Sat. Nov 14th, 2026

ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് ഒരുവയസ്സ്. ഇതേസമരത്തിന് പിന്തുണ നൽകി പങ്കെടുത്ത സിസ്റ്റർ ലൂസിയെ സഭ പുറത്താക്കി. സിസ്റ്റർ ലൂസിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച നോബിളിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ലോകമെമ്പാടുമുള്ള നീതിബോധമുള്ള മലയാളികൾ രൂപീകരിച്ച JUSTICE FOR SR.LUCY എന്ന കൂട്ടായ്മ പ്രത്യക്ഷ സമരമുഖത്തേയ്ക്ക്.

നീതിക്കായുള്ള കന്യാസ്ത്രീകളുടെ വഞ്ചി സ്‌ക്വയർ സമരം ഒരുവർഷം പിന്നിടുമ്പോൾ ആ സമരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ വേട്ടയാടപ്പെടുന്ന സിസ്റ്റർ ലൂസി കളപ്പുരയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച ഫാദർ നോബിളിനെതിരെ പരാതിയുണ്ടായിട്ടും അധികാരികൾ മൗനം അവലംബിക്കുകയാണ്.

സിസ്റ്റർ ലൂസി കളപ്പുര വാദിയായി വയനാട് ജില്ലയിലെ വെള്ള മുണ്ട പോലീസ് സ്റ്റേഷനിൽ 20/08/2019 ൽ ക്രൈം നമ്പർ Ol47/ 2019 ആയി രജിസ്റ്റർ ചെയ്ത കേസിൽ നാളിതുവരെ പ്രതികളെ ചോദ്യം ചെയ്യാനോ, അറസ്റ്റ് രേഖ പ്പെടുത്താനോ കേരളാ പോലീസ് തയ്യാറായിട്ടില്ല.മാനന്തവാടി രൂപത PRO ഫാ നോബിൾ തോമസ് ഒന്നാം പ്രതിയും കാരക്കാമല FC കോൺവെന്റിലെ സന്യാസിനി മാരായ ലിജി മരിയ, ജ്യോതി മരിയ, മരീന, സിൽജ, സനില, കൗൺസിലേഴ്സ് എന്നിവരെയുമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിസ്റ്റർ ലൂസി താമസിക്കുന്ന കോൺവെന്റിൽ അവർ നിരന്തരമായ ഭീഷണിയും അവഹേളനവും നേരിടുന്നുവെന്ന് കാണിച്ച് 19/8/2019 ൽ മറ്റൊരു പരാതിയും പോലിസിന് കൊടുത്തെങ്കിലും ആ കേസിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇത്തരത്തിൽ നീതിനിഷേധിക്കപ്പെട്ട ലൂസി കളപ്പുര എന്ന ധീരവനിതയോട് ഐക്യപ്പെട്ടുകൊണ്ട് നീതിബോധത്തിന്റെ കനലെരിയുന്ന മനസ്സുള്ളവർ കൈകോർക്കുകയാണ്. നിരന്തരമായി ഇത്തരം അനീതികൾ കണ്ട് മനം മടുത്ത് ഇനിയും നിശ്ശബ്ദരായിരിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്വയം മുന്നോട്ടുവന്ന ലോകമെമ്പാടുമുള്ള, വിവിധ ജാതി മതസ്ഥരായ, നീതിബോധം നശിച്ചിട്ടില്ലാത്ത, ആളുകളുടെ കൂട്ടായ്മ ഒക്ടോബർ 12 ആം തീയതി എറണാകുളം വഞ്ചി സ്‌ക്വയറിൽ നീതിക്കായി ഒരുമിക്കുന്ന ഈ അവസരത്തിൽ എല്ലാജനാധിപത്യ വിശ്വാസികളുടെയും സാന്നിദ്ധ്യം ഉണ്ടാവണമെന്ന് ജസ്റ്റീസ് ഫോർ ലൂസി എന്ന് കൂട്ടായ്മ വക്‌താക്കൾ അഭ്യർത്ഥിച്ചു.

