Sun. Nov 22nd, 2026

എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിന് സമീപമുള്ള A S M I കോൺഗ്രിഗേഷന് കീഴിലുള്ള  സെൻറ് ജോസഫ് അസീസി കോൺവെന്റിൽ ലൈംഗിക പീഡനങ്ങള്‍ ചെറുത്തുനിന്നതിന്റെ പേരില്‍ പുറത്തുപോയ കന്യാസ്ത്രീയുടെ പത്രമേനി തുക തിരിച്ചു നല്‍കാത്തതിനെതിരെ മഠത്തിനുമുമ്പില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ബക്കറ്റ് പിരിവ് നടത്താനൊരുങ്ങുന്നു.ന്യൂ ഇയർ ദിനത്തിൽ ലൂര്‍ദ് ഹോസ്പിറ്റലിന് സമീപമുള്ള മഠത്തിന് മുമ്പിലാണ് ബക്കറ്റ് പിരിവ് നടത്തുന്നത്.

15 വർഷം സഭയില്‍ പ്രവര്‍ത്തിച്ച ഇവര്‍ക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഠം അധികൃതര്‍ ചില്ലി പൈസ പോലും അവര്‍ക്ക് നല്‍കിയില്ല. മഠത്തിൽ ചേരുമ്പോൾ നൽകിയ പത്രമേനി എന്ന യേശുവിനെ കൊണ്ടുകെട്ടിക്കാമെന്ന് പറഞ്ഞു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പറ്റിച്ച് സഭ നടത്തുന്ന വിവാഹത്തട്ടിപ്പിലെ സ്ത്രീധന തുകയും തിരിച്ചു നൽകിയിട്ടില്ല.

ഈ കന്യാസ്ത്രീക്ക് നഷ്ടപരിഹാരം നൽകണമെന്ന അവരുടെ ആവശ്യം സഭ അംഗീകരിക്കണമെന്നും പത്രമേനിയും നഷ്ടപരിഹാരവും തിരികെ നൽകണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സഭയുടെ ഭാഗത്തുനിന്നും മറുപടിയുണ്ടായില്ല.വളരെ ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഈ മുന്‍ കന്യാസ്ത്രീക്ക് പ്രത്യേകിച്ച് തൊഴില്‍ ഒന്നുമില്ല. മഠത്തിൽ ചേർന്നതിനാൽ വിദ്യാഭ്യാസവും തുടരാനായില്ല. ലൈംഗീകപീഡനം എതിർത്തതിനെത്തുടർന്ന് മഠം ഉപേക്ഷിക്കേണ്ടിവന്ന ഇവരുടെ വിവാഹ ആവശ്യത്തിനായിട്ടാണ് സഭയോട് പണം ആവശ്യപ്പെട്ടത്. അത് ലഭിക്കാത്ത സാഹചര്യത്തിലാണ് സഭാ നവീകരണ സമിതിയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും സംയുക്തമായി മഠത്തിന് സമീപം ലൂർദ്ദ്‌ ആശുപത്രിക്ക് മുന്നിൽ ബക്കറ്റ് പിരിവുമായി രംഗത്തിറങ്ങുന്നത്.

മഠത്തിനുള്ളിലെ പുരോഹിതന്മാരുടെ ലൈംഗീക പീഡനത്തെയും മുതിർന്ന കന്യാസ്ത്രീകളുടെ പ്രകൃതി വിരുദ്ധ പീഡനങ്ങളോടും ലൈംഗികഅരാജകത്വത്തോടും പ്രതികരിച്ചതുകൊണ്ടാണ് മഠം വിട്ടതെന്ന് കന്യാസ്ത്രീ പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന ബക്കറ്റ് പിരിവ് വേളയില്‍ താന്‍ അനുഭവിച്ച പീഡനങ്ങളും മറ്റും പരസ്യമായി വെളിപ്പെടുത്തുമെന്ന് കന്യാസ്ത്രീ പറഞ്ഞു.

