Tue. Apr 16th, 2024

വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ടിനാണ് തീപിടിച്ചത്. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നെത്തിയ പതിമൂന്നംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് സ്ത്രീകളും നാല് പുരുഷന്‍മാരും മൂന്നു കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബോട്ടിലെ യാത്രക്കാരെ സ്പീഡ് ബോട്ടുകളില്‍ മുഹമ്മ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് അഗ്നിക്കിരയായത്. തീപിടിച്ചതോടെ, കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. മുഹമ്മയില്‍ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എസ്- 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീ പിടിച്ചത് ആദ്യം കണ്ടത്.

തീ പടര്‍ന്നതോടെ, യാത്രക്കാര്‍ കായലിലേക്ക് ചാടി. ഇവരില്‍ ഒരാളുടെ കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലില്‍ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിലേക്ക് ചാടിയ യാത്രികരെ ജലഗതാഗതവകുപ്പ് ബോട്ടില്‍ കയറ്റി. ഹൗസ് ബോട്ടിലെ ജീവനക്കാരായ മറ്റു മൂന്നുപേരെ ചെറുവള്ളങ്ങളില്‍ എത്തിയവര്‍ കരയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂര്‍ണമായും കത്തി.

ഹൗസ്ബോട്ടിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീ പടര്‍ന്നത്. പാചകവാതക ചോര്‍ച്ചയോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ ആവാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.