Sun. Nov 22nd, 2026

കാസർകോട് മഞ്ചേശ്വരത്തെ മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി കെ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ സ്‌കൂളിലെ സഹഅധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും കാറില്‍ മൃതദേഹം കൊണ്ടുപോകാന്‍ സഹായിച്ച വെങ്കിട്ടരമണയുടെ ഡ്രൈവർ നിരഞ്ജനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോയ വെങ്കിട്ട രമണയുടെ കാറില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. വെങ്കിട്ട രമണയുമായി രൂപശ്രീക്ക് ബന്ധമുണ്ടായിരുന്നു. ഇവര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ നേരത്തെ കിടപ്പുമുറിയിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. രൂപശ്രീയെ അവസാനമായി ഫോണില്‍ വിളിച്ചത് ഈ അധ്യാപകനാണെന്നും ഇവര്‍തമ്മില്‍ നേരത്തേ അടുപ്പമുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് വെങ്കിട്ടരമണ കരന്തരയെ പോലീസിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ലോക്കൽ പോലീസിന് തെളിവ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പിഴവില്ലാത്ത അന്വേഷണമാണ് കൊലപാതകിയെ കുടുക്കിയത്.

രൂപശ്രീയെ വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം തലമുടി മുറിച്ച് നീക്കിയിട്ടാണ് വെങ്കിട്ടരമണ മൃതദേഹം തന്റെ കാറിൽ കൊണ്ടുപോയി കോയിപ്പാടി കടപ്പുറത്ത് തള്ളിയത്. രൂപശ്രീയുടെ ബാഗും ഐഡിന്റിറ്റി കാർഡും കണ്ണൂരിൽ ഉപേക്ഷിക്കുകയും ചെയ്തു. വെങ്കിട്ടരമണയുടെ കാറിൽ നിന്നും രൂപശ്രീയുടെ തലമുടി ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും തലമുടി ലഭിച്ചിരുന്നു.


തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ അധ്യാപകനാണെന്ന് രൂപശ്രീ പറഞ്ഞിട്ടുണ്ടെന്ന് കുടുംബാംഗങ്ങളും പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയുടെയും കുടുംബാംഗങ്ങളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

രൂപശ്രീയെ കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ജനുവരി 16ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയിൽ കടപ്പുറത്ത് മൃതദേഹം അടിയുകയായിരുന്നു.