Fri. Nov 20th, 2026

യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ നാരായണൻ വി.കെ.യ്ക്കെതിരെ സംഘികളുടെ വൃണക്കേസ്! ദൈവ സംരക്ഷകർ യുക്തിവാദികളിൽ നിന്ന്‌ ദൈവത്തെ രക്ഷിച്ചെടുക്കാൻ പെടാപ്പാട് പെടുന്നതിനിടയിൽ വീണ്ടും ഒരു വൃണക്കേസ് കൂടി സംജാതമായിരിക്കുകയാണ്…!

കേന്ദ്ര ഗവൺമെൻറ് ഉദ്യോഗസ്ഥനും യുക്തിവാദിയും ബ്രഹ്മാനന്ദ ശിവയോഗിയുടെ അനുഭാവിയും സാമൂഹ്യ പ്രവർത്തകനും ആനിമൽ ആക്ടിവിസ്റ്റുമായ നാരായണൻ വി.കെ.യ്ക്കെതിരെയാണ് അയ്യപ്പനെ അപമാനിച്ചതിന് കേസ്.

നാരായണൻ വി.കെ ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റ് കണ്ട ബിജെപിയുടെ പാപ്പനംകോട് ബൂത്ത് പ്രസിഡന്റ് ശ്രീപ്രകാശിന്‌ മതവികാരം വൃണപ്പെട്ടെന്നുകാണിച്ച് തിരുവനന്തപുരം സിറ്റിപൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നെങ്കിലും പൊലീസിന് വൃണക്കേസിൽ താത്‌പര്യമില്ലാതിരുന്നതിനാൽ കേസെടുത്തില്ല. തുടർന്ന് വൃണിതൻ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികോടതിയിൽ ഐപിസി 295, 295(A) എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സിഎംപി ഫയൽ ചെയ്യുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

2018 സെപ്തമ്പറിൽ അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണു ബിജെപി പ്രാദേശിക നേതാവിൻറെ വൃണം പൊട്ടാൻ ഇടയാക്കിയത്.

“തോൽവിക്ക് കാരണമന്വേഷിച്ച് ഇടതു പക്ഷം വിഷമിക്കേണ്ട. മതങ്ങളെ പാലും തേനും കൊടുത്ത് വളർത്തുമ്പോൾ തിരിഞ്ഞു കൊത്തുമെന്ന് ആലോചിക്കണം. മതമില്ലാത്തവരെ വളർത്തൂ. അതിനായി ശിവയോഗിയുടെ പുസ്തകങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തൂ. നിരീശ്വരവാദം പ്രചരിപ്പിക്കൂ. ജനങ്ങളുടെ ചിന്താഗതി മാറുമ്പോൾ കമ്മ്യൂണിസം വളരും”.-ഇതാണ് ബിജെപി നേതാവിന് വൃണം പൊട്ടിയ ഒരു പോസ്റ്റ്.

വർഷങ്ങൾക്ക് മുൻപുതന്നെ ആലത്തൂരിലെ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശ്രമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാരായണൻ വി.കെ. യ്ക്ക് ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങൾ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിടാൻ ബിജെപി ബൂത്ത്‌ പ്രസിഡന്റിന്റെ പെർമിഷൻ വാങ്ങണമെന്ന് കോടതി ഉത്തരവുണ്ടാകണമെന്നാണോ ആവലാതിക്കാരൻറെ ആവശ്യം? ശബരിമല വിധി വരുന്നതിനുമുൻപും നാരായണൻ വി.കെ യുടെ പോസ്റ്റുകൾ ഇതേ ആശയങ്ങൾ തന്നെയായിരുന്നു എന്ന് അദ്ദേഹത്തിൻറെ ടൈം ലൈൻ പരിശോധിച്ചാൽ മനസിലാകും. ആചാര സംരക്ഷകർ ഇപ്പോൾ ദൈവത്തെ രക്ഷിക്കാൻ യുക്തിവാദികളുടെ പ്രൊഫൈലിൽ നിരങ്ങിനടക്കുന്നതിനാൽ ആദ്യമായി ഇതൊക്കെ കണ്ടപ്പോൾ തോന്നിയ ഒരു അസ്കിതയാണ്. ഹിന്ദുത്വത്തിന്റെ മൊത്തക്കച്ചവടക്കാരാണെങ്കിലും ബൂത്ത് പ്രസിഡന്റും തുണ്ടടി റിപ്പോർട്ടറും ബ്രഹ്മാനന്ദ ശിവയോഗി എന്നൊക്കെ ആദ്യമായി കേൾക്കുകയാണെന്ന് തോന്നുന്നു.

