Sun. Nov 22nd, 2026

യുഎപിഎ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. ഇതിന് ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും നിർദ്ദേശം നൽകി.

ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകൾ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും ‐ ബെഹ്‌റ പറഞ്ഞു.

സംഭവത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാവുകയാണ് നിരവധി പാർട്ടിനേതാക്കൾ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇത്തരം കേസുകളിൽ സർക്കാരിന്റെയും ഹൈക്കോടതി റിട്ട. ജഡ്‌ജി പി എസ്‌ ഗോപിനാഥൻ അധ്യക്ഷനായ പരിശോധനാസമിതിയുടെയും അംഗീകാരത്തോടെമാത്രമേ കുറ്റപത്രം സമർപ്പിക്കാൻ കഴിയൂ.

യുഎപിഎ ചുമത്തുന്നതിന്‌ വ്യക്തമായ മാനദണ്ഡമുണ്ട്‌. ജില്ലാ പൊലീസ്‌ മേധാവിയുടെ അനുമതിയോടുകൂടിയാണ്‌ കേസ്‌ എടുക്കേണ്ടത്‌. ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി പ്രോസിക്യൂഷൻ അനുമതിയും നിയമോപദേശവും ലഭിച്ചതിനുശേഷം സർക്കാരിന്റെ അനുമതിയോടുകൂടിയാണ്‌ അന്തിമതീരുമാനം എടുക്കേണ്ടത്‌.

പരിശോധനാസമിതി അദ്ധ്യക്ഷൻ ഹൈക്കോടതി റിട്ട. ജഡ്‌ജി പി എസ്‌ ഗോപിനാഥനെക്കൂടാതെ നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരസുരക്ഷാ വിഭാഗം ഐജി എന്നിവർ അംഗങ്ങളാണ്‌. ഈ സമിതിയുടെ ശുപാർശപ്രകാരം മാത്രമേ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയുള്ളൂ. പൊലീസ്‌ യുഎപിഎ ചുമത്തിയാലും സർക്കാരിന്റെ അനുമതി കിട്ടിയാൽമാത്രമേ കേസ്‌ നിലനിൽക്കുകയുള്ളൂ.