
കേരളം ആകാംഷയോടെ ഉറ്റു നോക്കിയ അഞ്ചു മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം യുഡിഎഫ് നില നിര്‍ത്തി. മഴയും വെള്ളപ്പൊക്കവും മൂലം പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് വന്ന എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് 3673 വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയം നേടി. കൊച്ചി ഡപ്യൂട്ടിമേയറും എറണാകുളം ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ് 35,000 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി മനു റോയിക്ക് നേടാനായത് 31,906 വോട്ടുകളാണ്.
കഴിഞ്ഞ തവണ മത്സരിച്ച ഹൈബി ഇൗഡന്‍ 21,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഏറണാകുളത്തിന്റെ ചരിത്രത്തില്‍ യുഡിഎഫിന് ഉണ്ടാകുന്ന ഏറ്റവും നിറംകെട്ട ജയമായി ഇത് മാറുകയും ചെയ്തു. പോളിംഗില്‍ വന്ന കുറവാണ് ഇതിന് യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടെടുപ്പ് ദിവസം ഉണ്ടായ മഴയും വെള്ളപ്പൊക്കവും ഭൂരിപക്ഷത്തെയും ബാധിച്ചെന്നാണ് വിലയിരുത്തല്‍. 58 ശതമാനമായിരുന്നു എറണാകുളത്തെ പോളിംഗ് ശതമാനം. ഇത് ഭൂരിപക്ഷത്തിലും ബാധിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
വോട്ടുചോര്‍ച്ച ജയത്തിലും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുകയാണ്. അതേസമയം എല്‍ഡിഎഫിന്റെ ചിഹ്നത്തിലല്ലാതെ ഇടതു സ്വതന്ത്രനായി മത്സരിച്ച മനു റോയിയ്ക്ക് അപരശല്യവും വിനയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആണെങ്കിലും വോട്ടിംഗ് മെഷീനില്‍ ഏറെ താഴെയായി പോയ മനു റോയിയുടെത് എന്ന് കരുതാവുന്ന 2544 വോട്ടുകളായിരുന്നു അപരന്‍ പിടിച്ചത്. 1297 വോട്ട് നോട്ടയും പിടിച്ചു. അതേസമയം തന്നെ പാലാരിവട്ടം പാലവും വെള്ളപ്പൊക്കവും ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ നില നിന്ന സാഹചര്യത്തിലും സീറ്റ് നില നിര്‍ത്താനായി എന്നത് യുഡിഎഫിന് ആശ്വാസമാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതലുള്ള ലീഡ് നില നിര്‍ത്താനും വിനോദിനായി.
