ കേസെടുക്കാത്ത പോലീസ് എത്ര ജാഗ്രതയോടെയാണ് സെൻകുമാറിന്റെ പരാതിയിൽ കേസെടുത്തതെന്നോർക്കുക.

താടിയുള്ള അപ്പനെ പേടിയുണ്ടെന്നർത്ഥം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് തന്റെ സേനയുടെ മേൽ ഒരു കൺട്രോളുമില്ലേ? ഉപദേശിമാരുടെ എണ്ണം കൂടിയാലുള്ള ദുരന്തങ്ങളാണിത്.

പോലീസ് ആരുടെ ആജ്ഞയാണ് കേൾക്കുന്നത്? ഡിജിപി,.പോലീസ് ഉപദേശി, ആഭ്യന്തര സെക്രട്ടറി ഇങ്ങനെ ഒരു പാട് കിടുപടികൾ മുഖ്യമന്ത്രിക്കുണ്ട്. ഇതിൽ ആർക്കാണ് പോലീസിന്റെ ചുമതല?

വാട്ട്സാപ്പിൽ കമന്റിട്ട ഒരാളെ ഗൂഢാലോചന ക്കുറ്റം ചുമത്തി കേസെടുപ്പിക്കുന്ന ഈ പോലിസ് യോഗിയുടെ പോലീസിനേക്കാൾ അപകടകാരിയാണ്. കാനം രാജേന്ദ്രൻ പറഞ്ഞ പോലെ ഇരട്ട സിമ്മുള്ള ഫോൺ കൈവശം വെച്ച അലനും, താഹ യ്ക്കുമെതിരെ UAPA കേസെടുത്ത മിടുക്കൻ പോലീസാണ് പിണറായിയുടേത്.

രണ്ട് മാധ്യമ പ്രവർത്തകർക്കെതിരെ ഇത്ര ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടും KUWJ എന്ന വരിയുടച്ച സംഘടന എവിടെയാണോ. ആവോ? അവർക്ക് നിലപാടുമില്ല,അഭിപ്രായവുമില്ല. കഴിഞ്ഞ മാസം 25 ന് വൈകുന്നേരം ആറ് മണിക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഈ യോഗ്യന്മാർ അറിഞ്ഞ മട്ടു പോലും കാണിക്കുന്നില്ല.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്തരമൊരു തോന്ന്യാസം നടന്നിട്ട് ആർക്കുമൊരു പരാതിയുമില്ല. ഭക്തന്മാരുടെ കൊട്ടിപ്പാട്ടുകൾ പതിവുപോലെ നടക്കുന്നുണ്ട്. സുരേഷിനും കടവിലിനുമെതിരെ രാജ്യദ്രോഹത്തിനു കൂടി കേസെടുക്കാതിരുന്നത് തന്നെ വല്ല കാര്യം- ഇവർ രണ്ടു പേരും ആട്ടിൻ കുട്ടികളല്ല, അത്ര പരിശുദ്ധന്മാരുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാലും എനിക്കതിൽ അതിശയം തോന്നില്ല- ചായ കുടിക്കാൻ പോയപ്പോഴല്ല കേസെടുത്തതെന്ന് കൂടി പറഞ്ഞാൽ കൊള്ളാം.-

കടവിൽ റഷീദ് കാൻസർ രോഗ ചികിത്സയിലിരിക്കുന്ന വ്യക്തിയാണ്. ആ വിഷമതകൾക്കിടയിലാണ് അയാൾ തന്റെ പണിക്കിറങ്ങിയത്. കടവിലിനെ പാക്കിസ്ഥാനിലേക്ക് വിടണമെന്ന കൂടി പോലീസും ശിങ്കിടികളും പറഞ്ഞാലും അതിശയിക്കേണ്ട-

പോലീസിനു വേണ്ടി മാത്രം നിലകൊള്ളുന്ന മുഖ്യമന്ത്രിയാണ് നമ്മുടേത്- സിറാജ് ലേഖകൻ കെ എം ബഷീറിനെ IAS ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ച് കാറിടിപ്പിച്ച് കൊന്ന സംഭവത്തിൽ അയാളെ രക്ഷിക്കാൻ പോലീസ് നടത്തിയ കള്ളക്കളിയിൽ ഒരു ചെറുവിരൽ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് അന്നനക്കാതിരുന്നതിന്റെ ദുരന്തങ്ങൾ പിന്നീട് കണ്ടു.

തൃശൂരിൽ വൃദ്ധയായ സ്ത്രീയെ ആക്രമിച്ച ആർ എസ് എസുകാരനായ അക്രമിക്കെതിരെ ഫെയിസ് ബുക്കിൽ പോസ്റ്റിട്ട സജീദ് ഖാലിദിനെതിരെ കലാപമുണ്ടാക്കാൻ ശ്രമിച്ചു വെന്ന് കാണിച്ച് കേസെടുത്ത പോലീസാണ് കേരളത്തിലേത്.

എന്നിട്ടും നമ്മൾ പറയുന്നത് കേരളം ക്രമസമാധാന രംഗത്ത് No 1 ആണെന്നാണ്. ഭക്തന്മാർ ആനന്ദിക്കട്ടെ!