Fri. Mar 29th, 2024

കേരളത്തിൽ സകല പാർട്ടികളിലും സംഘികൾ പെരുകുന്നു. ഗീതാ ഗോപി എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധികലശം’ നടത്തി യൂത്ത് കോണ്‍ഗ്രസിന്റെ ജാതിഅധിക്ഷേപം. സംഘിസം ഒരു ആശയമാണ് പുനരുത്ഥാന കേരളത്തിലെ സകലരിലേക്കും സാംസ്‌കാരിക അധിനിവേശം നടത്തിക്കഴിഞ്ഞ അത് ഒരു സാംക്രമിക രോഗംപോലെ പടർന്നുപിടിക്കുകയാണ്.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടിക എംഎല്‍എയായ ഗീതാഗോപി കുത്തിയിരിപ്പ് സമരം നടത്തിയ ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എ സമരമിരുന്നത്. ദളിത് എംഎല്‍എയായ ഗീതാ ഗോപിയെ ജാതീയമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ചാണകവെള്ളം തളിച്ചതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി വി അശോകന്‍ പറഞ്ഞു.

ചാണകവെള്ളം തളിക്കുന്നതിന് നേതൃത്വം നല്‍കിയ ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം സുജിത്കുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് എന്നിവര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് എഐവൈഎഫ് ചേര്‍പ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ ഷിഹാബ് പറഞ്ഞു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയും സിപിഐയും പരാതി നല്‍കും.

ഇന്നലെ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നാട്ടുകാര്‍ നേരത്തെ ഗീത ഗോപി എംഎല്‍എയെ വഴിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിലെത്തി എംഎല്‍എ പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാറപ്പൊടിയിറക്കി കുഴി മൂടിയതോടെയാണ് എംഎല്‍എ സമരം അവസാനിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി പ്രാകൃതവും അപലപനീയവുമാണെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍, ജനറല്‍ സെക്രട്ടറി അഡ്വ പി വസന്തം എന്നിവര്‍ അഭിപ്രായപ്പെട്ടു. ജനോപകാരപ്രഥമായ കാര്യത്തില്‍ പ്രതികരിച്ച എംഎല്‍എക്കെതിരെ ജാതീയമായ തരത്തില്‍ അധിക്ഷേപിച്ചതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.