Tue. Nov 24th, 2026

ആർ. അജയൻ

കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലം മുതൽക്കാണ് മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കേന്ദ്ര ഫണ്ട് തരപ്പെടുത്താനായി പോലീസിനെ കെട്ടഴിച്ചുവിടുന്ന പണി തുടങ്ങിയത്. അന്ന് വയനാട്ടിലെ ആദിവാസി കോളനിയിൽ നിന്ന് ഒരു ചെറുപ്പക്കാരനെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ ചുമത്തിയ കുറ്റം അയാളുടെ കൈവശം ലെനിൻറെ “ഭരണകൂടവും വിപ്ലവവും”എന്ന പുസ്തകം കണ്ടെത്തി എന്നതായിരുന്നു. ”ഭരണകൂടവും വിപ്ലവവും” ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാർ ശ്രദ്ധാപൂർവ്വം പഠിക്കുന്ന ക്‌ളാസിക്ക് കൃതിയാണ് എന്നും അത് ഒരിടത്തും നിരോധിക്കപ്പെട്ടിട്ടില്ലെന്നും തിരിച്ചറിയാനുള്ള വകതിരിവ് കൊടിയേരിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 1970 നു ശേഷം ഇന്ത്യയിൽ പല രൂപത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് രാഷ്ട്രീയം സി പി എം ൻറെ ഗർഭപാത്രത്തിൽ നിന്ന് തന്നെ പുറത്തുവന്നതാണെന്ന യാഥാർഥ്യബോധം കോടിയേരി ബാലകൃഷ്ണനും ചില സി പി എം നേതാക്കൾക്കും ഇന്ന് ഇല്ലാതെ പോയത്.

കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യൻ സാഹചര്യങ്ങളെ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചു നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സംഭവിച്ച പാളിച്ചകളാണ് നക്സലിസത്തിനും പിന്നീട് മാവോയിസത്തിനും തഴച്ചുവളരാനുള്ള അന്തരീക്ഷം ഒരുക്കിയത്.ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗങ്ങൾ നേരിടുന്ന പ്രശനങ്ങൾക്ക് പരിഹാരം മാവോയിസം അല്ല.അവർ ഉന്നയിക്കുന്ന പ്രശനങ്ങൾ വസ്തുതയാണ്. പക്ഷെ അതിന് തിരഞ്ഞെടുത്തിരിക്കുന്ന മാർഗ്ഗം മാത്രമാണ് പ്രശ്നം. അല്ലാതെ അവർ രാജ്യദ്രോഹികളും അല്ല.

സി പി എം രൂപീകരിച്ച 1964 ലെ കൺവെൻഷനിലെ പ്രസീഡിയം അംഗമായിരുന്ന നാഗറെഡ്ഢി മുതൽ കല്യാശേരിയിലെ കെ പി ആർ ഗോപാലനും സി പി എം ൻറെ കണ്ണൂർ ജില്ലാ ഓഫീസ് സെക്രെട്ടറി ആയിരുന്ന വർഗ്ഗീസും വരെ ഈ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടു എന്നും അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ടെന്നും അറിയാതെ നീളുന്ന കൊടിയേരിയുടെയും പിണറായിയുടെയും ചില വിവേക ശൂന്യരായ നേതാക്കന്മാരുടെയും വായാടിത്തം പരിഹാസ്യമാണ്.

നേപ്പാളിൽ തുടങ്ങി കേരളം വരെ എത്തുന്ന ചുവപ്പ് ഇടനാഴി സൃഷ്ടിക്കാനാണ് കൂപ്പു സ്വാമി കേരളത്തിൽ വന്നത് എന്ന് അന്ന് വാദിക്കുന്ന കോടിയേരിയും പുസ്തകങ്ങളും ലഘുകലേഖകളും കൈവശം വെച്ചതിന് രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അകത്തിട്ട പിണറായി വിജയനും പാർട്ടിപ്രവർത്തകരായ ആ വിദ്യാർത്ഥികളെ പുറത്താക്കി പോലീസിനെ രക്ഷിക്കാനുള്ള എളുപ്പവഴി നാടകത്തിൻറെ റിഹേഴ്സൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചു പുറത്തു വന്നിട്ടുള്ള കൊള്ളാവുന്ന ഏതെങ്കിലും പുസ്തകങ്ങൾ ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചു കേൾക്കുന്നത് നന്നായിരിക്കും.

അത്തരം ഒരു ഇടനാഴിയും വരാന്തയും ഗോവണിയും ഒന്നും ഇല്ലാന്നാണല്ലോ സി പി ഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ അന്നും ഇന്നും ആവർത്തിച്ചു പറഞ്ഞത്. കമ്മ്യൂണിസ്റ്റ് വിരുദ്ധത ,അരക്ഷിതാവസ്ഥ, അരാജകത്വം തുടങ്ങിയ ചില പദ പ്രയോഗങ്ങൾകൊണ്ട് മൂടിവെക്കാവുന്നതല്ല മുൻപ് നിലമ്പൂരിലും, പിന്നീട് വൈത്തിരിയിലും ഇപ്പോൾ അട്ടപ്പപ്പടിയിലും പിണറായി സർക്കാർ നടത്തിയ ഹീന കൃത്യം.

