Sat. Nov 7th, 2026

രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച പൊതുബജറ്റില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നമാണ് തൊഴിലില്ലായ്മ. എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും വെറും വാക്കുകളായി അവസാനിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമായിരുന്നു ഇത്തവണത്തേത്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ കാര്യമായ ഒന്നുമുണ്ടായില്ല. പൊളളയായ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നിരവധി ആവര്‍ത്തനങ്ങളുള്ളതും പ്രഹസനപരവുമായ ബജറ്റാണിത്. യുവാക്കള്‍ക്ക് ജോലി ലഭിക്കാനുതകുന്ന ആസൂത്രിത ആശയങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല. കൃത്യമായ ആസൂത്രണമില്ലാതെ തയാറാക്കിയ ഇതില്‍ ഗിമ്മിക്കുകള്‍ മാത്രമാണുള്ളത്.

സര്‍ക്കാറിന്റെ മാനസികാവസ്ഥ തന്നെയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. എല്ലാ പ്രഖ്യാപനങ്ങളിലൊതുങ്ങും. ഒന്നും പ്രാവര്‍ത്തികമാക്കാന്‍ പോകുന്നില്ല- രാഹുല്‍ പറഞ്ഞു.