അന്ധവിശ്വാസ തട്ടിപ്പിനെതിരെ നിരവധി ഒറ്റയാൾ സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തി വിജയിച്ചിട്ടുള്ള ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും കേരളത്തിലെ ‘അ’സവർണ്ണ യുക്തിവാദികളുടെ കൂട്ടായ്മയുടെ കൺവീനറുമായ പി.പി. സുമനൻ വ്യത്യസ്തമായ മറ്റൊരാവശ്യവുമായി രംഗത്ത്.ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉച്ചഭാഷിണി ശല്യത്തിനെതിരെ സുപ്രീംകോടതിയിൽ നിന്ന് വിധിസമ്പാദിക്കുകയും, ചെങ്ങന്നൂർ അമ്മയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിക്കാൻ നിയമനടപടി സ്വീകരിക്കുകയും കാണിച്ചുകുളങ്ങര ചിക്കരക്കെതിരെയും ആറ്റുകാലിലെയും ചക്കുകുളത്തുകാവിലെയും റോഡിൽ അടുപ്പുകൂട്ടി കഞ്ഞിവെക്കുന്ന കലാപരിപാടിക്കും എതിരെ ഇപ്പോഴും ഒറ്റയാൾ സമരവും നിയമ പോരാട്ടവും നയിച്ചുകൊണ്ടിരിക്കുന്ന റിട്ടയേർഡ് അദ്ധ്യാപകനായ പിപി സുമനൻ ആണ് ഇപ്പോൾ ‘കേന്ദ്ര മന്ത്രതന്ത്ര കൂടോത്രാദിവകുപ്പ്’ സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് രംഗത്ത് വന്നിട്ടുള്ളത്.
ജോതിഷത്തിനും മന്ത്രവാദത്തിനും കൂടോത്രത്തിനുമൊക്കെ എതിരെ താൻ യുക്തിവാദിയായ കാലം മുതൽ നിരവധി പ്രതിഷേധങ്ങൾ നടത്തുകയും ജോതിഷം സത്യമാണെന്നു തെളിയിക്കുന്നവർക്കായി ഒരു’തുക’ ബാങ്കിലിട്ടിട്ടു 50 വർഷമായി മാധ്യമങ്ങളിലൂടെയും ഇപ്പോൾ 10 വർഷമായി സോഷ്യൽ മീഡിയയിലൂടെയും വെല്ലുവിളിച്ചിട്ടും ബാങ്കിൽകിടക്കുന്ന സമ്മാനത്തുക വർദ്ധിച്ചു വരുന്നതല്ലാതെ വെല്ലുവിളി ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്. ഇനി നമ്മൾ തന്നെ മന്ത്രതന്ത്ര കൂടോത്രാദികൾ പഠിച്ച് ഇത് ശരിയോ തെറ്റോ എന്ന് സ്ഥാപിക്കാനുള്ള ഒരുഇടം ഉണ്ടാക്കുകയാണ് വേണ്ടതെന്നും ഇപ്പോഴാണ് തനിക്ക് കൂടോത്രത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ശരിക്കും ബോധ്യം വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടോത്രത്തെ ഇനി പുശ്ചിക്കില്ല.കൂടോത്രം കേവലം രാഷ്ട്രീയ പ്രസംഗം പോലെയല്ല. അത് വിശ്വാസത്തിന്റെ പ്രശ്നം കൂടെയാണ്. മാത്രമല്ല അത് ഇരുവശത്തും മൂര്‍ച്ചയുള്ള വാളാണ്. സൂക്ഷിച്ചില്ലെങ്കില്‍ കൈമുറിയും.. ജാഗ്രത പുലർത്തണം.ആ പ്രജ്ഞാസിംഗ് ഠാക്കൂറിന് ശിക്ഷ്യപ്പെട്ട് അല്‍പ്പസ്വല്‍പ്പം കൂടോത്രം വല്ലതും പഠിച്ച് കോണ്‍ഗ്രസിനുള്ളിലെ മോദി സ്തുതിപ്പുകാര്ക്കെതിരെ ചില വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.
