Sun. Feb 25th, 2024

റോയി മാത്യു

സുപ്രീം കോടതി വിധി പ്രകാരം നിയമ വിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ളാറ്റുകൾ ഇന്ന് പൊളിച്ചു നീക്കി. ഇന്നലെ സുപ്രീം കോടതി മറ്റൊരു കേസിൽ ആലപ്പുഴ- ചേർത്തലയ്ക്കടുത്ത് വേമ്പനാട്ട് കായലിൽ നെടിയതുരുത്ത് ദ്വീപിൽ നിർമ്മിച്ച കാപി കോ റിസോർട്ട് പൊളിച്ചു നീക്കാൻ ഉത്തരവിട്ടു. ഏഴ് ഏക്കർ സർക്കാർ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ച 35,900 ചതുരശ്ര അടി കെട്ടിടമാണ് പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഒരു സംഘം മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതാക്കിയതിനെതിരെ ഊന്നുവലത്തൊഴിലാളികളാണ് കേസുമായി മുന്നോട്ടു പോയത് . ഒടുവിൽ അവരുടെ പോരാട്ടം വിജയം കണ്ടു.

കുവൈറ്റ് ആസ്ഥാനമായ ഗ്രൂപ്പാണ് കാപികോ. മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം. മാത്യുവുമായി ചേർന്നായിരുന്നു റിസോർട്ട് നിർമ്മാണം. 2007 ൽ നിർമ്മാണം ആരംഭിച്ച ഈ റിസോർട്ട് 2013 ൽ പൊളിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ രാഷ്ടീയ സ്വാധീനങ്ങളും ഉപയോഗിച്ച് വിധി നടപ്പാക്കാതിരിക്കാനും, അട്ടിമറിക്കാനും കാപികോ പരമാവധി ശ്രമിച്ചു.

അങ്ങനെ 2013 ൽ ഹൈക്കോടതി വിധി വന്ന ശേഷം മുത്തുറ്റ് ഗ്രൂപ്പ് അവരുടെ സ്വാധീനമുപയോഗിച്ച് എല്ലാ രാഷ്ട്രീയ കക്ഷിയിലേയും MLA മാരുടെ ഒപ്പു ശേഖരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകി. മുന്നണി ഭേദമില്ലാതെ അവർ മുത്തൂറ്റിനു വേണ്ടി ഒപ്പിയാൻ യജ്ഞം നടത്തി. മൊതലാളിമാരെ രാഷ്ട്രീയ ഭേദമില്ലാതെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല. അവർ പ്രേമിച്ചോട്ടെ! കാശ് മുടക്കിയവൻ പല അഭ്യാസവും കാണിക്കും. അതവരുടെ കാര്യം! അതിനൊക്കെ പോയി ഓശാന പാടുന്നവരാണ് അപകടകാരികൾ.

പക്ഷേ, കർത്താവിന്റെ രണ്ടാമത്തെ വരവിന് വേണ്ടി കച്ചമുറുക്കി കാലും നീട്ടി ഇരിക്കുന്ന ഭൂമി മലയാളത്തിലെ മെത്രാൻന്മാർക്ക് ഈ റിസോർട്ട് കച്ചവടത്തിൽ എന്താ ഇത്ര താല്പര്യം? കീരീം പാമ്പും പോലെ പോരടിക്കുന്ന ഓർത്തഡോക്സ് – യാക്കോബായ ബാവാ മാർ ഒരു മിച്ച് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിട്ടു. തൊട്ടുപിന്നാലെ മലങ്കര കത്തോലിക്ക സഭയുടെ കർദ്ദിനാൾ മാർ ക്ലിമീസ്.

പിന്നെ ചുക്കു ചേരാത്ത കഷായമില്ലെന്ന് പറഞ്ഞ പോലെ മാർത്തോമ്മ സഭയുടെ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത – സുപ്രീം ഹെഡ് ഓഫ് മാർത്തോമ്മ ചർച്ച്, തിരുവല്ല എന്ന് വിലാസം മൊത്തമായി എഴുതി ഒപ്പും സീലും വെച്ചു കൊടുത്തിട്ടുണ്ട്.

പലിശക്കച്ചവടം നടത്തുന്ന മൊതലാളിയോടുള്ള കളർ കുപ്പായക്കാരന്മാരുടെ വിധേയത്വം, എന്തൊരു വിനയം, എന്തൊരു താഴ്മ – നിവേദനത്തിലെ അവരുടെ ആർദ്രമായ വചനങ്ങൾ നിങ്ങൾ വായിക്കുക കുഞ്ഞാടുകളേ -ഈ മെത്രാൻ ഒപ്പിയാൻ സംഘം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത നിവേദനം വായിച്ച് ഞാൻ കണ്ണീർ വാർത്തു, എന്റെ ഹൃദയം തേങ്ങി .

