അഭയ കേസ് സാക്ഷിവിസ്താരത്തിൽ കൂറുമാറ്റം തുടർക്കഥയാകുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ അന്വേഷണ സംഘമായിരുന്ന ക്രൈംബ്രാഞ്ചിനെ പ്രതിക്കൂട്ടിലാക്കി ഒരു സാക്ഷി മൊഴി നല്‍കിയപ്പോള്‍ മറ്റൊരു സാക്ഷി കൂറുമാറി. കേസിലെ 21ാം സാക്ഷിയും പയസ് ടെന്‍സ് മഠത്തിലെ മുന്‍ അന്തേവാസിയുമായ നിഷാ റാണിയാണ് കൂറുമാറിയത്.
എപ്പോഴും സന്തോഷവതിയായിരുന്നു സി.സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നുവെന്നും അസ്വഭാവികമായീ പെരുമാറി എന്നുമാണ് മുന്‍പ് നിഷാ റാണി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിചാരണ കോടതിയില്‍ അവര്‍ മൊഴി മാറ്റി. അന്നേദിവസം പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സി.സെഫിക്കുണ്ടായിരുന്നില്ലെന്നു അവര്‍ സി.ബി.ഐ കോടതിയില്‍ പറഞ്ഞു.
അടുക്കളയുടെ ഭാഗത്താണ് സി.സെഫി താമസിച്ചിരുന്നത്. പ്രാര്‍ത്ഥനയ്ക്കായി വൈദികര്‍ മഠത്തില്‍ പലപ്പോഴും വരാറുണ്ടായിരുന്നുവെന്നും അവര്‍ മുന്‍പ് സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയും അവര്‍ തിരുത്തി.
കേസില്‍ മൊഴിമാറ്റുന്ന മൂന്നാമത്തെ സാക്ഷിയാണിത്. നേരത്തെ നാലാം സാക്ഷി സഞ്ജു പി.മാത്യൂവും അമ്പതാം സാക്ഷി സി.അനുപമയും മൊഴിമാറ്റിയിരുന്നു. സംഭവ ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടുവെന്ന മൊഴിയാണ് അനുപമ തിരുത്തിയത്. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കിണറ്റില്‍ എന്തോ വീഴുന്നത് കേട്ടുവെന്ന മൊഴിയും തിരുത്തി. അസ്വഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നായിരുന്നു കോടതിയില്‍ പറഞ്ഞത്. ഒന്നാം പ്രതിയായ വൈദികന്റെ വാഹനം മഠത്തിന്റെ മതിലിനു സമീപം കണ്ടുവെന്ന മൊഴിയാണ് നാലാം സാക്ഷി സഞ്ജു പി. മാത്യൂ തിരുത്തിയത്. കൂറുമാറ്റം ശക്തമായതോടെ കോടതിയും ഇടപെട്ടിരുന്നു. വിചാരണ വേഗത്തില്‍ തീര്‍ക്കാന്‍ രാവിലെ 10 മണിക്കാണ് കോടതി ചേരുന്നത്.
അതേസമയം, കേസിലെ മറ്റൊരു സാക്ഷിയായ ഷമീര്‍ മുന്‍ അന്വേഷണ സംഘമായ ക്രൈംബ്രാഞ്ചിനെതിരെ സി.ബി.ഐയ്ക്ക് നല്‍കിയ മൊഴി കോടതിയിലും ആവര്‍ത്തിച്ചു. കേസിലെ അഞ്ചാം സാക്ഷിയാണ് ഷമീര്‍. കോണ്‍വെന്റില്‍ നിന്നും കേസിലെ മറ്റൊരു സാക്ഷിയായ അടയ്ക്കാ രാജു മോഷ്ടിച്ച ചെമ്പ് താനാണ് വാങ്ങിയതെന്ന് ആക്രി കച്ചവടം നടത്തുന്ന ഷമീര്‍ വിചാരണയ്ക്കിടെ കോടതിയില്‍ അറിയിച്ചു. മോഷണത്തിനിടെ രാജുവാണ് സി.അഭയയെ കൊന്നതെന്ന് പറയണമെന്ന് തന്നോട് ം്രൈബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. മൊഴി പറയുന്നതിന് വേണ്ടി ക്രൈംബ്രാഞ്ച് തന്റെ സഹോദരനെ മര്‍ദ്ദിച്ചുവെന്നും ഷമീര്‍ മൊഴി നല്‍കി.
മോഷണത്തിനെത്തിയ താന്‍ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയും മഠത്തിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്നു അടയ്ക്കാ രാജു നേരത്തെ മൊഴി നല്‍കിയിരുന്നു. കൊലപാതകം ഏറ്റെടുത്താല്‍ തനിക്ക് രണ്ടു ലക്ഷം രൂപ നല്‍കാമെന്നും കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചുവെന്നും രാജു മൊഴി നല്‍കിയിരുന്നു.
എട്ടം സാകഷ്ഷിയും കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെമുന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എം.എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ എന്നിവരും പ്രോസിക്യുഷന് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ട്.
അഭയയുടെ യഥാര്‍ത്ഥ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് നശിപ്പിച്ച് മറ്റൊന്ന് തയ്യാറാക്കാന്‍ അന്നത്തെ എഎസ്‌ഐ വി വി അഗസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് തോമസിന്റെ മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം മഠത്തില്‍ എത്തിയപ്പോള്‍ ഒരു കോടാലിയും രണ്ട് ചെരുപ്പും വാട്ടര്‍ ബോട്ടിലും അടുക്കളയുടെയും കിണറിന്റെയും സമീപം കണ്ടിരുന്നുവെന്നും തോമസ് മൊഴി നല്‍കിയിട്ടുണ്ട്. സിബിഐ പ്രതിചേര്‍ത്ത വി വി അഗസ്ത്യന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നതായാണ് സാക്ഷി വര്‍ഗീസ് ചാക്കോ മൊഴി നല്‍കിയത്. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ. പത്ത് ഫോട്ടോകള്‍ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാല്‍, ആറെണ്ണം മാത്രമാണ് കോടതിയില്‍ എത്തിയത്. ബാക്കി നാല് ഫോട്ടോകള്‍ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വര്‍ഗീസ് ചാക്കോയുടെ മൊഴിയിലുണ്ടായിരുന്നു.
2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.