ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന് നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാർ ചെയ്യുമെന്നും ഇതും അതുപോലെത്തെന്നെയാണ് ജനം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നടൻ മാമുക്കോയ. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം ‘ഞാൻ പൗരൻ പേര് ഭാരതീയൻ’, പൗരത്വം ഔദാര്യമല്ല എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു മാമൂക്കോയയുടെ പ്രതികരണം.
20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവർ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല- മാമൂക്കോയ പറഞ്ഞു.
തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നും ആദ്ദേഹം വ്യക്തമാക്കി. മാമുക്കോയ, എം.ജി.എസ് നാരായണൻ, കൽപ്പറ്റ നാരായണൻ, കെ.ഇ.എൻ, യു.കെ കുമാരൻ, ആര്യാടന് ഷൗക്കത്ത് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങൾ കേരളത്തിലും ശക്തമായി വരികയാണ്. രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കും രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ഇന്ന് ഡി വൈ എഫ് ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ സംജാതമായി. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെ പോലീസിനു നേരെ കല്ലേറുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച സി പി ഐ പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. എറണാകുളത്തുംവയനാട് കല്‍പ്പറ്റയിലും എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രകടനം നടന്നു.