‘ഗൂഢ തന്ത്രമാണ് കൂടോത്രം. ഗൂഢ പത്രം എന്ന സംസ്കൃത പദധ്വയത്തില് നിന്നാണ് കൂടോത്രത്തിന്റെ നിഷ്പത്തിയെന്നാണ് എം ലീലാവതി ടീച്ചറെ പോലുള്ള ഭാഷാ ശാസ്ത്രജ്ഞരുടെ അഭിപ്രായം. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മൂന്നും ഒരേ പോലെ വിശ്വാസ സംരക്ഷകരായ സ്ഥിതിക്ക് ഏറെ വൈകാതെ തന്നെ നമ്മുടെ സര്‍വകലാശാലകളില്‍ ഭാഷാ, സാഹിത്യം, തത്വചിന്ത ഇവയോടൊപ്പം കൂടോത്രം അഥവാ മന്ത്രതന്ത്രാധി വിഷയങ്ങള്‍ക്കും പ്രത്യേകം വകുപ്പുകള്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോള്‍ തന്നെ, ജ്യോതിഷം, യോഗ തുടങ്ങിയവ അംഗീകൃത സര്‍വകലാശാല വിഷയങ്ങളായി സ്ഥാനം പിടിച്ചിട്ടുണ്ട്. മാത്രമല്ല ചരിത്രം, ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളില്‍ സാധാരണ മനുഷ്യര്‍ അവഗാഹം നേടുന്നത് മുഖ്യധാരാ ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്കു പലതു കൊണ്ടും അസൗകര്യം ഉളവാക്കുകയും ചെയ്യും. അത്തരം വിഷയങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇപ്പോഴും വല്ല ചന്ദ്രനിലേക്കും പോകുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ഇന്ത്യക്കാരുടെ സ്വന്തമെന്ന് പറയാവുന്ന എന്തെന്തു വിദ്യകളാണ് നമ്മുടെ പഴയ മന്ത്രവാദ ഗ്രന്ഥങ്ങളില്‍ മറഞ്ഞു കിടക്കുന്നത്. അത്തരം താളിയോല ഗ്രന്ഥങ്ങള്‍ തപ്പിയെടുത്ത് പൊടിതട്ടി അച്ചടിച്ചു പ്രസിദ്ധീകരിച്ച് കുട്ടികളെ പഠിപ്പിക്കുന്ന ജോലി ചിലരെ ഏല്‍പ്പിക്കാം. പണ്ട്, വൈസ് ചാന്സിലര്മാരായും പി എസ് സി ചെയര്മാന്മാരായും ജോലി ചെയ്ത, ഇപ്പോള്‍ ബി ജെ പിയില്‍ ചേരാന്‍ ക്യൂ നില്ക്കുന്ന വല്ല പഴയ സാറന്മാരെയും ഏല്‍പ്പിക്കാവുന്നതാണ്. കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പു വരുത്തുന്നതിനുള്ള ഭൂതങ്ങളെ ഇപ്പോള്‍ തന്നെ നരേന്ദ്ര മോദി, അമിത് ഷാ താന്ത്രിക മുഖ്യന്മാര് കുടത്തില്‍ നിന്ന് തുറന്നു വിട്ടു കഴിഞ്ഞു. കേരളത്തിലെ ശബരിമല പരീക്ഷണത്തിന്റെ ഗുണഫലം ആ കോണ്‍ഗ്രസുകാര്‍ കൈവശപ്പെടുത്തി എന്നത് അമിത് ഷാ മോദി കൂട്ടുകെട്ടിനെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. പ്രജ്ഞാസിംഗ് ഠാക്കൂര്‍ജിയുടെ കൂടോത്ര വിദ്യ പാഠ്യവിഷയമാക്കുന്ന പക്ഷം മറ്റൊരു അഞ്ച് വര്‍ഷം കൂടെ സംഗതി കുശാലായിരിക്കും എന്നാണ് നാഗ്പൂര്‍ സംഘത്തിന്റെ നിഗമനം.
കൂടോത്രത്തിന്റെ അടിസ്ഥാന വിദ്യയായ മന്ത്രവാദത്തിന് സദ് മന്ത്രവാദമെന്നും ദുര് മന്ത്രവാദമെന്നും രണ്ട് മുഖമുണ്ട്. ഓരോന്നും അനുഷ്ഠിക്കേണ്ടതെന്തിനൊക്കെ, എങ്ങനെ എന്നൊക്കെ വിവരിക്കുന്ന ധാരാളം മന്ത്രവാദ ഗ്രന്ഥങ്ങള്‍ വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തിലേക്കു കുടിയേറിയ നമ്പൂതിരിമാര്‍ കൊണ്ടുവന്നത് ഇന്ന് പലരുടെയും കൈവശമുണ്ട്. ഗവേഷണം വഴി പി എച്ച് ഡി ബിരുദം നേടാന്‍ വെമ്പല്‍ പൂണ്ടു നടക്കുന്ന നമ്മുടെ ബിരുദാര്ഥികളുടെ വിഷയ ദാരിദ്ര്യം പരിഹരിക്കാന്‍ ഈ പുസ്തകങ്ങളെ പ്രയോജനപ്പെടുത്താവുന്നതാണ്. അവയില്‍ ചിലതിന്റെയൊക്കെ പേരുകള്‍ ഡോ. എസ് കെ വസന്തന് തയ്യാറാക്കി കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച (2005) കേരള സംസ്കാര നിഘണ്ടുവില്‍ നല്‍കിയിട്ടുണ്ട്. പ്രപഞ്ചസാരം, ശാരദാതിലകം, മന്ത്രസാരം, പ്രയോഗസാരം, യന്ത്രസാരം, ബലികല്പ്പം ഇവയാണ് പ്രധാനമായും പുസ്തകങ്ങള്‍.
