Wed. Nov 25th, 2026

READ IN ENGLISH: A 21-year-old Woman was arrested for abandoning baby on mosque’s steps

ചോര കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റുചെയ്തത്. നാലു ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തിരുവണ്ണൂർ മാനാരിയിലെ പള്ളിക്കുമുന്നിലാണ് ഉപേക്ഷിച്ചത്.

കഴിഞ്ഞ ദിവസമാണ് പള്ളിയുടെ പടിക്കെട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതി‍ഞ്ഞ പുതപ്പിനകത്ത് കുറിപ്പുമുണ്ടായിരുന്നു. ‘ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’. എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

പള്ളി പരസത്തുള്ള സ്‌കൂളിലേക്ക് വന്ന പ്രൈമറി വിദ്യാര്‍ഥികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി ഏറ്റെടുത്ത കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണ്. പൊക്കിള്‍കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം യുവതി കോഴിക്കോട്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കി.