മാവോയിസ്റ്റുകളുമായി പല കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഉള്ള അഭിപ്രായ ഭിന്നത അവരുടെ ഏകമാത്രമായ സൈനീക ലൈൻ സംബന്ധിച്ച് മാത്രമാണ്.അവർ എന്തുകൊണ്ട് ബഹുജന ലൈൻ സ്വീകരിക്കുന്നില്ല എന്നുള്ള വിമർശനം ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ഉന്നയിക്കാവുന്നതാണ്‌. രാഷ്ട്രീയമായ വിമർശനങ്ങൾക്കും സംവാദങ്ങൾക്കും പകരം ബി ജെ പി നേതൃത്വത്തെ സന്തോഷിപ്പിക്കാൻ ഏറ്റവും ദരിദ്രരായ ജനങ്ങൾ വസിക്കുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ ഭീകരവാദികളായി ചിത്രീകരിച്ച് വെടി വെച്ച് കൊല്ലുന്നത് ജനാധിപത്യ വ്യവസ്ഥക്ക് നിരക്കുന്നതല്ല.നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ജഡം കേരളത്തിന് പുറത്തു നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തണം എന്ന അവരുടെ ബന്ധുക്കളുടെ ആവശ്യം പോലും കേരളാ പോലീസ് തള്ളിക്കളയുകയാണ് ചെയ്തത്.വെടിവെച്ചു കൊന്നവർ തന്നെ നടത്തുന്ന അന്വേഷണംതന്നെ പൊലീസിൻറെ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നതാണ്. ഇതൊക്കെത്തന്നെയാണ് വൈത്തിരിയിൽ കൊല്ലപ്പെട്ട ജലീലിന്റെ കാര്യത്തിലും ഇപ്പോൾ അട്ടപ്പാടിയിൽ വെടിവെച്ചു കൊന്നവരുടെ കാര്യത്തിലും ഭരണകൂടം അനുവർത്തിക്കുന്നത്.

നക്സലൈറ്റ് വർഗ്ഗീസിനെ തിരുനെല്ലി കാട്ടിൽ വെടിവെച്ചു കൊന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോനും ആഭ്യന്തര മന്ത്രി സി എച്‌.മുഹമ്മദ് കോയയും രാജിവെക്കണം എന്ന് നാടടക്കം പ്രചാരണം നടത്തിയവരാണ് കോടിയേരിയും പിണറായിയും അടക്കമുള്ള ഇന്നത്തെ സി പി എം നേതാക്കൾ.അടിയന്തിരാവസ്ഥയിൽ പി.രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടി കൊന്ന പോലീസ് നടപടിയെ ന്യായീകരിച്ച ആഭ്യന്തര മന്ത്രി കെ.കരുണാകരനെതിരെ പ്രക്ഷോഭം നയിച്ച ഈ നേതാക്കൾ തങ്ങൾ അധികാരത്തിൽ എത്തിയപ്പോൾ പഴയതെല്ലാം മറന്നു പോയിരിക്കുന്നു.

സി അച്യുതമേനോനും കെ കരുണാകരനും രാജിവെക്കണം എന്ന് സിപി എം ആവശ്യപ്പെട്ട അതെ കുറ്റങ്ങൾ തന്നെയാണ് ഇന്ന് ആഭ്യന്തരവും മുഖ്യമന്ത്രി പണിയും ഒരുമിച്ചു ചെയ്യുന്ന പിണറായി വിജയനും ചെയ്തത്.നിലമ്പൂരിലെയും വൈത്തിരിയിലെയും അട്ടപ്പാടിയിലെയും വെടിവെപ്പ് സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക,കുറ്റക്കാരായ പോലീസുകാരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കുക,നരേന്ദ്രമോദിയുടെ അജണ്ട നടപ്പാക്കുന്ന സംസ്ഥാന പോലീസ് മേധാവിയെ തൽസ്ഥാനത്തു നിന്ന് നീക്കുക ,തുടങ്ങിയ കാര്യങ്ങളും ചെയേണ്ടതാണ്.ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കടമ. അതിന് പകരം കോടിയേരി നടത്തുന്ന വായാടിത്തവും പാർട്ടി പത്രത്തിലെ കൂലി എഴുത്തുകാരുടെ പേന ഉന്തലും കൈപ്പുസ്തകം ഇറക്കലും വസ്തുതകൾ മറച്ചുവെക്കാൻ പോലും സി പി എം നെ സഹായിക്കില്ല.