ഗണപതി, ഭഗവതി, സുബ്രഹ്മണ്യന്, ഹനുമാന്, നരസിംഹം എന്നിവരാണ് സദ് മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികള്‍. കുട്ടിച്ചാത്തനും ഭദ്രകാളിയും യക്ഷിയുമൊക്കെയാണ് പ്രധാനപ്പെട്ട ദുര് മന്ത്രവാദ മൂര്‍ത്തികള്‍. പ്രധാനമായും നമ്പൂതിരി കുടുംബങ്ങള്‍ക്കാണ് മന്ത്രവാദത്തിനും ക്ഷുദ്ര പ്രയോഗത്തിനുമൊക്കെ പാരമ്പര്യമായി അവകാശം ഉള്ളത്. അപൂര്‍വം ചില ശൂദ്ര പിന്നാക്ക ജാതിക്കാരും ദുര് മന്ത്രവാദം ശീലിച്ചവരായിട്ടുണ്ട്. ക്രിസ്ത്യാനികളിലെ മന്ത്രവാദിയായി പേരെടുത്ത് തന്റെ സമകാലിക നമ്പൂതിരി പ്രമുഖന്മാരെ പോലും വിറപ്പിച്ച വ്യക്തിയായിരുന്നു സാക്ഷാല്‍ കടമറ്റത്തു കത്തനാര്.
രാജ്യം ഭരിക്കുന്ന ഭരണകക്ഷിയും മുഖ്യ പ്രതിപക്ഷ കക്ഷികളും ഇവയൊക്കെ ക്രോഡീകരിച്ച് കേന്ദ്ര മാനവ വിഭവ വകുപ്പിന്റെ കീഴില്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ ‘കേന്ദ്ര മന്ത്രതന്ത്ര കൂടോത്രാദിവകുപ്പ്’ എന്ന പേരില്‍ ഒരു വകുപ്പു തന്നെ ഉണ്ടാക്കി പ്രജ്ഞാസിംഗ് ഠാക്കൂര്‍ എന്ന പാര്‍ലിമെന്റ് മെമ്പറെ തന്നെ വകുപ്പു മന്ത്രിയാക്കി സത്യപ്രതിജ്ഞ ചൊല്ലിപ്പിക്കുകയോ പോലും ചെയ്യാവുന്നതാണ്. അപാരമാണ് ഇത്തരം ഒരു വകുപ്പിന്റെ സാധ്യതകള്‍. അല്ലാതെ കൂടോത്രത്തെ പുശ്ചിക്കരുത്
ജ്യോതിഷത്തെ വെല്ലുവിളിച്ചുകൊണ്ട് താൻ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള തുക കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ ഒരു മന്ത്രതന്ത്ര കൂടോത്ര ചെയർ എങ്കിലും സ്ഥാപിച്ചാൽ അവർക്കു നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സംഘടിത സാമൂഹ്യപ്രസ്ഥാനമായ എസ്എൻഡിപി യോഗത്തിന് കേരളത്തിൽ ശാഖായോഗങ്ങൾ ഉണ്ടായപ്പോൾ ഒന്നാം നമ്പർ ശാഖയായിരൂപം കൊണ്ട SNDP Br. No.1 ൻറെ അദ്യ ശാഖാസെക്രട്ടറിയായി കുമാരനാശാനോടൊപ്പം പ്രവർത്തിച്ചയാളാണ് ‘അ’സവർണ്ണ യുക്തിവാദികളുടെ കൂട്ടായ്മയുടെ കൺവീനറായ പി.പി. സുമനൻറെ പിതാവ് എന്നതും ശ്രദ്ധേയമാണ്.