രാത്രി കാലങ്ങളില്‍ വൈദികര്‍ വന്ന് മഠത്തില്‍ താമസിക്കുകയും കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവ് കാഴ്ചയുമാണെന്ന് ഇവര്‍ പറയുന്നു. രാത്രി എത്ര വൈകി പുരോഹിതര്‍ വന്നാലും അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. പിന്നെ അവരുടെ ലൈംഗികചേഷ്ഠകള്‍ക്ക് നിന്നുകൊടുക്കണം. ഇതിന് കഴിയാത്തതുകൊണ്ടാണ് താന്‍ അസീസി മഠം വിട്ടത്. ഒരു ലൈംഗിക ഉപകരണമായി മാറാന്‍ തനിക്ക് മനസ്സില്ലെന്ന് തീരുമാനിച്ചതുകൊണ്ടാണ് കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ചതെന്ന് അവർ പറഞ്ഞു.

നാല് പെണ്‍കുട്ടികള്‍ അടങ്ങിയ വളരെ ദരിദ്രമായ കുടുംബത്തിലെ അംഗമാണ് ഈ കന്യാസ്ത്രീ.കത്തോലിക്ക നവീകരണ സമിതി നേതാവായ ജോര്‍ജ് ജോസഫ് ഇവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കണമെന്നാവശ്യപ്പെട്ട് അസീസി അധികാരികളെ സമീപിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ മഠം ഉപേക്ഷിച്ചു കുടുംബ ജീവിതം നയിക്കാന്‍ തീരുമാനിക്കുന്നത്.വിവാദമാക്കാതെ സ്വസ്ഥമായ ജീവിതം നയിക്കാന്‍ പണം ആവശ്യപ്പെട്ടാണ് മഠം അധികാരികളെ സമീപിച്ചത്. അവരുടെ 15 വർഷത്തെ അദ്ധ്വാനത്തിനുള്ള തുകയാണ് അസീസിക്കാരോട് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. നിങ്ങളുടെ സംഘടന ഇതില്‍ ഇടപെടണ്ട, ഞങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്‌തോളാം എന്നായിരുന്നു അസീസിക്കാരുടെ നിലപാട്. ഡിസംബര്‍ 15 വരെ തങ്ങള്‍ കാത്തിരിക്കുമെന്ന് മഠം അധികാരികളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്നും ഒരു മറുപടിയും ഉണ്ടായില്ല. അതുകൊണ്ടാണ് മഠത്തിനു മുമ്പില്‍ ബക്കറ്റ് പിരിവിനിറങ്ങുന്നതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിനുശേഷം സംസ്ഥാനത്ത് നിരവധി കന്യാസ്ത്രീ മഠങ്ങളിലെ ഇത്തരത്തിലുള്ള കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.പതിവിൽനിന്നു വിപരീതമായി കത്തോലിക്കാസഭയ്ക്കുള്ളിൽത്തന്നെ ഇതിനെയൊക്കെ ചോദ്യം ചെയ്യുന്ന ഒരു നവോത്ഥാന വിഭാഗം ഉയർന്നു വരുന്നുണ്ട്. എറണാകുളത്തെ അസീസി മഠം വിട്ട ഈ കന്യാസ്ത്രീ സ്വന്തം ഇഷ്ട പ്രകാരമാണ് മഠം വിട്ടു പോകുന്നതെന്ന തരത്തില്‍ ഒരു കത്ത് തയ്യാറാക്കി കന്യാസ്ത്രീയുടെ പിതാവിനോട് ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഓരോ ദിവസവും സഭയ്ക്കുള്ളിലുള്ളവർ തന്നെ പുറത്തുകൊണ്ടുവരുന്നത്. സഭയ്ക്കുള്ളിലെ ലൈംഗിക പീഡന സംഭവങ്ങള്‍ ഒളിച്ചു വെക്കരുതെന്ന് ഇക്കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേക കത്തിലൂടെ വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു.

എന്തായാലും നഷ്ടപരിഹാരം നല്‍കാത്ത മഠം അധികാരികളുടെ നിലപാടിനെതിരെയുള്ള ബക്കറ്റ് പിരിവ് കത്തോലിക്ക സഭയെ വീണ്ടും നാണക്കേടില്‍ എത്തിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.അന്നേദിവസം പീഡനത്തിനിരയായ കന്യാസ്ത്രീ എറണാകുളത്ത് മാധ്യമങ്ങളെ കാണുമെന്നും പറഞ്ഞു.