Sat. Nov 21st, 2026

വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടാന്‍ ഉത്തരവിട്ട പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലീസ്.

ഇത് സംബന്ധിച്ച്‌ നിയമോപദേശം ലഭിച്ചതായി തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അപ്പീലിന് പോകുന്നതെന്ന് ഡിഐജി വ്യക്തമാക്കി. വെറുതെ വിട്ട ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഇത് പരിശോധിച്ച്‌ പോലീസും നിയമവകുപ്പും ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡിഐജി പറയുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീൽ നൽകുന്നതെന്നും ഡിഐജി വ്യക്തമാക്കുന്നു. പോസ്റ്റ്‍മോർട്ടത്തിൽ പീഡനം വ്യക്തമായെങ്കിലും പ്രതികളാണ് പെൺകുട്ടികളെ ഉപദ്രവിച്ചതെന്നതിന് തെളിവുകളുണ്ടായില്ല. രണ്ട് സാക്ഷികൾ കേസിൽ നിന്ന് കൂറുമാറിയതോടെ പൊലീസിന്റെ കുറ്റപത്രം പൊളിയുകയായിരുന്നു.

2017 ജനുവരി ഒന്നിനും മാര്‍ച്ച് നാലിനുമായാണ് 13, ഒമ്പത് വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുമ്പ് ഇരുവരും ലൈംഗിക പീഡനത്തിന് വിധേയരായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ യഥാക്രമം ഒന്ന്, രണ്ട്, നാല് പ്രതികളായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെക്കല്‍ വീട്ടില്‍ ഷിബു, വി മധു എന്നിവരെ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ) വെറുതെ വിടുകയായിരുന്നു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇത്.

ഒക്ടോബര്‍ 25നാണ് കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.പ്രതികളില്‍ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ സെപ്തംബര്‍ 30ന് കോടതി വെറുതെ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാളാണ് കേസിലെ അഞ്ചാം പ്രതി.