“ബഹുമാനപ്പെട്ട സുപ്രീം കോടതി കേരളത്തിന്റെ ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരോടും തീരദേശ പരിപാലന നിയമപ്രകാരം അല്ലാതെ പ്രവർത്തിക്കുന്ന ഹൗസ് ബോട്ട്, വേമ്പനാട്ട് കായലിനോടും, പുഴകളോടും, ഹോട്ടലുകളും റിസോർട്ടുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഏതെല്ലാമെന്ന് ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ റിപ്പോർട്ട് നൽകുമ്പോൾ കേരളത്തിന്റെ ടൂറിസം വികസനത്തെ യാതൊരു രീതിയിലും ബാധിക്കാത്ത തരത്തിലുള്ള റിപ്പോർട്ട് നൽകുവാൻ ഓർമ്മ പ്പെടുത്തുന്നു. മറിച്ച് തീരദേശ നിയമലംഘനങ്ങളെ റിപ്പോർട്ടു ചെയ്യുകയാണെങ്കിൽ ഏതാണ്ട് 50000 കോടി രൂപ മുടക്കിയിട്ടുള്ള പല ഹോട്ടലുകളും റിസോർട്ടുകളും വ്യവസായ സ്ഥാപനങ്ങളും പൊളിച്ചു നീക്കേണ്ട സാഹചര്യം കേരളം അഭിമുഖീകരിക്കേണ്ടി വരും.

ഇതുകൊണ്ട് അനേകം തൊഴിലവസരങ്ങളും സാമ്പത്തിക വരുമാനവും കേരളത്തിന് നഷ്ടമാവും. ഈ ഭീകരാവസ്ഥ കണക്കിലെടുത്ത് ഒരു സബ് കമ്മിറ്റിയെ ഈ വിഷയം പഠിക്കാൻ ചുമതലപ്പെടുത്തി ആ റിപ്പോർട്ട് വാങ്ങിയ ശേഷം മാത്രമേ സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകാൻ പാടുള്ളു എന്ന് നിർദ്ദേശിക്കണമെന്നും അപേക്ഷിച്ചു കൊള്ളുന്നു. “

യാതൊരു ലജ്ജയുമില്ലാതെ നിയമ വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഒരു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. രാജ്യത്തെ നിയമ വ്യവസ്ഥയോട്, നീതി നിർവഹണ സ്ഥാപനങ്ങളോട് ഈ ഏഭ്യന്മാർക്ക് ഒരു ആദരവുമില്ല. ഏത് തോന്ന്യാസവും ഈ വേഷത്തിന്റെ മറവിൽ ചെയ്യാമെന്ന ധാർഷ്ട്യമാണ് ഇവരെ നയിക്കുന്നത്. കൊള്ള പലിശ മേടിക്കുന്ന ഒരു സ്ഥാപനമുടമയോടാണ് ഈ പരാന്ന ജീവികളുടെ വിധേയത്വം എന്നോർക്കുക. അയാളുടെ പിച്ചക്കാശിനു മുന്നിൽ നടുവളഞ്ഞു നിന്ന് ഒപ്പിട്ട് കൊടുത്ത ഇവമ്മാരെ മടല് വെട്ടി അടിക്കാനുള്ള ആർജ്ജവം ഈ വിശ്വാസികളെന്ന വിവരദോഷികൾ എന്ന് കാണിക്കുമോ അന്നേ ഈ നാട് രക്ഷപ്പെട്ടുകയുള്ളു.

കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച്, വികസന മുരടിപ്പിനെക്കുറിച്ച് കുപ്പായമിട്ട ഈ കാളകൂട സർപ്പങ്ങളുടെ മനോവേദനയിൽ കർത്താവു പോലും കനിഞ്ഞില്ല. മദ്യ നിരോധനം വേണമെന്നു പറഞ്ഞു പുകിലുണ്ടാക്കുന്ന ഈ ഫ്രോഡുകളാണ് സെവൻ സ്റ്റാർ റിസോർട്ടിന് അനുമതി കൊടുക്കണമെന്ന് പറഞ്ഞ് നിവേദനം കൊടുക്കുന്നത്?

തീരദേശങ്ങളിൽ, റോഡരുകിൽ പുറമ്പോക്കിൽ, ഒന്നും രണ്ടും സെന്റ് ഭൂമിയിൽ ഒരു കുര വെക്കാൻ സർക്കാരാപ്പീസിൽ കേറി ഇറങ്ങുന്ന പാവങ്ങൾക്കു വേണ്ടി ഇവർ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു നിവേദനം മുഖ്യമന്ത്രിക്കോ, വില്ലേജാപ്പീസർക്കോ കൊടുത്തിട്ടുണ്ടോ? ഇല്ല, കാരണം അവരുടെ കയ്യിൽ പളപളപ്പൻ നോട്ട് കെട്ടില്ല.- അതുള്ളത് മുത്തുറ്റിന്റെ കയ്യിലാണ്. ഇവിടെയാണ് റെഞ്ജി പണിക്കരുടെ പ്രസിദ്ധമായ വാക്കുകൾ അന്വർത്ഥമാകുന്നത് – ” അന്യൻ വിയർക്കുന്ന കാശും കൊണ്ട് …….”