കമ്യൂണിസ്റ്റ് പുരോഗമന വാദ വായാടിത്തങ്ങൾ ഒരുപാടു നടത്തിയിട്ടുള്ള ഒരു പ്രസ്ഥാനവും അതിന്റെ വർഗ്ഗ ബഹുജന സംഘടനകളും ഇന്ന് ഭരണത്തിലിരുന്നുകൊണ്ട് ഒരു കോൺഗ്രസ്സ് ഗവണ്മെന്റ് പോലും ചെയ്യാൻ അറക്കുന്ന വിടുവേലകളാണ് ബി ജെപി ഗവണ്മെന്റിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്.മനുഷ്യാവകാശ പ്രവർത്തകരെ പോലും യു എ പി എ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. അവസാനം പാർട്ടിപ്രവർത്തകരായ രണ്ട് വിദ്യാർത്ഥികളെ പോലും ലഖുലേഖ കൈവശം വച്ചു പുസ്തകം വായിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട് യുഎപിഎ ചുമത്തി പ്രതികരിക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തിക്കളയാം എന്ന ഫ്യൂഡൽ മാടമ്പിമാരുടെ മനോഭാവമാണ് പാർട്ടിനേതാക്കളും മന്ത്രിമാരും സ്വീകരിക്കുന്നത്.

വയനാട്ടിലെ നിരവില്‍ പുഴയിലെ ശ്യാം ബാലകൃഷ്ണനെന്ന ചെറുപ്പക്കാരനെ പോലീസ് മാവോയിസ്റ്റ് എന്ന പേരില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അറസ്റ്റ് ചെയ്യുകയും, സെര്‍ച്ച് വാറന്റില്ലാതെ വീട് പരിശോധിച്ച് ലാപ്‌ടോപ്പടക്കം കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയും ചെയ്തതിനെതിരായി ശ്യാം കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ 2015 മെയ് 22 ന് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താക്ക് പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായും, പതിനായിരം രൂപ കോടതി ചെലവും സര്‍ക്കാര്‍ നല്‍കുവാന്‍ വിധിച്ച കാര്യവും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.

ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലും കടത്തിവെട്ടി ഏറ്റവും കൂടുതൽ യുഎപിഎ കേസുകൾ ചുമത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 165 ലേറെ യുഎപിഎ കേസുകളാണ് കേരളത്തിൽ പോലീസ് എടുത്തിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഈ വർഷം മാത്രം ഇതുവരെയായി പോസ്റ്റർ പതിച്ചതിനും ലഘുലേഖ കൈവശം വച്ചതിനുമായി അഞ്ചോളം കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 42 യുഎപിഎ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു കേരള ജനതയെ സർക്കാർ വഞ്ചിക്കുകയായിരുന്നു. യുഎപിഎ ഭീകര നിയമമാണെന്നും അത് പിൻവലിക്കണമെന്നും നിലപാട് പറയുന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ പോലീസ് യുഎപിഎ ഒരായുധമാക്കിയിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മാവോയിസ്റ്റുകളും നക്സലൈറ്റുകളും ഉണ്ടായത് ശൂന്യാകാശത്ത് നിന്നല്ല സ്വന്തം ഗർഭ പാത്രത്തിൽ നിന്നുതന്നെയാണെന്ന് സിപിഎം നേതാക്കൾ വിസ്മരിക്കരുത്.

2016 നവംബറില്‍ നിലമ്പൂരിലെ കരുളായി വന മേഖലയില്‍ കുപ്പുസ്വാമി, അജിത, വയനാട് ലക്കിടിയില്‍ 2019 മാര്‍ച്ചില്‍ സി പി ജലീല്‍, ഈ വര്‍ഷം ഒക്‌ടോബര്‍ 27 ന് അട്ടപ്പാടി വനമേഖലയില്‍ കാര്‍ത്തി, രമ, അരവിന്ദ്, മണിവാസകം എന്നിവരും മാവോയിസ്റ്റുകള്‍ എന്ന് വിശേഷിക്കപ്പെട്ട് തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയുണ്ടക്കിരയായി. ഈ ഏഴുപേരില്‍ ഭൂരിഭാഗം പേരും പുറകില്‍ നിന്നും വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വധിക്കുക എന്ന ഉദ്ദേശത്തോടെ ക്ലോസ് റേഞ്ചില്‍ ഏറ്റ വെടിയുണ്ടകളാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരിക്കുന്നത്.

മാവോയിസ്റ്റുകളെയോ മറ്റ് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെയോ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാം എന്ന ധാരണ ബാലിശമാണ്. ഗ്രാമീണ ജനതയും ദളിതരും ആദിവാസികളും കൊടിയ ദാരിദ്ര്യവും ചൂഷണവും വിവേചനവും അനുഭവിക്കുന്ന അവസ്ഥ മാറാത്തിടത്തോളം കാലം ഇത്തരം സംഘടനകളെ ഇല്ലാതാക്കുക ദുഷ്‌കരമാണ്. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാവുകയുള്ളു