Mon. Nov 23rd, 2026

മഞ്ചിക്കണ്ടിയിൽ കേരളാ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസഗത്തിന്റെ ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ. മണിവാസകാത്തിന്റെ സഹോദരി ലക്ഷ്മി അവരുടെ ഭർത്താവ് ശാലിവാഹനൻ, മകൻ സുധാകർ എന്നിവരെ യു എ പി എ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. സേലം ജില്ലയിലെ തീവട്ടിപ്പട്ടി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ മറ്റ് നിരവധി പേരെ കൂടി പ്രതി ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് അറിയുന്നത്.

പൊലീസ് വിലക്ക് ലംഘിച്ച് മണിവാസകത്തിന്റെ ശരീരം ഏറ്റുവാങ്ങി ഇവർ സംസ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിൽ അടച്ചത്. ജനുവരി 24നാണ് ലക്ഷ്മിയെയും മകൻ സുധാകരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 26ന് ലക്ഷ്മിയുടെ ഭർത്താവ് ഷാലിവാഹനനെയും അറസ്റ്റു ചെയ്തു. പിന്നീട് ഇയാളുടെ പേരിലും യു.എ.പി.എ ചുമത്തുകയായിരുന്നു.

മണിവാസഗത്തിന്റെ ഭാര്യ കല, സഹോദരി ചന്ദ്ര എന്നിവർക്ക് മണിവാസഗത്തിന്റെ മൃതശരീരം അടക്കം ചെയ്യുന്നതിനും, അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാനും അനുവാദം നൽകണമെന്ന് അപേക്ഷിച്ചു കൊണ്ട് ഇപ്പോൾ അറസ്റ്റു ചെയ്യപ്പെട്ട സുധാകർ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ചെന്നെ ഹൈക്കോടതി മണിവാസഗത്തിന്റെ മൃതശരീരം അദ്ദേഹത്തിന്റെ നാട്ടിൽ എത്തിക്കാനുത്തരവിട്ടു. സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ കല, ചന്ദ്ര എന്നിവർക്ക് പരോൾ അനുവദിക്കുകയും ചെയ്തു.

എന്നാൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ അവരുടെ ജന്മനാട്ടിൽ സംസ്ക്കരിക്കുന്നത് തടയാൻ പോലീസ് ശ്രമിച്ചു. മണിവാസഗത്തോടൊപ്പം കൊല ചെയ്യപ്പെട്ട കാർത്തിയുടെ മൃതദേഹം ഏറ്റെടുക്കാൻ എത്തിയ ബന്ധുക്കളോട് മൃതശരീരം പൊലീസ് തന്നെ അതിർത്തി കടത്തി തരാമെന്നും അതിർത്തിയിൽ വച്ച് തമിഴ്നാട് പോലീസിന് കൈമാറുമെന്നും തമിഴ്നാട് പോലീസ് നാട്ടിൽ എത്തിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ തമിഴ്നാട് അതിർത്തിയിൽ വച്ച് ഏറ്റെടുത്ത മൃതദേഹം തമിഴ്നാട് പൊലീസ് കോയമ്പത്തൂരുള്ള ശ്മശാനത്തിൽ കൊണ്ട് പോയി ദഹിപ്പിക്കുകയായിരുന്നു.

എന്നാൽ മണിവാസഗത്തിന്റെ കാര്യത്തിൽ തമിഴ്നാട്ടിലെ മനുഷ്യാവകാശ പ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും ജാഗ്രത കാരണം പോലീസ് എന്നാണ് നീക്കം പരാജയപ്പെട്ടു. അതിന്റെ പ്രതികാരമായാണ് ഇപ്പോൾ യു. എ. പി.എ. ചുമത്തി മണിവാസഗത്തിന്റെ സഹോദരിയേയും കുടുംബത്തെയും ജയിലിലടച്ചിരിക്കുന്നത് എന്നാണ് അവരുടെ അഭിഭാഷകൻ പറയുന്നത്. മണിവാസഗത്തിന്റെ മൃതശരീരം അടക്കം ചെയ്യുന്ന വേളയിൽ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് മുദ്രാവാക്യം വിളിച്ചു എന്നതാണ് ഇവർക്കെതിരായ ആരോപണം.

കോടതി പരോൾ അനുവദിച്ച പ്രകാരം സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ജയിലിൽ നിന്നു വന്ന മണിവാസഗത്തിന്റെ ഭാര്യ കലയേയും സഹോദരി ചന്ദ്രയേയും വീട്ടിൽ തങ്ങാൻ അനുവദിച്ചതിനാലാണ് ലക്ഷ്മിയേയും കുടുംബത്തേയും പ്രതി ചേർത്തതെന്ന് പോലീസ് പറഞ്ഞതെന്നാണ് റിപ്പോർട്ട്. തടവിൽ കഴിയുന്ന കലയേയും ചന്ദ്രയേയും ഈ കേസിലും പ്രതി ചേർത്തിട്ടുണ്ട്.

മണിവാസഗത്തിന്റെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലെ ഹർജിക്കാരി ലക്ഷ്മി ആയിരുന്നു. വിശദമായ അന്വേഷണം നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഈ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. നിയമപരമായ മാർഗ്ഗങ്ങളിലൂടെ തന്റെ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തെത്തിക്കാൻ ശ്രമിച്ച ഒരു കുടുംബമാണ് ഒന്നടങ്കം തടവിലാക്കപ്പെട്ടത്.ചെങ്കൽ തൊഴിലാളികളായ കുടുംബത്തെ അകാരണമായി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം തുടങ്ങാനാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ തീരുമാനം. ഒപ്പം നിയമപരമായി നേരിടാനും നീക്കം തുടങ്ങിയിട്ടുണ്ട്.