ഫെയ്‌സ് ബുക്കിലൂടെ നാരായണൻ മുന്നോട്ട് വയ്ക്കുന്ന ആശയം. മന്ത്രി കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിക്കുന്ന തരത്തിലാണ്എന്ന് സംഘികളും അവരുടെ തുണ്ടടി മാധ്യമവും വേവലാതിപ്പെടുന്നു. “മല കയറുന്ന യുവതിക്ക് സുരക്ഷ നൽകാൻ ബുദ്ധിമുട്ടാണെങ്കിൽ നടയടച്ചിടുക. ആണിനും പെണ്ണിനും തുല്യനീതി കൊടുക്കാനാവാത്ത സർക്കാർ നവോത്ഥാനത്തെ കുറിച്ച് മിണ്ടരുത്. വർഗ്ഗീയ പാർട്ടിയും നിങ്ങളും തമ്മിൽ മത വിഷയത്തിൽ ഒരു വ്യത്യാസവുമില്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞല്ലൊ. ഇനി യുവതികൾ ആരെങ്കിലുമൊക്കെ ശബരിമലയിൽ കേറണേ. ഇതിങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത് നവോത്ഥാന കേരളത്തിന് നാണക്കേടാണ്-എന്നിങ്ങനെയുള്ള ” അദ്ദേഹത്തിൻറെ കുറിപ്പുകളും കമന്റുകളും എല്ലാം കേന്ദ്ര ഇന്റലിജന്റ്‌സ് വകുപ്പ് ഗവേഷണം നടത്തിക്കൊണ്ടിരിക്കുയാണെന്നും ഇതെല്ലാം പരിശോധിച്ച് കേന്ദ്ര ഇന്റലിജൻസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകും കേന്ദ്ര ഇന്റലിജന്റ്‌സ് വകുപ്പ് മേധാവി തുണ്ടടി മാധ്യമ റിപ്പോർട്ടറെ രഹസ്യമായി അറിയിച്ചത്രെ.

“കക്കൂസിൽ പോകുന്ന ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ.അതുകൊണ്ട് ‘തത്വമസി’ എന്ന ബോർഡ് മാറ്റി ‘ജെൻസ് ടോയിലറ്റ്’ എന്ന് ആക്കിയാൽ വേണമെങ്കിൽ യുവതികളെ വിലക്കാം’ അല്ലാതെ ഇൻഡ്യൻ ഭരണഘടനയനുസരിച്ച് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്താൻ യാതൊരു നിർവഹവുമില്ലെ”ന്ന 2018 സെപ്തമ്പറിലെ അദ്ദേഹത്തിൻറെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പുകണ്ടാണത്രെ പാപ്പനം കൊടത്തെ ബൂത്ത് പ്രസിഡന്റിന് വികാര വൃണം പൊട്ടിയത്.

തുടർന്ന് “വി.കെ. നാരായണൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുകൾ ഒരു പഠനം” എന്ന വിഷയത്തിൽ ആചാരസംരക്ഷകരും മേൽപ്പടി തുണ്ടടി മാധ്യമവും നടത്തിയവിശ്ലേഷണ സംശ്ലേഷണ പഠനത്തിനിടയിലാണ് ദൈവത്തെയും ഹിന്ദുമതത്തെയും തകർക്കുന്ന കൂടുതൽ ഫെയ്‌സ്‌ബുക്ക്‌ ബോംബുകൾ കണ്ടെത്തിയത്.

ആർബിഐ ഉദ്യോഗസ്ഥനായ അദ്ദേഹത്തിൻറെ ജോലി കളയുകയാണ് ദൈവസംരക്ഷകരുടെ ലക്‌ഷ്യം. എന്ന് ‘അയ്യപ്പപണി’കളുടെ ക്വട്ടേഷൻ ഏറ്റെടുത്തിട്ടുള്ള ഓൺലൈൻ മാധ്യമം ‘അയ്യപ്പനോട് കളിച്ചാൽ ഇങ്ങനെയിരിക്കു’മെന്ന് പ്രഖ്യാപിച്ച്കൊണ്ട് ഇറക്കിയിട്ടുള്ള തുണ്ട് വാർത്താ വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. ആചാരസംരക്ഷകരുടെ ആഗ്രഹമെന്നോണം “ഈ പോസ്റ്റിട്ട ആർബിഐ ഉദ്യോഗസ്ഥനും രഹ്നാ ഫാത്തിമയെ പോലെ ജോലി നഷ്ടമായേക്കും” എന്നൊരു മുൻവിധിയും വൃണവാർത്തയോടൊപ്പം ഈ മാധ്യമം നടത്തിയിട്ടുണ്ട്.

മുപ്പത്തിമുക്കോടി ദൈവങ്ങളും അവരുടെയെല്ലാം പേരിൽ പൊട്ടക്കഥകളുമുള്ള ഒരു മതത്തിൻറെ ദൈവങ്ങളെയും ആചാരങ്ങളെയും മറ്റൊരാൾ അംഗീകരിക്കണമെന്ന വിചിത്രമായ വാദമാണ്.പല വൃണക്കേസുകൾക്കും ആധാരം. ദൈവമല്ലാത്ത എന്തെങ്കിലും സാധനം ഉണ്ടോ ആവോ? ഈ പൊട്ടക്കഥകളിലും ദൈവങ്ങളിലും വിശ്വാസമില്ലാത്തവർക്കും ഇവിടെ ജീവിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്.അതെല്ലാം കേട്ടാലും കണ്ടാലും ഉടനെ വൃണം പൊട്ടുന്നത് വേറെ അസുഖമാണ്. വൃണത്തിന് സർക്കാരാശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാണ്!

ഇത്തരത്തിൽ സർക്കാർ ജോലിയുള്ള വിരുദ്ധാഭിപ്രായക്കാരെ തിരഞ്ഞുപിടിച്ച് വൃണകേസുകൾ നൽകി ഒതുക്കിക്കളയാം എന്ന പഴയ കോടതിവരാന്ത നിരങ്ങിയിരുന്ന ചില ചൂദ്ര മാടമ്പിമാരുടെ പുതിയകാല സന്തതികളുടെ കുടിലതയിൽ അകപെടുന്നവരെ, ‘അതവരുടെ സ്വന്തം കാര്യമല്ലേ’ എന്ന് നിസാരവൽക്കരിച്ച് കാണാതെ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകാൻ മതേതര വാദികൾ സന്നദ്ധരാകേണ്ടതാണ്.