Sat. Nov 21st, 2026

87-ാമത് ശിവഗിരി തീര്‍ത്ഥാടനം തുടങ്ങി. മൂന്ന് ദിവസത്തെ തീര്‍ത്ഥാടനചടങ്ങുകള്‍ ജനുവരി 1ന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ തീര്‍ത്ഥാടന സന്ദേശം ഭക്തരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതെന്ന് ശിവഗിരി മഠം അറിയിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തീർത്ഥാടനം ഉദ്ഘാടനം ചെയ്തു.ജാതി വിവേചനം പൂർണമായി അവസാനിപ്പിച്ച് ജാതിരഹിത സമൂഹമാകണം ഭാവിയിലെ ഇന്ത്യയെന്ന് തീർത്ഥാടനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥി ആയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,​ തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വർക്കിംഗ് ചെയർമാൻ കെ.ജി.ബാബുരാജ്, രക്ഷാധികാരി ഗോകുലം ഗോപാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

31ന് ചൊവ്വാഴ്ച രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഓഫ് ദ സെനറ്റ് പാര്‍ലമെന്റ് ഓഫ് മലേഷ്യ എസ്.എ. വിഘ്‌നേശ്വര്‍ മുഖ്യാതിഥിയായിരിക്കും. ജനുവരി ഒന്നിന് നടക്കുന്ന സംഘടനാ സമ്മേളനം കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍.അശ്വത് നാരായണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനാണ് സമാപന സമ്മേളനം നടക്കുക

ഇത്തവണ ശിവഗിരി തീർത്ഥാടനം നടക്കുന്നത് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ്. മഠത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവ് ഗ്രീൻസോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തീർത്ഥാടന സമയത്ത് എത്തുന്ന കച്ചവടക്കാർ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.

87-ാം ശിവഗിരി തീർത്ഥാടനം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങൾ ശിവഗിരി മഠവും വർക്കല നഗരസഭയും ഏർപ്പെടുത്തി. മഠത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവ് ജില്ലാ കളക്ടർ ഗ്രീൻസോണായി പ്രഖ്യാപിച്ചു. പ്ലാസറ്റിക് സാധനങ്ങളൊന്നും കൊണ്ടുവരരുതെന്ന് ശിവിഗിരി മഠം തീർത്ഥാടകർക്ക് അറിയിപ്പ് നൽകി.

മഠത്തിന് സമീപത്ത് പ്ലാസ്റ്റിക് അനുവദിക്കില്ല. കുപ്പി വെള്ളത്തിന് പകരം തിളപ്പിച്ച വെള്ളം 24 മണിക്കൂറും വിതരണം ചെയ്യും. കച്ചവടക്കാർ ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ക്രമീകരണവും ഏർപ്പെടുത്തി.

കോളജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമുള്ള 200 എൻ.എസ്.എസ് വോളന്റിയേഴ്‌സ് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കാൻ രംഗത്തുണ്ടാകും. ശുചിത്വ കേരള മിഷൻ, വർക്കല നഗരസഭ, ആരോഗ്യ വകുപ്പ് എന്നിവരാണ് ഗ്രീൻ പ്രോട്ടോക്കാൾ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.