Sun. Nov 22nd, 2026

ബെംഗളൂരുവിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കോളേജ് അധികൃതരുടെ പീഡനമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സമരം. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങിലെ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം ചെയ്തതിന് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളേജ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജീനീയറിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷയാണ് തിങ്കളാഴ്ച കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും നിലവാരമുള്ള ഭക്ഷണം നല്‍കണമെന്നും ശ്രീഹര്‍ഷ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രണ്ട് മാസം മുന്‍പ് സമരം നടത്തിയിരുന്നു.

തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. സമരത്തിനിടെ കോളേജ് ബസിന്റെ ചില്ല് തകര്‍ത്തതിനായിരുന്നു ഇത്. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരണയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ശ്രീഹര്‍ഷയുടെ ക്യാംപസ് പ്ലെസ്‌മെന്റ് വഴി ലഭിച്ച ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പരാതിപെടുന്നു.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നില്‍ സമരത്തിലാണ്. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഒരാഴ്ച കോളേജിന് അവധി പ്രഖ്യാപിച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. കോളേജ് അധികൃതര്‍ തെളിവുകള്‍ നശിപ്പിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.