കത്തോലിക്കാസഭയിലെ ബാലികപീഡകരും കന്യാസ്ത്രീപീഡകരുമായ പട്ടക്കാരെയും മേൽപ്പട്ടക്കാരെയും തുറന്നെതിർക്കുന്ന വൈദികരെയും, കന്യാസ്ത്രീകളെയും, സഭാമക്കളെയും നക്സൽ എന്നും മാവോയിസ്റ്റ് എന്നും മുദ്രകുത്തി അപമാനിക്കുന്ന സഭയിലെ ഫ്രാങ്കോപക്ഷത്തിൻറെ തികച്ചും ക്രൈസ്തവവിരുദ്ധമായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണം.

ആധുനിക നവോത്ഥാനത്തിന്റെ ക്രൈസ്‌തവ നായികയാണ് സിസ്റ്റർ ലൂസി. അവരുടെ ഐതിഹാസിക സമരം പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെയും കൂനൻ കുരിശു സത്യത്തിന്റെയും മറകുട തല്ലിപ്പൊളിക്കലിന്റെയും ഘോഷ ബഹിഷ്കരിക്കലിന്റെയും വില്ലുവണ്ടി സഞ്ചാരത്തിന്റെയും വർത്തമാനകാല തുടർച്ചയാണ്.എറണാകുളം വഞ്ചി സ്ക്വയറിൽ നോബിളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരമാരംഭിക്കുന്ന പ്രത്യക്ഷ സമരപരിപാടികളുമായി സഹകരിക്കാൻ ജസ്റ്റീസ് ഫോർ ലൂസി എന്ന് കൂട്ടായ്മ വക്‌താക്കൾ അഭ്യർത്ഥിച്ചു.

സിസ്റ്റർ ലൂസിയോടുള്ള പകവീട്ടാനായി,അവർ താമസിക്കുന്ന മഠത്തിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ച് അതിൽ കൂടി ലഭിക്കുന്ന visuals എഡിറ്റ് ചെയ്ത് മാലോകരെ മൊത്തം കാണിച്ച ഫാദർ നോബിൾ സിസ്റ്റർ ലൂസിയെ മാത്രമല്ല കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളെ മൊത്തം അപമാനിക്കുകയാണ് യഥാർഥത്തിൽ ചെയ്തത്.

FCC സ്വയംഭരണാവകാശമുള്ള ഒരു സന്യാസി സഭയാണ്..ഈ സഭയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ ഈ വൈദികനു യാതൊരു അവകാശവുമില്ല. സന്യാസിനി മഠങ്ങളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടന്നും ഈ കന്യാസ്ത്രീ മഠങ്ങളിൽ താമസിക്കുന്ന സന്യാസിനികൾ ക്രൈസ്തവ ദർശനത്തിന് ചേരാത്ത വിധത്തിൽ കന്യാസ്ത്രീ മഠങ്ങളിൽ പോലും വഴിവിട്ട ജീവിതം നയിക്കുന്നവരാണന്നും ആയതിനാൽ ഇത്തരക്കാരെ കൺട്രോൾ ചെയ്യാനാണ് സന്യാസിനി മഠങ്ങളിൽ ക്യാമറകൾസ്ഥാപിച്ചിരിക്കുന്നതെന്നും രഹസ്യ ക്യാമറകൾ വഴി വൈദികരുടെ മോണിറ്ററിങ്ന് വിധേയരായാണ് കന്യാസ്ത്രീകൾ പോലും മഠങ്ങളിൽ ജീവിക്കുന്നതെന്നുള്ള തെറ്റായ സന്ദേശമാണ് സിസ്റ്റർ ലൂസിക്കെതിരെയുള്ള വ്യാജ വീഡിയോ പ്രദർശിപ്പിച്ചത് വഴി ഫാദർ നോബിൾ പൊതുസമൂഹത്തിന് കൊടുത്ത മെസ്സേജ്.

