അമ്പൂരിയില്‍ പൂവാര്‍ സ്വദേശിനിയായ യുവതി യുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം. പൂവാര്‍ സി.ഐ: രാജീവ്, എസ്.ഐ: സജീവ് എന്നിവരുടെ നേതൃത്വത്തില്‍ ആറ് പോലീസുകാരടങ്ങുന്നതാണ് അന്വേഷണസംഘം. കേസില്‍ പിടിയിലായ ആദര്‍ശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഈമാസം അഞ്ചിനു ശസ്‌ത്രക്രിയക്കു വിധേയനായി വിശ്രമത്തിലായിരുന്നആദര്‍ശിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസിനായിട്ടില്ല. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി അഖില്‍ നായര്‍ ജമ്മു കശ്‌മീരിലെ ലഡാക്കിലുള്ളതായണ് സൂചന. എന്നാൽ ഇയാൾ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച രാഖിമോളുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
ആസൂത്രിത കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. മുഖ്യപ്രതി യുവതിയുടെ കാമുകനും സൈനികനുമായ അമ്പൂരി സ്വദേശി അഖില്‍ നായര്‍.എന്നയാളും സഹോദരന്‍ രാഹുലും ഒളിവിലാണ്. കൊലപാതകത്തിനു സഹായിച്ച അഖിലിന്റെ സുഹൃത്ത് ആദര്‍ശിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ആദര്‍ശിനെ ചോദ്യം ചെയ്‌തതില്‍നിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദര്‍ശാണ് മൃതദേഹം കുഴിച്ചിട്ട സ്‌ഥലം പോലീസിനു കാട്ടിക്കൊടുത്തത്.
എന്നാല്‍ താന്‍ രാഖിയെ കൊന്നിട്ടില്ലെന്നും, ഒളിവിലല്ലെന്നും അവകാശപ്പെട്ട് സൈനീകകേന്ദ്രത്തിൽനിന്നെന്ന വ്യാജേന അഖിൽ ഒരു മാധ്യമ പ്രവര്‍ത്തകനോട് ഫോണിൽ സംസാരിച്ചിരുന്നു.. പിതാവ് രാജപ്പന്‍ നായരോട് ഫോണില്‍ സംസാരിക്കുന്നതിനിടെ അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുകയായിരുന്നു അഖില്‍.
ഇപ്പോള്‍ ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടന്‍ പൊലീസിനു മുന്നില്‍ ഹാജരാകുമെന്നും ആണ് അഖില്‍ പറഞ്ഞത്.രാഖിയെ ജൂണ്‍ 21ന് കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവള്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാതെ എന്റെ പുറകെ നടക്കുകയായിരുന്നു. ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27 ന് വൈകിട്ട് 7ന് രാജധാനി എക്‌സ്പ്രസില്‍ യാത്രതിരിച്ചു ഡല്‍ഹിയിലെത്തി 29നു യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു’ – എന്നാണ് അഖില്‍ പറഞ്ഞത്.
എന്നാൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികന്‍ അഖില്‍ ആര്‍ നായര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെന്നാണ് പൊലീസ് നിഗമനം. അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് അഖില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാകിലെ സൈനിക കേന്ദ്രത്തില്‍നിന്നെന്ന വ്യാജേന അഖില്‍ ഫോണില്‍ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
പൂവാര്‍ പുത്തന്‍കടയില്‍ തട്ടുകട നടത്തുന്ന ജോയിഭവനില്‍ രാജന്റെയും പരേതയായ ഡെയ്‌സിയുടെയും മകളാണ് കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്ന രാഖിമോള്‍. കഴിഞ്ഞമാസം 21 മുതല്‍ രാഖിമോളെക്കുറിച്ചു വീട്ടുകാര്‍ക്കു വിവരമൊന്നുമില്ലായിരുന്നു. അഖിലിന്റെ അമ്പൂരി തട്ടാന്‍മുക്കിലെ പുതുതായി പണികഴിപ്പിച്ച വീടിനു പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്.
പോലീസ് പറയുന്നതിപ്രകാരമാണ്: മിസ്‌ഡ് കോളിലുടെ പരിചയപ്പെട്ട അഖിലും രാഖിയും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായ അഖില്‍ ആ പെണ്‍കുട്ടിയുമായി വിവാഹത്തിനൊരുങ്ങിയതോടെ രാഖിയുമായി തെറ്റി. പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് അഖിലുമായുള്ള പ്രണയം രാഖി അറിയിച്ചതോടെ ആ വിവാഹം മുടങ്ങി. ഇതോടെ രാഖിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച അഖില്‍ സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരുടെ സഹായം തേടി. തുടര്‍ന്നു മൂന്നുപേരും ഗൂഢാലോചന നടത്തി രാഖിയെ കൊന്നു കുഴിച്ചുമൂടുകയായിരുന്നു.
കുഴി നേരത്തെതന്നെ തയാറാക്കിയിരുന്നതായും കുഴിച്ചുമൂടിയശേഷം പുരയിടം മൊത്തം കിളച്ചുവാഴ നട്ടതായും പിടിയിലായ ആദര്‍ശ് പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞമാസം 21ന് തന്റെ പുതിയ വീടു കാണിക്കാനെന്ന വ്യാജേനെ രാഖിയെ കാറില്‍ അമ്പൂരിയിലേക്ക് വിളിച്ചുകൊണ്ടുവന്ന അഖില്‍ പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. രാഖി വിസമ്മതിച്ചതോടെ കാറിനുള്ളില്‍വച്ചുതന്നെ അഖില്‍ രാഖിയുടെ കഴുത്ത് ഞെരിച്ചു കൊന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് രാഖിയുടെ വസ്‌ത്രങ്ങള്‍ ഊരിമാറ്റി മൃതദേഹത്തില്‍ ഉപ്പ് വിതറി നേരത്തെ തയാറാക്കിയിട്ടിരുന്ന കുഴിയില്‍ മൂടുകയായിരുന്നുവെന്നും ആദര്‍ശ് പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞമാസം 18ന് ജോലി സ്‌ഥലത്തുനിന്നു വീട്ടിലെത്തിയ രാഖി തന്നെ സ്‌നേഹിക്കുന്ന ഒരാളുണ്ടെന്നും അയാളെ കാണാനാണ് എത്തിയതെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരം രാഖിയെ കാണാതായശേഷം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. 21 ന് കൊച്ചിയിലേക്കുപോയ രാഖി വീട്ടിലേക്ക് വിളിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോലി സ്‌ഥലത്തെത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്നു വീട്ടുകാര്‍ പൂവാര്‍ പൊലീസില്‍ പരാതി നല്‍കി.
രാഖിയുടെ സ്വിച്ച് ഓഫ് ചെയ്‌തിരുന്ന മൊബൈല്‍ ഇടക്ക് ഓണായതോടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ രാഖി നിരന്തരമായി വിളിച്ചിരുന്നു എന്നു കണ്ടെത്തിയത്.
ഒരുമാസത്തോളം പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ ആദര്‍ശിനെ കസ്‌റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കൊലപാതകത്തിനുശേഷം ഡല്‍ഹിയിലേക്കുപോയ അഖില്‍ ജോലി സ്‌ഥലത്തെത്തിയിട്ടില്ലെന്നാണ് വിവരമെന്നും ഇയാളെ കണ്ടെത്താനും പിടികൂടാനും ആര്‍മി ഉദ്യോഗസ്‌ഥരുടെ സഹായം തേടിയതായി പൂവാര്‍ സി.ഐ: രാജീവ് പറഞ്ഞു.