CPI ദേശീയ സെക്രട്ടറിയുടെ പേരെന്താണ് ? ഡി. രാജ എന്നാണ്. അദ്ദേഹത്തിൻറെ അച്ഛൻറെ പേര് ദൊരൈ സ്വാമി എന്നാണ്. ഭാര്യ മലയാളിയായ ആനി രാജയും. അദ്ദേഹം മതവിശ്വാസിയോ ദൈവ വിശ്വാസിയോ അല്ല. ദൊരൈ സ്വാമിരാജ എന്നാണ് ഒഫീഷ്യൽ പേരെങ്കിലും ഡി.രാജ എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ സംഘികൾ ഇന്നദ്ദേഹത്തെ മതം മാറ്റിയിരിക്കുകയാണ്.ബിജെപിയുടെ മലയാളത്തിലെ ഔദ്യോഗിക മുഖപത്രമായ ‘ജന്മഭൂമി’യിൽ ഇന്ന് ഡാനിയേൽ രാജ ആക്കിയിരിക്കുകയാണ് അദ്ദേഹത്തെ.
എതിരഭിപ്രായംപറയുന്നവരുടെ ജാതിയും മതവും തിരഞ്ഞുപോകുന്ന സംഘി മാധ്യമങ്ങൾ അവർ മതവിശ്വാസികൾ അല്ലെങ്കിലും അവരുടെ ജാതിയും മതവുമൊക്കെ വലിച്ച് പുറത്തിടുകയും അവർ ഹിന്ദുക്കളെങ്കിൽ ദളിതരാണോ എന്നന്വേഷിച്ച് ദളിതരായവരെയെല്ലാം ക്രിസ്ത്യാനികളാക്കുകയും അപ്പൻറെ പേര് മാറ്റുകയും പേരിനൊപ്പം ക്രിസ്ത്യൻ പേര് ചേർക്കുകയും ചെയ്യുന്ന കലാപരിപാടി കുറച്ചുകാലമായി തുടർന്നുവരികയാണ്.
ചലച്ചിത്ര സംവിധായകൻ കമലിനെ കമാലുദീനാക്കിയും, നടൻ വിജയ് നെ ജോസഫ് വിജയ് ആക്കുകയും ചെയ്തവർ ശബരിമല വിഷയത്തിന് ശേഷം കവിതയെ കവിതാ കോശിയാക്കുകയും ലിബിയെ ലിബി സെബാസ്റ്റ്യൻ ആക്കുകയും ചെയ്തവർ ബിന്ദു തങ്കം കല്യാണിയെ മതം മാറ്റി ബിന്ദു സക്കറിയ ആക്കുകയും മഞ്ജുവിനെ മതം മാറ്റി മഞ്ജു ജോസഫ് ആക്കുകയും ചെയ്തിരുന്നു. ഇതിൽ മഞ്ജു ഒരു ചാനൽ ചർച്ചയിൽ തന്നെ ഈ പേരുവിളിച്ച ഒരു സംഘിണിയോട് “ഞാൻ പുലയ സമുദായ അംഗവും എന്റെ പിതാവിന്റെ പേര് വാസുദേവൻ എന്നാണെന്നും എന്നെ മതം മാറ്റാനും എൻറെ അച്ഛനെ മാറ്റാനും നിനക്കാരാണ് അധികാരം തന്നത്? ഇതിന് സമാധാനം പറഞ്ഞിട്ടു നീ പോയാൽമതി” എന്ന് ദേഷ്യപ്പെടുകയും അവർ മാപ്പുപറയുകയും ചെയ്തത് ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്.
ഇന്നിപ്പൊഴിതാ മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചവർ കഴിഞ്ഞദിവസംവരെ രാജ്യസഭാ അംഗവും ഇപ്പോൾ സിപിഐ ദേശീയ ജനറൽ സെക്രട്ടറിയുമായ ഡി. രാജയെ മതം മാറ്റുകയും അദ്ദേഹത്തിൻറെ പിതാവിനെ മാറ്റുകയും ചെയ്തിരിക്കുകയാണ്. മഞ്ജു മുതൽ ഡി.രാജ വരെ ഇവർ മതം മാറ്റുന്നവരെല്ലാം ദളിതരാകുന്നത് എന്തുകൊണ്ടാണ്? ദളിതർക്ക് മതസ്വാതന്ത്ര്യം ഇല്ലേ? ദളിതന്റെ മതമൊക്കെ തമ്പ്രാൻ തീരുമാനിച്ചോളാം എന്ന പഴയ മാടമ്പി മനോഭാവമോ? അതോ മൊത്തം മാമോദീസ മുക്കാൻ സംഘി മാധ്യമങ്ങൾക്ക് ഫണ്ട് കിട്ടുന്നുണ്ടോ എന്നറിയില്ല.ഇന്നത്തെ ജന്മഭൂമി പത്രത്തിൽ ദൊരൈസ്വാമി രാജ എന്ന ഡി.രാജയെ, ഡാനിയേൽ രാജയാക്കി മാമോദീസ മുക്കിയിരിക്കുകയാണ്.