Thu. Apr 25th, 2024

മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാൻഡ് കാലാവധി കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി. കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കു. കോടതി നിർദേശപ്രകാരം ഇരുവരെയും തൃശൂർ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റി.

തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനുള്ള തെളിവ് കൊണ്ടുവരണമെന്ന് ജയിലിലടക്കപ്പെട്ട അലന്‍ ഷുഹൈബും താഹ ഫസലും പറഞ്ഞു. സി പി എമ്മിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വോട്ട് പിടിക്കാനും ഒരുപാട് തെണ്ടിനടന്നിട്ടുണ്ട്. തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്നും ബോംബ് വെച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി തെളിയിക്കണം.എന്‍ ഐ എ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. മാവോയിസ്റ്റുകള്‍ വിതരണം ചെയ്ത ലഘുലേഖകള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തതിനെ തുടര്‍ന്നാണ് യു എ പി എ ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്

കോഴിക്കോട് സെഷൻസ് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് എൻ.ഐ.എ ഏറ്റെടുത്തത്തോടെയാണ് കൊച്ചിയിലേക്ക് മാറ്റിയത്. കേസിന്‍റെ രേഖകൾ എൻ.ഐ.എ കോടതിക്ക് കൈമാറിയിരുന്നു. നവംബർ ഒന്നിനാണ് പാർട്ടി മെമ്പർഷിപ്പ് ഉള്ള സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്‍റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.

2008 ൽ യുഎപിഎ നിയമം പാസായത് സി.പി.എം പിന്തുണയോട് കൂടിയാണെങ്കിലും പിന്നീട് സിപിഎം നിലപാട് മാറ്റിയിരുന്നു. അലന്റെയും താഹയുടെയും അറസ്റ്റ് സിപിഎം ദേശീയ നേതാക്കൾ എല്ലാം അപലപിച്ചിരുന്നെങ്കിലും സിപിഎം കേരള നേതൃത്വം പോലീസിനൊപ്പം നിൽക്കുകയാണ് ഉണ്ടായത്. പിന്നീട് മുഖ്യമന്ത്രിതന്നെ പത്രസമ്മേളനം നടത്തി അലനെയും താഹയെയും മാവോയിസ്റ്റായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

NIA നിയമത്തിനെതിരെ ഛത്തീസ്ഗഢ് സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ കേസ്ഫയൽ ചെയ്തിട്ടുണ്ട് . ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ ഈ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.