ഗീത ഗോപി എം.എല്‍.എ.യ്‌ക്കെതിരെ ചാണകം തളിച്ച് ജാതീയമായി അധിക്ഷേപിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരു എം.എല്‍.എ. ആയിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റ കൃത്യവുമാണ്.
നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത്തരക്കാരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നത്. അയിത്ത മനസ് തിരിച്ചു വരുന്നതില്‍ ആശങ്കയുണ്ട്. ഇതിനെതിരെ ശക്തമായി അപലപിക്കുന്നതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടിക എംഎല്‍എയായ ഗീതാഗോപി കുത്തിയിരിപ്പ് സമരം നടത്തിയ ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്.ചാണകവെള്ളം തളിക്കുന്നതിന് നേതൃത്വം നല്‍കിയ ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം സുജിത്കുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് എന്നിവരാണ്.ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയും സിപിഐയും പരാതി നല്‍കിയിട്ടുണ്ട്.