Sun. Nov 22nd, 2026

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികളോട് വീടൊഴിയാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ലജ്പത് നഗറിലെ വീടിന്റെ ഉടമയാണ് നിര്‍ദ്ദേശം നല്‍കിയത്. സൂര്യ, ഹര്‍മിയ എന്നീ പെണ്‍കുട്ടികളാണ് പ്രതിഷേധിച്ചത്. ഇവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെയാള്‍ അഭിഭാഷകയുമാണ്. ഇവര്‍ ഇന്ന് തന്നെ വീടൊഴിഞ്ഞേക്കും.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയപ്പോഴാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായത്. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ചണ്ഡീബസാറിന് സമീപം ഗൃഹസന്ദര്‍ശനത്തിന് എത്തിയ അമിത് ഷായ്‌ക്കെതിരെ ഗോബാക്ക് വിളികളുയര്‍ത്തിയാണ് സൂര്യയും ഹര്‍മിയയും പ്രതിഷേധിച്ചത്. നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയില്‍ എത്തിയത്. ജനങ്ങളുമായി സംവാദത്തിന് എത്തിയ അമിത് ഷായ്ക്ക് നേരെ രണ്ട് പെണ്‍കുട്ടികള്‍ ഗോബാക്ക് വിളിച്ചു.

മുദ്രാവാക്യം മുഴക്കിയുള്ള പ്രതിഷേധത്തിന് പിന്നാലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വെള്ളത്തുണിയില്‍ ചായം കൊണ്ട് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനര്‍ വീടിന് മുകളില്‍ നിന്ന് താഴോട്ട് വിരിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ കോളനി നിവാസികളും പ്രതിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിവരിക്കാന്‍ ആദ്യം കയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായത്. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ തയ്യാറായില്ല.

കാലങ്ങളായി ബി.ജെ.പിക്ക് സ്വാധീനമുള്ള സ്ഥലമാണ് ലജ്പത് നഗര്‍. അതുകൊണ്ടുതന്നെയാണ് സി.എ.എ അനുകൂല പ്രചരണ പരിപാടിക്ക് ലജ്പത് നഗര്‍ തന്നെ തിരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ തന്നെ പ്രതിഷേധം ഉണ്ടായത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കടുത്തതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇതോടെയാണ് ഗൃഹസന്ദര്‍ശനത്തിലൂടെ നിയമത്തിന് അനുകൂലമായ പ്രചരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്.