Fri. Nov 13th, 2026

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നീതിപരമായ ഒരു സമീപനം ചെന്നിത്തലയില്‍ നിന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും താക്കോല്‍സ്ഥാനം കിട്ടിയിട്ട് ആദ്യം പണി തന്നത് തനിക്കിട്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസിന് കഴിഞ്ഞതവണ രണ്ടുസീറ്റിൻറെ ബലത്തിൽ അധികാരം കിട്ടിയപ്പോൾ സുകുമാരന്‍ നായര്‍ പറഞ്ഞു ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം കൊടുക്കണമെന്ന്. ഈ ഭൂരിപക്ഷ സമുദായമെന്ന ഐക്യം ഉണ്ടാക്കിയത് താനാണെന്നും അതിനു വേണ്ടി പണവും പ്രയത്‌നവും ആളുകളെയും എല്ലാം സംഘടിപ്പിച്ച് നായാടിമുതൽ നമ്പൂതിരിവരെ എന്നൊക്കെപ്പറഞ്ഞ് എത്തിയപ്പോഴാണ് ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം കൊടുക്കണമെന്ന് പറഞ്ഞ് സുകുമാരന്‍ നായര്‍ എത്തിയത്.ഹിന്ദുവിൻറെപേരും പറഞ്ഞ് ആ താക്കോല്‍ മേടിച്ച് പക്ഷേ നായരായ രമേശിനാണ് കൊടുത്തതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

നായാടിമുതൽ നമ്പൂതിരി ഐക്യമുണ്ടാക്കിയെന്ന് കാണിക്കാൻ എസ്എൻഡിപിക്കാരെ തെരുവിലിറക്കി ആളെക്കാണിച്ച് മാനം രക്ഷിക്കുകയായിരുന്നു താക്കോല്‍ കിട്ടിയ ഉടന്‍ അങ്ങനെയുള്ള എനിക്കിട്ട് തന്നെ പണിതന്നു. എന്നെ പ്രതിയാക്കി കേസെടുത്തില്ലേ, മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ പ്രശ്‌നത്തില്‍ ഞാന്‍ വര്‍ഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് പറഞ്ഞ് കേസെടുത്തില്ലേ. എനിക്ക് അതിലൊക്കെ ഇപ്പോൾ വലിയ പ്രയാസമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രമേശ് ഞങ്ങളുടെ കുടുംബ സുഹൃത്ത് പോലെ നന്നായി അഭിനയിക്കുന്നുണ്ട്. തുഷാറിന്റെ കേസുണ്ടായപ്പോള്‍ രമേശ് എന്താണ് പറഞ്ഞത്. അവിടെ കുറേ പാവപ്പെട്ടവര്‍ കിടപ്പുണ്ടായിരുന്നു എന്ന്. അത് അദ്ദേഹം ഞങ്ങള്‍ക്ക് ഇന്‍ഡയറക്ട് ആയിട്ട് പണി തരികയല്ലേ ഉണ്ടായത്. അതായത് തുഷാര്‍ പണക്കാരന്‍ ആയതുകൊണ്ട് പിണറായി സഹായിക്കാന്‍ വന്നു. പാവപ്പെട്ടവരെ സഹായിക്കാന്‍ വന്നില്ല എന്ന്.

അങ്ങനെ രമേശിന്റെ വായില്‍ നിന്ന് ഒരു വാക്ക് ഞങ്ങളുടെ കുടുംബാംഗങ്ങള്‍ പ്രതീക്ഷിച്ചില്ല. രമേശ് അങ്ങനെ പറഞ്ഞതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം ദു:ഖമുണ്ട്. പിണറായി സഹായം ചെയ്‌തെങ്കില്‍ അതൊരു ധര്‍മമാണ് ചെയ്തത്. അദ്ദേഹത്തിന് ശരിയെന്ന് തോന്നിയതുകൊണ്ടല്ലേ അദ്ദേഹം കത്തയച്ചത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയോടും ആന്റണിയോടും വ്യക്തിപരമായ സ്‌നേഹമുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബി ഡി ജെ എസിനെ എങ്ങനെ ഞെക്കിക്കൊല്ലാമെന്നാണ് കേരളത്തിലെ ബി ജെ പി നോക്കിനടക്കുന്നത്. – ബി ഡി ജെ എസിന് എന്തെങ്കിലും കൊടുക്കണമെങ്കില്‍ അവര്‍ കേന്ദ്രത്തില്‍ പോയി മേടിച്ചോട്ടെ ഞങ്ങള്‍ക്ക് അതില്‍ കാര്യമൊന്നും ഇല്ല എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. പാലാ ഉപതിരഞ്ഞെടുപ്പ് വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.