പന്തീരങ്കാവ് യു എ പി എ കേസില്‍ അറസ്റ്റിലായ അലനും താഹക്കുമെതിരെ യു എ പി എ ചുമത്തിയതില്‍ വിയോജിപ്പുമായി സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്. മുഖ്യമന്ത്രി പറയുന്നത് പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. സി പി എം. യു എ പി എക്ക് എതിരാണ്. അലനും താഹക്കുമെതിരെ യു എ പി എ ചുമത്തേണ്ട എന്ന നിലപാട് തന്നെയാണ് ഇപ്പോഴും പാര്‍ട്ടിക്കുള്ളത്. ഇരുവര്‍ക്കുമെതിരായ പാർട്ടിനേതാക്കളുടെ പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു.
അറസ്റ്റിലായ അലന്റെയും താഹയുടെയും ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു. അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. അവര്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്ന് ജില്ലാസെക്രട്ടറി ആഗ്രഹ പ്രകടനവും നടത്തിയിട്ടുണ്ട്.
മുസ്ലിം ലീഗ് വിഷയത്തിൽ ഇടപെടുകയും യുഡിഎഫ് നെക്കൊണ്ട് വിഷയം ഏറ്റടുപ്പിക്കുകയും ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകൾ സന്ദർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി മാവോയിസ്റ്റാണെന്ന് പ്രഖ്യാപിച്ച, എൻഐഎ കേരളാപോലീസിന്റെ കയ്യിൽനിന്നു തട്ടിപ്പറിച്ചുകൊണ്ടുപോയെന്ന് പറയുന്ന കേസിലെ പ്രതികൾ കാപ്പികുടിക്കാൻ പോയതല്ലെന്ന് മുഖ്യമന്ത്രി പോലീസ് പറഞ്ഞതുകേട്ട് പറഞ്ഞതാണെന്നും അവർപാര്ട്ടി അംഗങ്ങൾ തന്നെയാണെന്നും ജില്ലാസെക്രട്ടറിക്ക് തിരിച്ചറിവ് ഉണ്ടായിരിക്കുന്നത്.മാത്രമല്ല പോലീസും മറ്റുള്ളവരും പറയുന്നത് കേൾക്കുന്നതല്ലാതെ അറസ്റ്റിലായ അലന്റെയും താഹയുടെയും ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന് ഇപ്പോഴെങ്കിലും ബോധോദയം ഉണ്ടായതായാണ് പ്രസ്താവനയിൽ നിന്നും മനസിലാകുന്നത്.