യദാർത്ഥത്തിൽ ഇവിടെ തെറ്റുകാരൻ ഫാദർ നോബിൾ മാത്രമല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം അത് പെൺകുട്ടിയുടെ സ്വന്തം പിതാവിൻറെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച ഫാദർ റോബിന് ഇന്ത്യൻ കോടതികളിലെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ട ഒത്താശകൾ ചെയ്തു കൊടുത്ത, ഇപ്പോൾ ഫാദർ നോബിളിനെ വഴിവിട്ട് സഹായിച്ചു കൊണ്ടിരിക്കുന്ന സീറോമലബാർ സഭയുടെ മാനന്തവാടി രൂപതയുടെ പിതാവാണ് യദാർത്ഥത്തിൽ ഇവിടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത്.

ഇൻഡ്യയിൽ ആദ്യമായി ഫ്രാങ്കോ എന്ന കത്തോലിക്കാ സഭയിലെ ബിഷപ്പിനാൽ പിച്ചിച്ചീന്തപ്പെട്ട ഒരു പാവം കന്യാസ്ത്രീക്ക് വേണ്ടി നടത്തിയ സമരത്തെ അനുകൂലിച്ചു എന്ന ഒറ്റക്കാരണത്താൽ, സ്വന്തം കന്യാസ്ത്രീ സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികളെ ചങ്കൂറ്റത്തോടെ നേരിട്ടുകൊണ്ടിരിക്കുന്ന ലൂസി കളപ്പുര എന്ന ധീരവനിതയോട് ഐക്യപ്പെടുകയും, നിരന്തരമായി ഇത്തരം അനീതികൾ കണ്ട് മനം മടുത്ത് ഇനിയും നിശ്ശബ്ദരായിരിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്വയം മുന്നോട്ടുവന്ന ലോകമെമ്പാടുമുള്ള, വിവിധ ജാതി മതസ്ഥരായ, നീതിബോധം നശിച്ചിട്ടില്ലാത്ത, ആളുകളുടെ കൂട്ടായ്മയാണ് Justice for Sr.Lucy എന്ന ഈ കൂട്ടായ്മ.

ഏതെങ്കിലുമൊരു പ്രത്യേക സംഘടനയുടെയോ രാഷ്രീയ പാർട്ടിയുടേയോ പിൻബലത്തിലല്ലാതെ തനിയെ രൂപം കൊണ്ട ഈ കൂട്ടായ്മ അനുനിമിഷം ആവേശകരമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ പൊതുജനമുന്നേറ്റമാണ്! അതുകൊണ്ടുതന്നെ ഇതുവരെ കണ്ടുപരിചയിച്ചിട്ടുള്ളതുപോലുള്ള ഒരു സംഘടനാ രൂപമോ നേതൃനിരയോ ഈ കൂട്ടായ്‌മക്ക് ഉണ്ടാവില്ല. ഇതുവരെ കണ്ടു പരിചയച്ചിട്ടുള്ള രീതിയിലുള്ള പ്രവർത്തനങ്ങളുമാകില്ല ഈ കൂട്ടായ്മയുടേത്. ഈ കൂട്ടായ്‌മ ഒരിക്കലും മതവിശ്വാസത്തിനോ മതം മുന്നോട്ടുവയ്ക്കുന്ന സദ് മൂല്യങ്ങൾക്കോ ഒരു തരത്തിലും എതിരല്ല. എന്നാൽ വിശ്വാസികളുടെ അജ്ഞതയെ മുതലെടുത്തുകൊണ്ട് ഒരുകൂട്ടം പുരോഹിത വർഗ്ഗം തുടർച്ചയായി നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയാണ് ഈ കൂട്ടായ്മ എന്ന്പരിപാടിയുടെ കോഓഡിനേറ്റർമാർ പറഞ്ഞു .